കാന്‍ ഫെസ്റ്റിവലിന്‍റെ റെഡ് കാര്‍പ്പറ്റില്‍ ഒരു മുന്‍ സിഐഎ ഓഫിസര്‍ക്ക് എന്തു കാര്യം? എല്ലാവര്‍ക്കും അത്ഭുതം. കൂടെ പ്രശസ്ത ഹോളിവുഡ് നടി നവോമി വാട്സുമുണ്ട്. രണ്ടു പേരും നായികമാരാണെന്ന് അറിയുക. അതായത് അമേരിക്കന്‍ ഭരണകൂടവുമായി ഉടക്കി സിഐഎയില്‍ നിന്നു രാജിവച്ച വലേറി പ്ലെയിം എന്ന സ്ത്രീയാണ് നവോമി വാട്സിന്‍റെ കൂടെ വന്നത്. വലേറിയുടെ ജീവിത കഥയെ ആധാരമാക്കി എടുത്ത സിനിമയുടെ പ്രദര്‍ശനമായിരുന്നു കാനില്‍ അപ്പോള്‍. സിനിമയുടെ പേര് ഫെയര്‍ ഗെയിം.
ഫ്ളാഷ് ബാക്ക്പ്രണയത്തിന്റെ ആദ്യനാളുകളില്‍ പോലും കാമുകനോടു കള്ളം പറയേണ്ടി വന്നു, വലേറി പ്ലെയിമിന്. ബ്രസല്‍സിലെ എനര്‍ജി ട്രെയ്ഡറാണെന്നായിരുന്നു വലേറി ഭര്‍ത്താവ് ജോസഫ്.സി.വില്‍സനോടു പറഞ്ഞ നുണ. പിന്നീടതൊരു ഗാഢബന്ധമായെന്നുറപ്പായപ്പോള്‍ മാത്രമാണു വലേറി സത്യം വില്‍സനെ അറിയിച്ചത്, താന്‍ അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഏജന്‍സി ( സിഐഎ) ഓഫിസറാണെന്ന്. മുന്‍ അം ബാസിഡര്‍ കൂടിയായ ജോസഫിന് ആ രഹസ്യത്തിന്‍റെ വിലയറിയാവുന്നതു കാരണം, അക്കാര്യം ആരും പുറത്തറിഞ്ഞതുമില്ല. രഹസ്യാന്വേഷണത്തിന്‍റെ സ്വഭാവം കാത്തുസൂക്ഷിക്കുക തന്നെ ചെയ്തു വലേറി. പക്ഷേ അതീവ രഹസ്യമായിരിക്കേണ്ട ഔദ്യോഗിക വ്യക്തിത്വം ഒടുവില്‍ ലീക്കായി. അതു സംഭവിച്ചത് അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസില്‍ നിന്നാണെന്നു തന്നെ വിശ്വസിക്കുന്നു, വലേറി. രഹസ്യാന്വേഷകയുടെ വ്യക്തിത്വം പുറത്തായതോടെ വലേറി സിഐഎയില്‍ നിന്നു വിട്ടു. ജീവിതകഥ അക്ഷരങ്ങളിലാക്കി, ഫെയര്‍ ഗെയിം, മൈ ലൈഫ് ആസ് എ സ്പൈ, മൈ ബിട്രെയല്‍ ബൈ ദ് വൈറ്റ്ഹൗസ്. ആ പുസ്തകമാണ് അഭ്രപാളിയിലേക്കെത്തിയത്. ഏറ്റവുമൊടുവില്‍ ഒരു രഹസ്യത്തിന്‍റെ ഹാങ്ഓവര്‍ മുഖത്തു തെല്ലും വരുത്താതെ കാനിന്‍റെ റെഡ് കാര്‍പെറ്റിലുമെത്തി വലേറി. ഇങ്ങനെ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു ഒരു കാലത്തു അമേരിക്കയുടെ ചാരവനിതയായിരുന്ന ഈ നാല്‍പ്പത്തേഴുകാരി.
അലാസ്ക ആങ്കറേജിലെ ഒരു മിലിറ്ററി കുടുംബത്തിലായിരുന്നു വലേറിയുടെ ജനനം. അച്ഛന്‍ യുഎസ് എയര്‍ഫോഴ്സിലെ ലഫ്റ്റനന്‍റ് കേണല്‍. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം അഡ്വര്‍ടൈസിങ്ങില്‍ ബിഎ എടുത്തു. ലണ്ടന്‍ സ്കൂള്‍ ഒഫ് എക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സില്‍ നിന്നും, ബെല്‍ജിയം കോളെജ് ഒഫ് യൂറോപ്പില്‍ നിന്നും രണ്ടു മാസ്റ്റേഴ്സ് ഡിഗ്രിയെടുത്ത വലേറി, ഫ്രഞ്ച്, ജര്‍മന്‍, ഗ്രീക്ക് ഭാഷകള്‍ സ്വായത്തമാക്കി. ബിഎ പഠിച്ച പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ സഹപാഠിയായിരുന്ന ടോഡ് സെസ്ലറുമായി ആദ്യവിവാഹത്തിന് ആയുസ് നന്നേ കുറവ്.
സിഐഎയിലേക്ക് ആപ്ലിക്കേഷനയച്ചു റിസല്‍റ്റ് കാത്തിരിക്കുന്നതിനിടിയില്‍ കുറച്ചുനാള്‍ ഒരു തുണിക്കടയിലായിരുന്നു വലേറിയുടെ ജോലി. 1985-86 കാലഘട്ടത്തില്‍ സിഐഎ ഓഫിസര്‍ ട്രെയ്നിങ് ക്ലാസിലേക്ക്. രഹസ്യങ്ങളേറെയുള്ള ഒരു ജോലിക്കുപ്പായം. വേഷങ്ങള്‍ പലതായിരുന്നു. തൊണ്ണൂറുകളില്‍ ഏഥന്‍സില്‍ ജൂനിയര്‍ കോണ്‍സുലാര്‍ ഓഫിസര്‍, പിന്നീടു ബ്രൂസ്റ്റര്‍ ജെന്നിംഗ്സ് അസോസിയേറ്റ്സിലെ എനര്‍ജി ഓഫിസര്‍. എനര്‍ജി ഓഫിസറെന്ന നിലയില്‍ ഒരുപാടു യാത്രകള്‍. ഇറാഖിന്‍റെ കൈവശം ആണവായുധങ്ങളുണ്ടോ എന്ന അന്വേഷണത്തിന്‍റെ ഭാഗമാകുന്നു. അപ്പോഴെല്ലാം ചെയ്യേണ്ടതെന്തെന്നു വ്യക്തമായി അറിയാമായിരുന്നു വലേറിക്ക്, അതെല്ലാം രഹസ്യമായി അറിയിക്കേണ്ടവരെ കൃത്യമായി അറിയിക്കുന്നുമുണ്ടായിരുന്നു.
2003 ജൂലൈ പതിനാലിന്‍റെ പ്രഭാതം വലേറിക്ക് ഒരിക്കലും മറക്കാനാവില്ല. വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തില്‍ ജേണലിസ്റ്റ് റോബര്‍ട്ട് നൊവാക്ക് എഴുതുന്ന കോളത്തില്‍, വലേറിയുടെ ഐഡന്‍റിറ്റി പുറത്തായി. വലേറി സിഐഎ ഓഫിസറാണെന്നു ലോകമറിഞ്ഞു. ഇനിയും പരിഹരിക്കാനാകാത്ത ഒരു വിവാദത്തിനു തുടക്കമാകുകയായിരുന്നു അവിടെ. അമേരിക്കന്‍ ഡെപ്യൂട്ടി സെക്രട്ടറി ഒഫ് സ്റ്റേറ്റ്സായിരുന്നു റിച്ചാര്‍ഡ് ലീ ആര്‍മിറ്റേജായിരുന്നു രഹസ്യവിവരം ചോര്‍ന്നതിലെ പ്രധാന കാരണക്കാരന്‍.
ഇപ്പോള്‍ ഫെയര്‍ ഗെയിം എന്ന സിനിമയെ ഏറ്റവും അധികം പേടിക്കുന്നതും വൈറ്റ് ഹൗസ് തന്നെയായിരിക്കും. ഡഗ് ലിമാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വലേറിയുടെ റോളില്‍ നവോമി വാട്സ് എത്തുമ്പോള്‍ ഭര്‍ത്താവിന്‍റെ റോളില്‍ പ്രശസ്ത നടന്‍ സീന്‍ പെന്‍. എന്നാല്‍ സിനിമയുടെ പ്രമോഷന് കാനില്‍ സീന്‍ എത്തിയില്ല എന്നതു തന്നെയാണ് സവിശേഷ വാര്‍ത്ത.