[tr] [td]നിര്‍ഭാഗ്യവാനായ റണ്‍വേട്ടക്കാരന്‍
അനീഷ് പി. നായര്‍
ഹരിസ് ഷീല്‍ഡ് ക്രിക്കറ്റ് മത്സരത്തില്‍ മുംബൈ ശാരദാശ്രമം വിദ്യാമന്ദിര്‍ സ്‌കൂളിനായി സച്ചിന്‍ തെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയും ബാറ്റിങ്ങിനിറങ്ങുമ്പോള്‍ അടുത്ത ബാറ്റ്‌സ്മാനായി അമോല്‍ മസുംദാര്‍ പാഡ് കെട്ടിയിരുന്നു. എന്നാല്‍, 664 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ട് സൃഷ്ടിച്ച് ഇരുവരും പുറത്താകാതെ നിന്നപ്പോള്‍ അമോല്‍ മസുംദാറിന് ബാറ്റ് ചെയ്യേണ്ടിവന്നില്ല. സ്‌കൂള്‍ ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് മൂവരും വളര്‍ന്നപ്പോഴും ചരിത്രം മറ്റൊരു രൂപത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
സച്ചിനും കാംബ്ലിയും ഇന്ത്യന്‍ ടീമിലെത്തിയപ്പോള്‍, റണ്‍സ് ഒഴുക്കുന്ന ബാറ്റുമായി മസുംദാര്‍ ഇന്ത്യന്‍ ടീമിലേക്ക് വിളികാത്തു നിന്നു. പതിനഞ്ച് വര്‍ഷത്തോളം ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യന്‍ ക്യാപ് മസുംദാറിന് സ്വപ്നമായി. ഒടുവില്‍ കഴിഞ്ഞദിവസം രാജസ്ഥാനെതിരെ അസമിനുവേണ്ടി കളിച്ച് തന്റെ അക്കൗണ്ടില്‍ 35 റണ്‍സ് കൂടി ചേര്‍ത്തപ്പോള്‍ രഞ്ജി ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമെന്ന ബഹുമതി മസുംദാറിന് സ്വന്തമായി. കരിയറിന്റെ അവസാനത്തില്‍ കൈവന്ന റെക്കോഡ് അമോലിനെ സംബന്ധിച്ചിടത്തോളം മധുരതരമായ വേദനയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇങ്ങനെയും സംഭവിക്കുമെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് മസുംദാറിന്റെ ക്രിക്കറ്റ് കരിയര്‍.
രഞ്ജിട്രോഫിയില്‍ അമര്‍ജിത്ത് കൈപെ നേടിയ 7623 റണ്‍സെന്ന റെക്കോഡാണ് അമോല്‍ അനില്‍ മസുംദാറെന്ന മുംബൈ ക്രിക്കറ്റര്‍ മറികടന്നത്. ഗുവാഹാട്ടിയിലെ റെയില്‍വേ സ്റ്റേഡിയത്തില്‍ രാജസ്ഥാനെ നേരിടാന്‍ അസം ടീമിലിറങ്ങുമ്പോള്‍ 35 റണ്‍സ് അകലെയായിരുന്നു റെക്കോഡ്. ആദ്യ ഇന്നിങ്‌സില്‍ 22 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 25 റണ്‍സും സ്വന്തം പേരില്‍ കുറിച്ചാണ് അമോല്‍ ഗ്രൗണ്ടില്‍ നിന്ന് കയറിയത്. എന്നാല്‍, റെക്കോഡ് സ്വന്തമായെങ്കിലും അസമിന്റെ 95 റണ്‍സ് പരാജയം ഒഴിവാക്കാന്‍ അമോല്‍ മസുംദാറിന് കഴിഞ്ഞില്ല.
മികച്ച ഫോമില്‍ കളിക്കുന്ന സമയത്ത് സച്ചിനും ദ്രാവിഡും ലക്ഷ്മണും ഗാംഗുലിയും ഉള്‍പ്പെടുന്ന താരനിബിഡമായ ഇന്ത്യന്‍ മധ്യനിരയില്‍ ഒഴിവില്ലാതിരുന്നതാണ് മസുംദാറിന് വിനയായത്. പുതുമുഖങ്ങള്‍ക്ക് ഇന്നത്തെപ്പോലെ അവസരം നല്‍കാന്‍ അന്നത്തെ സെലക്ഷന്‍ കമ്മിറ്റി ധൈര്യപ്പെടാതിരുന്നതും തിരിച്ചടിയായി. മുംബൈ രഞ്ജി ടീം അംഗമായിട്ടും അവസരം അമോലിന് ലഭിച്ചില്ലെന്നതും ശ്രദ്ധേയമാണ്. 2002ല്‍ ഇന്ത്യന്‍ടീമിലേക്ക് പരിഗണിച്ചവരില്‍ മുമ്പനായിരുന്നു അമോല്‍ മസുംദാര്‍.
1993-'94ല്‍ ഹരിയാണയ്‌ക്കെതിരായ രഞ്ജി പ്രീക്വാര്‍ട്ടറിലാണ് മുംബൈക്കായി അമോല്‍ മസുംദാര്‍ അരങ്ങേറുന്നത്. പുറത്താകാതെ 260 നേടിക്കൊണ്ടുള്ള അരങ്ങേറ്റം ഇന്ത്യന്‍ ക്രിക്കറ്റിലേക്കുള്ള പ്രതിഭയുടെ വരവറിയിക്കലായിരുന്നു. അരങ്ങേറ്റത്തിലെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും ഇതോടെ മസുംദാര്‍ സ്വന്തമാക്കി. അതേ രഞ്ജി ഫൈനലില്‍ മുംബൈക്കായി ഉയര്‍ന്ന സ്‌കോര്‍ നേടിയതും മസുംദാറായിരുന്നു.
കഴിഞ്ഞ ആഗസ്ത് മൂന്നാംവാരം വരെ മുംബൈ ടീമിലെ പതിവുകാരനായിരുന്നു അദ്ദേഹം. മോശം ഫോം കാരണം മുംബൈ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെത്തുടര്‍ന്നാണ് അസം ടീമിനുവേണ്ടി കളിക്കാന്‍ മസുംദാര്‍ തീരുമാനമെടുത്തത്. 15 വര്‍ഷം മുംബൈക്ക് കളിച്ച മസുംദാര്‍ അവരുടെ ഏഴ് രഞ്ജിട്രോഫി വിജയങ്ങളിലെ നിര്‍ണായക ഘടകമായിരുന്നു. 2006-'07 സീസണില്‍ നായകനായി മുംബൈ ടീമിനെ രഞ്ജി വിജയത്തിലേക്ക് നയിക്കാനും മസുംദാറിനായി.
ബാറ്റ്‌സ്മാനായി തിളങ്ങിയ മസുംദാര്‍ നിര്‍ണായക ഘട്ടങ്ങളില്‍ പന്തുകൊണ്ടും ടീമിന്റെ വിജയത്തില്‍ പങ്കാളിയായിട്ടുണ്ട്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 178 വിക്കറ്റുകള്‍ മസുംദാറിന് സ്വന്തമായിട്ടുണ്ട്. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 145 മത്സരങ്ങളില്‍ നിന്നായി 9605 റണ്‍സാണ് മസുംദാറിന്റെ സമ്പാദ്യം. ഇതില്‍ 24 സെഞ്ച്വറികളും 55 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടും. 49.25 ആണ് റണ്‍ ശരാശരി.
മുംബൈ നായകനായിരുന്ന രവി ശാസ്ത്രിയാണ് മസുംദാറിലെ പ്രതിഭയെ കണ്ടെത്തിയതും വളര്‍ത്തിയതും. സാങ്കേതികമായി ഇന്ത്യയിലെ മികച്ച ബാറ്റ്‌സ്മാനാണ് അമോല്‍ മസുംദാര്‍. രാഹുല്‍ ദ്രാവിഡും വി.വി.എസ്. ലക്ഷ്മണും ഇതേ ശൈലി കളിക്കുന്നവരായതും ഇന്ത്യന്‍ ടീമിലേക്കുള്ള മസുംദാറിന്റെ പ്രവേശനത്തെ തടഞ്ഞിട്ടുണ്ട്. ക്ലാസിക് ശൈലിയിലെ ഷോട്ടുകളും മനോഹരമായ സ്‌ക്വയര്‍കട്ട്, കവര്‍ ഡ്രൈവ് എന്നിവയുമാണ് മസുംദാറിന്റെ ബാറ്റിങ്ങിനെ വ്യത്യാസപ്പെടുത്തിയത്. മികച്ച ഫീല്‍ഡര്‍ കൂടിയാണ് മസുംദാര്‍.
സച്ചിനും കാംബ്ലിയും ക്രിക്കറ്റ് പഠിച്ച രമാകാന്ത് അച്‌രേക്കറുടെ കളരിയില്‍ത്തന്നെയാണ് അമോല്‍ മസുംദാറെന്ന ക്രിക്കറ്റ്താരത്തിന്റെ പിറവി. എന്നാല്‍, പ്രതിഭയുണ്ടായിട്ടും ഇരുവര്‍ക്കും ലഭിച്ച ഭാഗ്യം മസുംദാര്‍ക്കുണ്ടായില്ല.
34 വയസ്സ് പിന്നിടുകയും കരിയറില്‍ മോശം കാലത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന അമോല്‍ മസുംദാര്‍ ഈ സീസണോടെ പാഡഴിക്കാനാണ് സാധ്യത. അര്‍ഹതയുണ്ടായിട്ടും ഇന്ത്യന്‍ ക്രിക്കറ്റ് കാണിച്ച നീതികേട് റെക്കോഡുകള്‍ക്കൊപ്പം അമോല്‍ മസുംദാര്‍ക്കൊപ്പം എന്നുമുണ്ടാകും, ഇന്ത്യയില്‍ ക്രിക്കറ്റ് ഉള്ളിടത്തോളം കാലം.
[/td][/tr]