ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മംഗൂസ് ബാറ്റ് വലിയ തരംഗമായില്ലെങ്കിലും ബാറ്റിലെ വിപ്ലവം തീരുന്നില്ല. അലുമിനിയം ബാറ്റുകളാണ് ക്രിക്കറ്റിനെ പരിഷ്കരിക്കാനായി അണിയറയില്‍ ഒരുങ്ങുന്നത്. ‘വൌ’ എന്ന് പേരിട്ടിരിക്കുന്ന അലുമിനിയം ബാറ്റുകള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പകരം ടെന്നീസ് ബോള്‍ ക്രിക്കറ്റിലായിരിക്കും ആദ്യം അരങ്ങേറുക.
നാളെ ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ അലുമിനിയം ബാറ്റുകള്‍ പുറത്തിറക്കും. വ്യോമയാന മേഖലയില്‍ ഉപയോഗിക്കുന്ന ഉന്നത നിലവാരമുള്ള അലുമിനിയം കൊണ്ടാണ് ബാറ്റ് നിര്‍മിച്ചിരിക്കുന്നത്. ഐ ടി എഞ്ജിനീയറായ വിവേക് ലക്കോടിയയാണ് അലുമിനിയം ബാറ്റുകളുടെ ഉപജ്ഞാതാവ്. മരം കൊണ്ടുള്ള ബാറ്റുകളെ അപേക്ഷിച്ച് ഭാരം കുറവായിരിക്കുമെന്നതാണ് അലുമിനിയം ബാറ്റുകളുടെ ഏറ്റവും വലിയ പ്രത്യേകത.
500 മുതല്‍ 800 രൂപ വരെയായിരിക്കും ബാറ്റുകളുടെ വില. മരം കൊണ്ടുള്ള ബാറ്റുകളേക്കാള്‍ അഞ്ചിരട്ടി ആയുസ് ഉണ്ടാവുമെന്നതും വൌ ബാറ്റുകളുടെ പ്രത്യേകതയാണ്. നിലവില്‍ കശ്മീരിലെ വില്ലോ മരങ്ങളുടെ തടി ഉപയോഗിച്ചാണ് ക്രിക്കറ്റ് ബാറ്റുകള്‍ നിര്‍മിക്കുന്നത്.
അലുമിനിയം ബാറ്റ് പ്രചാരത്തിലാവുന്നതോടെ മരങ്ങളുടെ സംരക്ഷണത്തിന് വഴിയൊരുങ്ങുമെന്നും വിവേക് പറയുന്നു. വിവിധ പ്രായപരിധിയിലുള്ള കളിക്കാര്‍ക്കായി ഭാരം കൂട്ടിയും കുറച്ചും ബാറ്റ് സജ്ജികരിക്കാമെന്നതും വൌ ബാറ്റുകളുടെ പ്രത്യേകതയാണ്