ഐ സി സി വൈസ് പ്രസിഡന്‍റായി മുന്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജോണ്‍ ഹോവാര്‍ഡിനെ വേണ്ടെന്ന് നിയുക്ത പ്രസിഡന്‍റെ ശരദ് പവാര്‍ അറിയിച്ചതായി സൂചന. ഐ സി സി പ്രസിഡന്‍റ് ഡേവിഡ് മോര്‍ഗനുനായുള്ള കൂടിക്കാഴ്ചയിലാണ് പവാര്‍ തന്‍റെ സഹായിയായി ഹോവാര്‍ഡിനെ വേണ്ടെന്ന നിലപാടെടുത്തത്. ഡേവിഡ് മോര്‍ഗന്‍ സ്ഥാനമൊഴിയുന്ന ഒഴിവിലാണ് ശരദ് പവാര്‍ പ്രസിഡന്‍റായി ചുമതലയേല്‍ക്കുക.
ഐ സി സി പ്രസിഡന്‍റ് പദത്തിന് മത്സരിക്കുന്നതിന് മുന്നോടിയായി വൈസ് പ്രസിഡന്‍റ് സ്ഥാനത്തിരിക്കണമെന്ന വ്യവസ്ഥ അനുസരിച്ചാണ് ഓസ്ട്രേലിയയുടെയും ന്യൂസിലന്‍ഡിന്‍റെയും പ്രതിനിധിയായി ഹോവാര്‍ഡ് മത്സരിക്കുന്നത്. എന്നാല്‍ ഹോവാര്‍ഡിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും ചോദ്യം ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയായിരുന്ന കാലയളവില്‍ സിംബാബ്‌വെയിലെ മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ച് ഹോവാര്‍ഡ് നടത്തിയ പ്രസ്താവനകളാണ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ എതിര്‍പ്പിന് കാരണം.
വെസ്റ്റിന്‍ഡീസും ഹോവാര്‍ഡിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തിട്ടുണ്ട്. ബംഗ്ലാദേശ് മാത്രമാണ് ഹോവാര്‍ഡിന് പിന്തുണയുമായി രംഗത്തു വന്നിട്ടുള്ളത്. ഐ സി സി വൈസ് പ്രസിഡന്‍റ് പദവിയിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ സ്ഥിരാംഗങ്ങളായ 10 രാജ്യങ്ങളില്‍ ഏഴ് വോട്ടെങ്കിലും ലഭിച്ചാലെ ഹോവാര്‍ഡിന് വിജയിക്കാനാവു. ഈ പശ്ചാത്തലത്തില്‍ ബി സി സി ഐയുടെ നിലപാട് നിര്‍ണായകമാവും.
ദക്ഷിണാഫ്രിക്കയെയോ ഓസ്ട്രേലിയയെയോ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ തീര്‍ച്ചയായും ബി സി സി ഐ ദക്ഷിണാഫ്രിക്കയ്ക്കൊപ്പമാബും ബി സി സി ഐ. ഇതു തന്നെയാണ് പവാര്‍ മോര്‍ഗനുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയത്. ജൂണില്‍ സിംഗപ്പൂരില്‍ നടക്കുന്ന ഐ സി സി യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വരുമെന്നാണ് കരുതുന്നത്.