'ആന്റി ക്രൈസ്റ്റ്' തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഏറ്റവും കൂടുതല്‍ കാണികളെ ആകര്‍ഷിച്ച സിനിമയായിരുന്നു. പ്രേക്ഷകരുടെ ആവശ്യം പരിഗണിച്ച് പ്രത്യേകം പ്രദര്‍ശനംപോലും സംഘാടകര്‍ അനുവദിച്ചു. ഈ സിനിമയും ക്രിസ്തുവുമായുള്ള ബന്ധമെന്താണെന്ന് ആരും സംശയിക്കാം. സിനിമയുടെ സംവിധായകന്‍ (Lars Von Trier) ക്രിസ്തുവുമായോ ക്രിസ്ത്യാനിറ്റിയുമായോ ഒരു സമരം പ്രഖ്യാപിക്കുകയാണോ ഈ സിനിമയില്‍?
ജര്‍മന്‍ തത്വചിന്തകനായ നീഷെയുടെ പ്രസിദ്ധമായ കൃതിയാണ് 'ആന്റി ക്രൈസ്റ്റ്'. നീഷെ അസ്തിത്വവാദിയും നിഷേധിയും അരാജകവാദിയുമായിരുന്നു. ദൈവത്തിനുപകരം അതിമാനുഷന്‍ (super man) എന്ന സങ്കല്പം നീഷെ അവതരിപ്പിക്കുകയുണ്ടായി. മതപുരോഹിതന്മാരുടെ രക്തം പുരണ്ട ജര്‍മന്‍ തത്വചിന്തയോടുള്ള വിയോജിപ്പാണ് നീഷെയുടെ ആന്റി ക്രൈസ്റ്റിന്റെ ചാലകശക്തിയായത്. ദുര്‍ബലരുടെയും രോഗികളുടെയും ദൈവത്തെ നീഷെ വെറുത്തു. പകരം കരുത്തിനെയും ഇഛാശക്തിയെയും ആരാധിച്ചു. ശരി/തെറ്റ് ദ്വന്ദത്തെ പ്രശ്നവല്‍ക്കരിച്ചു. നന്മയും തിന്മയും അശക്തരുടെ പിടിവള്ളികള്‍ മാത്രമാണെന്ന് നീഷെ കരുതി. 'നന്മ വ്യക്തിയുടെ ആവശ്യത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് കണ്ടെത്തേണ്ടത്. മറ്റെല്ലാ സന്ദര്‍ഭങ്ങളിലും അത് അപകടത്തിന്റെ ഉറവിടമാണ്.' ഇത്തരമൊരു അസ്തിത്വവാദ-അരാജക ദര്‍ശനത്തിന്റെ ഉപജ്ഞാതാവായിരുന്ന നീഷെയുടെ ഭാഷയും ശൈലിയും തികച്ചും വ്യത്യസ്തവും മൌലികവുമായതിനാല്‍ ലോകവ്യാപകമായി മൌലിക പ്രതിഭയെന്ന അംഗീകാരം അദ്ദേഹം നേടി. ചിന്തയിലെന്നപോലെ യഥാര്‍ഥ ജീവിതത്തിലും ഭ്രമാത്മകത അദ്ദേഹത്തെ പിടികൂടി. രചനകളിലെന്നപോലെ വ്യക്തിജീവിതത്തിലും ഉദാര-അരാജക ലൈംഗികജീവിതം നയിച്ച് സിഫിലിസ് രോഗത്തിനും അടിമപ്പെട്ടു.
ലാര്‍സ് വോണ്‍ ട്രയര്‍ സിനിമയില്‍ മൌലികമായ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ട് പുതിയതരം സിനിമകള്‍ നിര്‍മിക്കുന്ന ഡന്‍മാര്‍ക്കുകാരനായ സംവിധായകനാണ്. സ്വന്തം അച്ഛനാരാണെന്ന് ഇനിയും കണ്ടെത്താന്‍ കഴിയാത്ത വ്യക്തിജീവിതത്തിന്റെ ഉടമയാണ്. ഹൈസ്കൂള്‍ വിദ്യാഭ്യാസകാലംതൊട്ട് സിനിമ നിര്‍മാണത്തിലേര്‍പ്പെട്ട ലാര്‍സിന്റെ പ്രസിദ്ധി 'ലൈംഗിക' കേന്ദ്രിതമായ രചനകളെ ചുറ്റിപ്പറ്റിയാണ്. സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേകം 'ലൈംഗിക സിനിമകള്‍' അദ്ദേഹം നിര്‍മിച്ചിട്ടുണ്ട്.
ലാര്‍സിന്റെ 'ആന്റി ക്രൈസ്റ്റി'ന് നീഷെയുടെ 'ആന്റി ക്രൈസ്റ്റി'നോട് സാദൃശ്യവും കടപ്പാടുമുണ്ട്. ഒരു സര്‍റിയലിസ്റ്റ് പെയിന്റിങ്ങിലെന്നപോലെ ലൈംഗിക ബദ്ധ (sexually tied) ശരീരങ്ങള്‍ ചിതറിക്കിടക്കുന്ന രംഗത്തോടുകൂടിയാണ് സിനിമ ആരംഭിക്കുന്നത്. സിനിമയിലുടനീളം ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന രണ്ടുതരം രംഗങ്ങള്‍ ചിതറിക്കിടക്കുന്നുണ്ട്. ഒന്ന്, സാധാരണ ഏത് സെക്സ് സിനിമയിലുമെന്നപോലെ ലൈംഗിക തൃഷ്ണയെ ശമിപ്പിക്കുകയോ, രമിപ്പിക്കുകയോ ചെയ്യുന്ന ക്രിയകളാണ്. മറ്റൊരുവശം, ലൈംഗിക പ്രക്രിയകളാണെങ്കിലും ബീഭത്സവും ഭയാനകവും ഞെട്ടലുളവാക്കുന്നതുമാണ്. ഇങ്ങനെ ലൈംഗിക ജീവിതത്തിന് രണ്ട് മുഖമുണ്ടെന്നത് പുതിയ അനുഭവമല്ല. കാമുകിയുടെ ചെവിപ്പീളയുടെ ദുര്‍ഗന്ധത്തെക്കുറിച്ച് ബഷീര്‍ പറയുന്നുണ്ട്. ബഷീറിന്റെ 'ശബ്ദങ്ങള്‍' സിനിമയാവുകയാണെങ്കില്‍ ഇതിനേക്കാള്‍ ഭീകരമായ ലൈംഗിക ജീവിതാനുഭവം പ്രദാനം ചെയ്യാന്‍ കഴിഞ്ഞേക്കും.
ദുഃഖിതരായ ദമ്പതികള്‍ കാട്ടിലാണ് ജീവിതമന്വേഷിക്കുന്നത്. സ്വന്തം കുട്ടിയെ ശ്രദ്ധിക്കാന്‍ കഴിയാതെ ലൈംഗിക ക്രിയയിലേര്‍പ്പെടുകയും, പിന്നീട് മകന്റെ നഷ്ടത്തിലുള്ള തീരാദുഃഖം ഒരുവശത്തും ലൈംഗികത്വര ശമിപ്പിക്കാനുള്ള ആര്‍ത്തി മറുവശത്തുമായി അവരുടെ അലച്ചില്‍. ഒരുതരത്തില്‍ അവളുടെ മാത്രം ലൈംഗികത്വരയും മനോവിഭ്രാന്തിയുമാണ് സിനിമ പ്രശ്നവല്‍ക്കരിക്കുന്നത്. അടക്കാനാവാത്ത ലൈംഗിക അഭിനിവേശം അവളെ സ്വന്തം ഹസ്തമൈഥുനത്തിനു മാത്രമല്ല, അവന്റെ ലിംഗത്തില്‍നിന്നും ചോരവരുന്നതുവരെ ഹസ്തമൈഥുനം ചെയ്യാനും പ്രേരിപ്പിക്കുന്നു. സ്വന്തം കൃസരി (clitoris) മുറിക്കുന്നതിലേക്ക് നയിക്കുന്ന തികച്ചും ഭ്രമാത്മകമായ ലൈംഗിക തൃഷ്ണയുടെ പരിസരമാണ് സംവിധായകന്‍ അവളിലൂടെ പ്രക്ഷേപിക്കുന്നത്.
ആദിപാപത്തില്‍ തുടങ്ങി അനന്തമായി നീളുന്ന ലൈംഗിക പാപ കേന്ദ്രിത ക്രിസ്ത്യന്‍ മതാത്മകതയെ പ്രശ്നവല്‍ക്കരിച്ച സോള്‍ടന്‍ ഫാബ്രിയുടെ 'ഉറുമ്പുകളുടെ കൂട്' (Ants' Nest)വര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ടത് ഇപ്പോഴും മനസ്സിലുണ്ട്. കന്യാമഠങ്ങളും പൌരോഹിത്യ വിലക്കുകളും അടിച്ചേല്‍പ്പിക്കുന്ന അജൈവികമായ ജീവിതത്തില്‍ മുഴുകേണ്ടിവരുന്ന സ്ത്രീകളുടെ അമര്‍ത്തപ്പെട്ട വികാരങ്ങളുടെ മനസ്സിനെ മഥിക്കുന്ന രംഗങ്ങളായിരുന്നു ഫാബ്രി ആവിഷ്കരിച്ചത്. കലയിലും സാഹിത്യത്തിലും വ്യത്യസ്തമായ ശൈലികളും പ്രയോഗങ്ങളുമാണ് രചനകളെ ആകര്‍ഷകമാക്കുന്നത്. ഫാബ്രിയുടെ ഉറുമ്പിന്‍കൂടില്‍നിന്ന് ആന്റി ക്രൈസ്റ്റ് അവതരണത്തില്‍ വ്യത്യസ്തമാകുന്നത് അഭിനന്ദനാര്‍ഹമാണ്. എന്നാല്‍ ആന്റി ക്രൈസ്റ്റ് സ്ത്രീയെ എങ്ങനെ അവതരിപ്പിക്കുന്നു എന്നത് ഗൌരവമായ വിമര്‍ശനത്തിന് വിധേയമാക്കാവുന്നതാണ്. സ്ത്രീയുടെ രതിമൂര്‍ഛ (orgasm) രതിനിഷേധത്തിലേക്ക് നയിക്കുന്ന സ്ത്രീപ്രതിനിധാനം ക്രിസ്തീയ പാപബോധത്തേക്കാള്‍ വലിയ ആഘാതമാണ് കാണികളില്‍ ഉളവാക്കുന്നത്. വിരേചനം (catharsis) പലവിധത്തിലുമാവാം. എന്നാല്‍ വിരേചനം അരിസ്റ്റോട്ടില്‍ മുതല്‍ ഒരു പരിഹാരമെന്ന നിലയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്.
പരിഹരിക്കപ്പെടുകയോ പൂര്‍ത്തിയാക്കപ്പെടുകയോ ചെയ്യാത്ത ലൈംഗിക തൃഷ്ണയാണ് ഈ സിനിമയില്‍ സ്ത്രീകഥാപാത്രം പ്രതിനിധാനം ചെയ്യുന്നത്. അവളുടെ കുസൃതികളും പുരുഷനോടുള്ള രോഷവും പീഡനവും ക്രിസ്തുവിനോടൊ പള്ളിയോടൊ പാപദര്‍ശനത്തോടൊ (philosophy of sin) ഉള്ളതായി സങ്കല്‍പ്പിച്ചാല്‍പോലും പുരുഷമനസ്സില്‍ വാജീകരണ ഔഷധങ്ങളുടെ പരസ്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന അങ്കലാപ്പ് തന്നെയാണ് ഉയര്‍ന്നുവരിക. ആധുനികതയില്‍ ആഘോഷിക്കപ്പെട്ട 'നീഷിയന്‍' പുരുഷ കേന്ദ്രിത അരാജക ലൈംഗികതയുടെ മാനംതന്നെയാണ് യഥാര്‍ഥത്തില്‍ ഈ സിനിമ ഉയര്‍ത്തുന്നത്. മറിച്ച് പാപസങ്കല്പത്തിന്റെ ക്രിസ്തീയ അടിത്തറയിളക്കാന്‍ സിനിമയില്‍ ഫാബ്രിയോ, സാഹിത്യത്തില്‍ സാക്കീസോ ചെയ്യുന്നതുപോലുള്ള പ്രതിരോധമായി ഈ സിനിമ മാറുന്നില്ല.
ഖിന്നരും ഹതാശരുമായ ദമ്പതികള്‍ ഏദനിലേക്കാണ് എത്തുന്നത്. ഏദന്‍ ആദിപാപത്തിന്റെ കേന്ദ്രസ്ഥാനമായി ബൈബിള്‍ കേന്ദ്രിതവിശ്വാസം ലോകവ്യാപകമായി പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ ദുഃഖിതരായ ദമ്പതികള്‍ ഏദനില്‍ കൂടുതല്‍ ദുഃഖിതരും പീഡിതരും ആയിത്തീരുകയാണ്. ലൈംഗിക മോഹത്തെയും ക്രിയകളെയും ഇത്രമേല്‍ പാപപങ്കിലവും ബീഭത്സവുമാക്കി അവതരിപ്പിക്കാന്‍ സംവിധായകന്‍ ഏറെ സാഹസപ്പെടുന്നുണ്ട്. വിലക്കപ്പെട്ട കനി വീണ്ടും മനുഷ്യനെ വേട്ടയാടുന്ന ഭീകര സാന്നിധ്യമാക്കി മാറ്റുകയാണ് സിനിമ. സൌന്ദര്യത്തിന്റെ വേറിട്ട അനുഭവം പ്രദാനം ചെയ്യാന്‍ ശ്രമിക്കുമ്പോഴും സ്ത്രീലൈംഗികത അടക്കിയാല്‍ അടങ്ങാത്ത "കടലിലെ ഓള''മാണെന്ന സാമ്പ്രദായിക പുരുഷയുക്തിതന്നെയാണ് സംവിധായകനായ ലാര്‍സ്വോണിനെയും നയിക്കുന്നത്.
ആധുനികാനന്തരം ഉയര്‍ന്നുവന്ന സ്ത്രീപക്ഷ വ്യാഖ്യാനങ്ങളെ മറികടന്നുകൊണ്ട് നാലും ഒന്നും പെണ്ണുങ്ങളെ ഉപയോഗിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ എങ്ങനെയാണോ സ്ത്രീയെ പുരുഷകേന്ദ്രിത പ്രത്യയശാസ്ത്രത്തില്‍ തളച്ചിടുന്നത് എന്നത്പോലെതന്നെ അപഗ്രഥിക്കപ്പെടേണ്ടതാണ് 'ആന്റി ക്രൈസ്റ്റി'ലെ പുരുഷപക്ഷ ലൈംഗിക ധാരണകള്‍. നാലുപെണ്ണുങ്ങള്‍ക്കും പിന്നീട് അവതരിപ്പിച്ച ഒരു പെണ്ണിനും യഥാര്‍ഥത്തില്‍ പുരുഷപക്ഷ കാഴ്ചയുടെ പരിസരംമാത്രം പ്രദാനം ചെയ്യേണ്ടിവരുന്നത് എലിപ്പത്തായങ്ങളില്‍ കുടുങ്ങിപ്പോയ പുരുഷമനസ്സിന് പുതിയ ലോകത്തിലേക്ക് ഓടിക്കയറാന്‍ എളുപ്പമല്ലാത്തതുകൊണ്ടാണ്. എത്രതന്നെ ആധുനീകരണം ഭൌതിക ജീവിത സാഹചര്യത്തില്‍ സംഭവിച്ചാലും, പത്തായങ്ങളും നാലുകെട്ടുകളും പൊളിച്ചു നീക്കിയാലും മനസ്സിനകത്തെ മാറാലകള്‍ അടിത്തട്ടില്‍ ഒട്ടിക്കിടക്കുമെന്ന് ഫ്രോയിഡിന്റെയും മലക്കാന്റെയും ഗ്രാംഷിയുടെയും അന്വേഷണങ്ങളുമായി പരിചയിച്ചവര്‍ക്ക് തിരിച്ചറിയാന്‍ വിഷമമില്ല. അതുകൊണ്ടുതന്നെ ആധുനികാനന്തരം രൂപപ്പെട്ട 'സ്വത്വ'പ്രതിനിധാനത്തെ സംബന്ധിക്കുന്ന സംവാദം ഇനിയും ഏറെ മുന്നോട്ടേക്ക് നയിക്കേണ്ടതുണ്ട്. സ്ത്രീപക്ഷ സിനിമകള്‍ക്കുവേണ്ടി സ്ത്രീകള്‍തന്നെ സംവിധായകരാവുകയും രചനയും സംവിധാനവും നിര്‍വഹിക്കുകയും ചെയ്യേണ്ടത് 'കാഴ്ചകളി'ലെ കാഴ്ചപ്പാടിലന്തര്‍ഭവിച്ച മാറാലകള്‍ തുടച്ചുനീക്കാന്‍ അനിവാര്യമാണ്. മാത്രമല്ല കലാസിനിമകളായാലും കച്ചവടസിനിമകളായാലും സിനിമാരംഗത്ത് സ്ത്രീകളുടെ കൂട്ടായ്മ നേതൃത്വപരമായ പങ്ക് വഹിക്കുന്ന ഒരു സന്ദര്‍ഭം സൃഷ്ടിക്കാന്‍ ഭാവിലോകത്തിന് സാധിക്കുകയാണെങ്കില്‍ പ്രത്യയശാസ്ത്രപരമായി മാത്രമല്ല, ഇടപെടലിന്റെയും ഇടപാടുകളുടെയും തലത്തിലും പുരുഷ കേന്ദ്രിത ലൈംഗികാതിക്രമങ്ങളും ജീര്‍ണതകളും അവസാനിപ്പിക്കാന്‍ കഴിഞ്ഞേക്കും. ആധുനികതയുടെ തിരിച്ചുവരവ് ഹെബര്‍മാസ് കരുതുന്നതുപോലെ പ്രബുദ്ധതയുടെ യുക്തിയല്ല, പകരം മുഖ്യധാര പരിപോഷിപ്പിച്ച അധീശ പ്രത്യയശാസ്ത്രങ്ങളുടെയും അധികാര ദേശീയതകളുടെയും (Authoritarian Nationalism) തിരിച്ചുവരവിനാണ് സാക്ഷ്യം വഹിക്കുക. സ്ത്രീസ്വത്വമെന്നത് പുരുഷമൂല്യങ്ങളുടെയും പ്രതിനിധാനങ്ങളുടെയും മണ്ഡലത്തില്‍നിന്ന് മോചിതമാവണമെങ്കില്‍ സ്ത്രീകള്‍ നിരൂപകരായിമാത്രമല്ല, സംവിധായകരായും രചയിതാക്കളായും സജീവമാകേണ്ടതുണ്ട്. പുരുഷാധിപത്യവും പണാധിപത്യവും നിയന്ത്രിക്കുന്ന സിനിമാലോകത്തെ സ്ത്രീകളുടെ കൈകളിലേല്പിക്കുക എന്ന ദൌത്യം വളരെ എളുപ്പമാണെന്ന് ആരും കരുതാനിടയില്ല. എങ്കിലും ഒരു കാര്യം നമുക്ക് ആഗ്രഹിക്കാം. സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമകളുടെ കാലം വരുമ്പോള്‍ 'കൃസരി' സ്വയം ഛേദിക്കുന്ന സ്ത്രീക്കുപകരം സ്വൈരവും സ്വഛവുമായി സ്വന്തം താല്പര്യവും സമൂഹതാല്പര്യവും പരിഗണിച്ച് ലൈംഗികബന്ധങ്ങളിലേര്‍പ്പെടുന്ന സ്ത്രീപ്രതിനിധാനങ്ങളായിരിക്കും നാം കാണുക. ആധുനികതയുടെ തിരിച്ചുവരവ് ആഘോഷിക്കുകയല്ല വേവലാതിപ്പെടുത്തുകയാണ് വേണ്ടത്.