'ഐറ്റം സോങ്' പ്രകാശ് ഝായുടെ വിക്ക്‌നെസ് ആണ്. കഥ എന്തായാലും താന്‍ സംവിധാനം ചെയ്യുന്ന സിനിമകളില്‍ ഒരു 'ഐറ്റം നമ്പര്‍' പ്രകാശ് ഉള്‍പ്പെടുത്തും. പുതിയ ചിത്രമായ 'രാജ്‌നീതി'യുടെ വിഷയം രാഷ്ട്രീയമാണെങ്കിലും ഇതിലും പതിവ് തെറ്റിച്ചിട്ടില്ല.
ഇത് പക്ഷേ, ഗുണം ചെയ്തിരിക്കുന്നത് ബര്‍ഖ ബിഷ്ടിനാണ്. ടെലിവിഷന്‍ രംഗത്ത് ആറുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന ബര്‍ഖയുടെ സിനിമാമോഹം ഇതുവഴി സഫലമായിരിക്കുകയാണ്.
''രാജ്‌നീതിയിലെ ഐറ്റം സോങ്ങിലൂടെ ഞാന്‍ ബിഗ് സ്‌ക്രീനില്‍ അരങ്ങേറുകയാണ്. ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ നൃത്തം ചെയ്തിട്ടുള്ളതിനാല്‍ സിനിമയിലെ നൃത്തം ചെയ്യാന്‍ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. ഈ സിനിമയുടെ അരങ്ങിലും അണിയറയിലുമുള്ളവരെല്ലാം പ്രശസ്തരാണ്. ഏവരുംകാത്തിരിക്കുന്ന സിനിമയായതിനാല്‍ എന്റെ ഐറ്റം സോങ്ങും തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടും. തിയേറ്ററുകളില്‍ എത്തും എന്നുപോലും ഉറപ്പില്ലാത്ത സിനിമകളില്‍ നായികയാവുന്നതിനേക്കാള്‍ നല്ലത് ഇത്തരം സിനിമകളില്‍ ഐറ്റം റോളില്‍ അഭിനയിക്കുന്നതാണ്''-ബര്‍ഖ പറയുന്നു.
നാനാ പടേക്കര്‍, അജയ്‌ദേവ്ഗണ്‍, രണ്‍ബീര്‍ കപുര്‍, കത്രീന കെയ്ഫ്, മനോജ് ബാജ്‌പേയി, അര്‍ജുന്‍ രാംപാല്‍, നസറുദ്ദീന്‍ ഷാ തുടങ്ങിയവരാണ് 'രാജ്‌നീതിയില്‍ അണിനിരക്കുന്നത്.