പ്രതാപകാലത്ത് യൂറോപ്പിലെ പ്രതിരോധനിരക്കാരുടെ പേടിസ്വപ്നമായിരുന്നു ഇറ്റാലിയന്‍ ഗോളടിവീരന്‍മാരിലെ മുന്നണിപ്പോരാളിയായ സൂപ്പര്‍ പിപ്പോ എന്ന ഫിലിപ്പോ ഇന്‍സാഗി. കടന്നുപോകുന്ന സീസണില്‍ തിരിച്ചടിയുണ്ടായെങ്കിലും കളി നിറുത്തുന്നതിനെക്കുറിച്ചോ
മിലാന്‍ വിട്ടുപോകുന്നതിനെക്കുറിച്ചോ താന്‍ ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
ഇറ്റാലിയന്‍ ഗോളടിവീരന്‍മാരിലെ മുന്നണിപ്പോരാളിയാണ് 'സൂപ്പര്‍ പിപ്പോ' എന്ന പേരിലറിയപ്പെടുന്ന ഫിലിപ്പോ ഇന്‍സാഗി. ഇറ്റാലിയന്‍ വമ്പന്‍മാരായ എ.സി. മിലാന്റെ താരമായ ഇന്‍സാഗിയുടെ പേരില്‍ ഗോള്‍വേട്ടയുടെ ഒട്ടേറെ റെക്കോഡുകളുണ്ട്. പക്ഷേ കടന്നുപോകുന്ന സീസണ്‍ താരം ഓര്‍ക്കാനാഗ്രഹിക്കുന്ന ഒന്നാകില്ല. ഇന്‍സാഗിക്ക് ഈ സീസണില്‍ വെറും നാലു മത്സരങ്ങളില്‍മാത്രമാണ് ആദ്യ ഇലവനില്‍ കളിക്കാനായത്. അവസരങ്ങള്‍ കുറഞ്ഞതിനെത്തുടര്‍ന്ന് കോച്ച് ലിയനാര്‍ഡോയും ഇന്‍സാഗിയുമായുള്ള ബന്ധത്തില്‍ വിള്ളല്‍വീഴുകുയും ചെയ്തു.
പ്രതാപകാലത്ത് യൂറോപ്പിലെ പ്രതിരോധനിരക്കാരുടെ പേടിസ്വപ്നമായിരുന്ന ഇന്‍സാഗി ഈ തിരിച്ചടിയോടെ കളിക്കളം വിടുമെന്നായിരുന്നു പൊതുവെയുള്ള കണക്കുകൂട്ടല്‍. എ.സി. മിലാന്റെ ചരിത്രമെഴുതുമ്പോള്‍ തങ്കലിപികളില്‍ കുറിക്കപ്പെടേണ്ട ഇന്‍സാഗി പക്ഷേ, ഇത്തരം തിരിച്ചടികളില്‍ തളരുന്ന താരമല്ല.
യൂറോപ്യന്‍ ക്ലബ് മത്സരങ്ങളില്‍ ഏറ്റവുമധികം ഗോള്‍ നേടിയതിനുള്ള റെക്കോഡ് റയല്‍ മാഡ്രിഡിന്റെ റൗള്‍ ഗോണ്‍സാല്‍വസിനൊപ്പം (68) പങ്കുവെക്കുന്ന താരമാണ് ഇന്‍സാഗി. കൂടാതെ മിലാനുവേണ്ടി യൂറോപ്യന്‍ മത്സരങ്ങളില്‍ ഏറ്റവുമധികം ഗോളുകള്‍ (39) നേടിയതിന്റെ റെക്കോഡും ഇന്‍സാഗിക്കാണ്.
2007ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരെ ഇരട്ടഗോളുകളുമായി മിലാന് കിരീടം നേടിക്കൊടുത്തതാണ് ഇന്‍സാഗിയുടെ ക്ലബ് കരിയറിലെ പൊന്‍തൂവല്‍.
2005ലെ ചാമ്പ്യന്‍സ്‌ലീഗ് ഫൈനലില്‍ ലിവര്‍പൂളിനെതിരെ എതിരില്ലാത്ത മൂന്നു ഗോളിന് മുന്നിട്ടുനിന്നശേഷം സമനിലവഴങ്ങി ഒടുവില്‍ ഷൂട്ടൗട്ടില്‍ തോല്‍വി വഴങ്ങിയത് മിലാന്‍ കളിക്കാരെയും ആരാധകരെയും ഏറെ നിരാശരാക്കിയിരുന്നു. അന്നത്തെ കണ്ണീരിനാണ് ഇരട്ടഗോളുകളുമായി ഇന്‍സാഗി മറുപടി പറഞ്ഞത്. തന്റെ കരിയറിലെ ഏറ്റവും ആഹ്ലാദം പകര്‍ന്ന നിമിഷമെന്നാണ് ലിവര്‍പൂളിനെതിരായ വിജയത്തെ ഇന്‍സാഗി വിശേഷിപ്പിച്ചത്.
കടന്നുപോകുന്ന സീസണില്‍ തിരിച്ചടിയുണ്ടായെങ്കിലും കളി നിറുത്തുന്നതിനെക്കുറിച്ചോ മിലാന്‍ വിട്ടുപോകുന്നതിനെക്കുറിച്ചോ താന്‍ ചിന്തിച്ചിട്ടില്ലെന്നാണ് അവരുടെ പ്രിയപ്പെട്ട പിപ്പോ പ്രഖ്യാപിച്ചത്. അടുത്ത സീസണ്‍കൂടി മിലാനില്‍ കളിക്കുമെന്ന് താരം ഉറപ്പിച്ചുപറയുന്നു.
ഇനിയും കുറച്ചു റെക്കോഡുകള്‍കൂടി സ്വന്തം പേരിലാക്കാനുണ്ടെന്ന് ഇന്‍സാഗി പറയുന്നു. അടുത്ത സീസണില്‍ കുറച്ചുകൂടി അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയും താരത്തിനുണ്ട്.
മിലാനുമായുള്ള ഇന്‍സാഗിയുടെ കരാര്‍ ഈ സീസണില്‍ അവസാനിക്കും. അടുത്ത ഒരുവര്‍ഷത്തേക്കുകൂടി കരാര്‍ നീട്ടിക്കിട്ടുമെന്ന ഉറച്ച പ്രതീക്ഷതന്നെയാണ് താരത്തിനുള്ളത്.