ബാറ്റിംഗ് പിഴച്ചതാണ് ട്വന്‍റി-20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരായ തോല്‍വിയ്ക്ക് കാരണമെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് ധോണി ബാറ്റ്‌സ്മാന്‍മാരെ പഴി പറഞ്ഞത്.
‘ബാറ്റിംഗാണ് നമ്മുടെ ശക്തി. 170 റണ്‍സ് അസാധ്യമായ സ്കോര്‍ ഒന്നുമല്ലായിരുന്നു. എന്നാല്‍ ഷോര്‍ട് ബോളുകള്‍ കളിക്കാനുള്ള സാങ്കേതികമികവ് നമ്മുടെ ബാറ്റ്‌സ്മാന്‍മാര്‍ക്കില്ലാതെ പോയി. ഷോര്‍ട് ബോള്‍ കളിക്കുന്നതിനായി പ്രത്യേക പരിശീലനം നടത്തിയാണ് ഞങ്ങള്‍ ഇറങ്ങിയത്. എന്നാല്‍ കളിക്കളത്തില്‍ അത് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. അതില്‍ ഞാന്‍ തീര്‍ത്തും നിരാശനാണ്. ട്വന്‍റി-20 മത്സരങ്ങളില്‍ ബൌളര്‍മാര്‍ തുടര്‍ച്ചയായി ഷോര്‍ട്ട് ബോളുകള്‍ എറിയുമ്പോള്‍ എപ്പോഴും ഒഴിഞ്ഞുമാറാനാവില്ല. കാരണം 120 പന്തുകളെ ആകെ കളിക്കാനുള്ളു. ഒഴിവാക്കി വിടുന്ന ഓരോ പന്തും ബാറ്റ്‌സ്മാനുമേല്‍ സമ്മര്‍ദ്ദമേറ്റും’.
രവീന്ദ്ര ജഡേജയെ അവസാന 11ല്‍ കളിപ്പിക്കാനുള്ള തീരുമാനത്തെ ധോണി ന്യായീകരിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇന്ത്യന്‍ നിരയില്‍ സുസ്ഥിരമായ പ്രകടനം കാഴ്ചവെച്ച താരമാണ് ജഡേജ. ഒരു കളിയില്‍ മോശയി എന്നു പറഞ്ഞ് ഒരു കളിക്കാരനെയും കുറ്റപ്പെടുത്താനാവില്ല. ഇത് അദ്ദേഹത്തിന് മോശം ടൂര്‍ണമെന്‍റായിരുന്നു. ക്രിസ് ഗെയ്‌ലിന്‍റെ ക്യാച്ച് എടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ മത്സരഫലം മറ്റൊന്നായേനെ എന്നും ധോണി പറഞ്ഞു.
ആദ്യം യൂസഫ് ക്യാച്ചിനായി ഓടി അടുക്കുന്നത് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ പിന്നീട് യൂസഫ് അവിടെ നിന്നുവെന്നാണ് ഞാന്‍ കരുതിയത്. ആ ക്യാച്ച് എടുത്തിരുന്നെങ്കില്‍ അവര്‍ ഒരു പക്ഷേ ഇത്രയും സ്കോര്‍ ചെയ്യില്ലായിരുന്നു. മത്സരഫലവും മറ്റൊന്നായേനെ. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഇന്ത്യ പ്രധാന ടൂര്‍ണമെന്‍റുകളൊന്നും ജയിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും ധോണി പറഞ്ഞു.
ഷോര്‍ട്ട് പിച്ച് പന്തുകള്‍ നേരിടാനുള്ള ബുദ്ധിമുട്ട് ഇന്ത്യ പരിഹരിച്ചേ മതിയാവൂവെന്ന് വെസ്റ്റിന്‍ഡീസ് നായകന്‍ ക്രിസ് ഗെയ്‌ല്‍ പറഞ്ഞു. ഇല്ലെങ്കില്‍ എല്ലാ ടീമുകളും ഇതേ പദ്ധതിയുമായി അവരെ നേരിടും. ടോസ് നേടിയിരുന്നെങ്കില്‍ താനും ബാറ്റിംഗ് ബൌളിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്നും ധോണി പറഞ്ഞു