ഗോള്‍ഡന്‍ പാം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം
കാന്‍ ഫെസ്റ്റിവല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഇത്തവണ ജൂറിക്ക് കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ് മത്സരവിഭാഗ ത്തിലെ ചിത്രങ്ങള്‍. നിരൂപകരുടെ വിലയിരുത്തലില്‍ മത്സരത്തിനെത്തിയ 19 സിനിമകളും ഒന്നിനൊന്ന് മികച്ചതായിരുന്നുവെന്നാണ്. ബിഗ് ബജറ്റിലെടുത്ത യുദ്ധസിനിമകളും ആര്‍ട്ട് ഹൗസ് ചിത്രങ്ങളും ഒന്നിനൊന്ന് വേറിട്ട് നിന്നു.
ആലിസ് ഇന്‍ വണ്ടര്‍ലാന്റിന്റെ സംവിധായകന്‍ ടിം ബര്‍ട്ടന്റെ നേതൃത്വത്തിലുള്ള ജൂറിക്ക് കടുത്ത വെല്ലുവിളികളാണ് ലോക പ്രശസ്ത സംവിധായകര്‍ ഉയര്‍ത്തിയിരിക്കുന്നത്. ബ്രിട്ടീഷ് സംവിധായകന്‍ മൈക്ക് ലീ, ഇറാനിലെ അബ്ബാസ് കിയറോസ്തമി, മെക്‌സിക്കോയിലെ അലജാണ്‍ട്രേ ഗൊണ്‍സാലെസ് ഇനാരിറ്റു എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം.
ലോക സിനിമയിലെ ഔന്നത്യങ്ങളില്‍ നില്‍ക്കുന്ന മേളയ്ക്ക് ഇത്തവണ മുന്‍ കാലങ്ങളിലേതു പോലെ തിളക്കമേറിയില്ലെന്നും അഭിപ്രായമുണ്ട്. പ്രധാനമായും അയര്‍ലന്റിലെ അഗ്‌നിപര്‍വത സ്‌ഫോടനം കാരണം വിമാനങ്ങള്‍ റദ്ദാക്കിയത് സെലിബ്രിറ്റികളുടെ ഒഴുക്ക് കുറച്ചു. എന്നാല്‍ ഹോളിവുഡിലെ പ്രമുഖരെല്ലാം തന്നെ റെഡ്കാര്‍പ്പറ്റിലെത്തിയിരുന്നു. റസല്‍ ക്രോവ്, നവോമി വാട്‌സ്, ജൂലിയറ്റ് ബിനോഷെ, മൈക്കിള്‍ ഡഗ്‌ളസ് എന്നിങ്ങനെ പ്രഗല്ഭരുടെ നിര നീളുന്നു.
ബ്രഹ്മാണ്ഡ ചിത്രങ്ങളായ റിഡ്‌ലി സ്‌കോട്ടിന്റെ റോബിന്‍ ഹുഡ്, ഒലിവര്‍സ്‌റ്റോണിന്റെ വാള്‍സ്ട്രീറ്റ് എന്നിവയുടെ വേള്‍ഡ് പ്രീമിയറുകളും കാനില്‍ നടന്നു. സാധാരണപോലെ കാനിലെ ഹോട്ടലുകളില്‍ കൊയ്ത്തായിരുന്നു. ഇവിടെ നടന്ന വന്‍ പാര്‍ട്ടികളിലും പ്രദര്‍ശനങ്ങളിലും ലോകത്തെ താരങ്ങളില്‍ പ്രമുഖരെല്ലാം പങ്കെടുത്തു.
മത്സരവിഭാഗത്തില്‍ തന്നെ ഇറാഖ് യുദ്ധവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഇത്തവണയുമെത്തിയിരുന്നു. ബ്രിട്ടീഷ് സംവിധായകനായ കെന്‍ ലോച്ചിന്റെ റൂട്ട് ഐറിഷ് ഇത്തരത്തിലൊന്നാണ്. യുദ്ധകലുഷിത രാജ്യങ്ങളില്‍ നിന്ന് ലാഭം കൊയ്യുന്ന സ്വകാര്യ സെക്യൂരിറ്റി കോണ്‍ട്രാക്ടര്‍മാരിലേക്ക് ക്യാമറ തിരിക്കുകയാണ് റൂട്ട് ഐറിഷ്.
സീന്‍ പെന്നും നവോമി വാട്‌സും അഭിനയിക്കുന്ന ഫെയര്‍ ഗെയിമും ഇത്തരത്തിലൊന്നാണ്. അമേരിക്കയിലെ ബുഷ് ഭരണകൂടം വഞ്ചിക്കുന്ന ഇറാഖിലെ സി.ഐ.എ. ഏജന്റിന്റെ കഥപറയുകയാണ് ഫെയര്‍ ഗെയിം. ഹിറ്റായ ബോണ്‍ ഐഡന്റിറ്റിയുടെ സംവിധായകനായ ഡഗ് ലീമാനാണ് ഫെയര്‍ഗെയിം സംവിധാനം ചെയ്തത്.
റഷ്യന്‍ സംവിധായകനായ നികിത മിഖാല്‍ കോവിന്റെ ബേണ്‍ട് ബൈ ദ സണ്‍ 2 രണ്ടാം ലോക മഹായുദ്്ധം തിരശ്ശീലയില്‍ തെളിയിക്കുന്നു. റഷ്യയിലെ നാസികളുടെ കാട്ടാളത്തമാണ് നാല്‍പ്പത് ദശലക്ഷം ഡോളര്‍ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തില്‍. മിഖായേല്‍കോവ് തന്നെ ചിത്രത്തില്‍ റഷ്യന്‍ ആര്‍മി ജനറലായി അഭിനയിക്കുന്നുമുണ്ട്. യുദ്ധസിനിമകളുടെ ജനുസിലുള്ള ഔട്ട് സൈഡ് ദ ലോ ഏറെ വിവാദമുണ്ടാക്കിയതാണ്.
അള്‍ജീരിയിലെ ഫ്രഞ്ച് അധിനിവേശവും സ്വാതന്ത്ര്യ സമരവുമാണ് ചിത്രം പ്രതിപാദിക്കുന്നത്. ചരിത്രത്തോട് നീതി പുലര്‍ത്തിയല്ല ചിത്രം നിര്‍മ്മിച്ചതെന്ന് ആരോപിച്ച് ചിത്രത്തിന്റെ സ്‌ക്രീനിങ് സമയത്ത് പ്രകടനവും ലാത്തിവീശലും മറ്റുമുണ്ടായിരുന്നു. അള്‍ജീരിയയിലെ ഇസ്‌ലാമിക് യുദ്ധത്തില്‍ പെട്ടു പോകുന്ന ക്രിസ്ത്യന്‍ പുരോഹിതരുടെ കഥപറയുന്ന സേവ്യര്‍ ബിയോവിസിന്റെ ഓഫ് ഗോഡ് ആന്‍ഡ് മെന്‍, ഇറാനിയന്‍ സംവിധായകന്‍ കിയരോസ്തമിയുടെ ജൂലിയറ്റ് ബിനോഷെ അഭിനയിച്ച സെര്‍ട്ടിഫൈഡ് കോപ്പി, ദക്ഷിണ കൊറിയയില്‍ നിന്നുള്ള ലീ ചാങ് ഡൊങ്ങിന്റെ പോയട്രി, സാങ് സൂവിന്റെ ദ ഹൗസ് മെയ്ഡ് എന്നിവ ചൈന, ജപ്പാന്‍, തായ്‌ലന്‍ഡ് എന്നിവയ്ക്ക് പുറമെ ഏഷ്യയുടെ സജീവ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്.
പതിമ്മൂന്ന് വര്‍ഷത്തിനുശേഷം ആദ്യമായി ആഫ്രിക്കന്‍ രാജ്യമായ ചാഡില്‍ നിന്നുമെത്തിയ എ സ്‌ക്രീമിങ് മാനും മത്സരവിഭാഗത്തിലുണ്ട്. എന്നാല്‍ വിവാദങ്ങളും കാനിനെ വിട്ടിട്ടില്ല. പ്രശസ്ത സംവിധായകനായ ഗൊദാര്‍ദ് തന്റെ പുതിയ ചിത്രമായ ഫിലിം സോഷ്യലിസത്തെ പ്രീമിയര്‍ ഷോയില്‍ നിന്ന് മാറ്റിയതിനെ വിമര്‍ശിച്ചിരുന്നു. ദുരൂഹമായ നീക്കമെന്നാണ് അദ്ദേഹം ഇതിനെ പറ്റി പറഞ്ഞത്. എന്തു തന്നെയായാലും മികച്ച 19 ചിത്രങ്ങളില്‍ നിന്ന് ഗോള്‍ഡന്‍ പാം അവാര്‍ഡ് ആര്‍ക്ക് ലഭിക്കും എന്ന ചിന്തയിലാണ് സിനിമാ ലോകം