മുതിര്‍ന്ന താരങ്ങള്‍ അനുവദിച്ചാല്‍ പാകിസ്ഥാന് വേണ്ടി ഇനിയും കളിക്കുന്ന കാര്യം ചിന്തിക്കുമെന്ന് പാക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് യൂസഫ്. തന്‍റെ തിരിച്ചുവരവ് സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പരന്ന സാഹചര്യത്തിലാണ് യൂസഫിന്‍റെ പ്രതികരണം. പാക് താരമായ ഷാഹിദ് അഫ്രീദി തന്നെ വിളിച്ച് ദേശീയ ടീമിലേക്ക് തിരികെ വരുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ ആവശ്യപ്പെട്ടതായി യൂസഫ് പറഞ്ഞു.
അഫ്രീദിയുമായി വളരെ നേരം സംസാരിച്ചതായും പാക് ക്രിക്കറ്റിലെ നിലവിലെ അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്തതായും യൂസഫ് പറഞ്ഞു. മുതിര്‍ന്നവരോട് ആലോചിച്ചശേഷമാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ താന്‍ തീരുമാനമെടുത്തതെന്നും അവരുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമേ തീരുമാനം പുന:പ്പരിശോധിക്കാന്‍ കഴിയു എന്നും യൂസഫ് പറഞ്ഞു.
എന്നാല്‍ മുതിര്‍ന്നവര്‍ ആരൊക്കെയെന്ന ചോദ്യത്തിന് യൂസഫ് കൃത്യമായ ഉത്തരം നല്‍കിയില്ല. അത് അഫ്രീദിക്ക് അറിയുമെന്നായിരുന്നു യൂസഫിന്‍റെ പ്രതികരണം. അഫ്രീദിക്ക് ഇവരുമായി നേരിട്ട് സംസാരിക്കാവുന്നതാണെന്നും യൂസഫ് പറഞ്ഞു.
ആസ്ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ പാകിസ്ഥാന്‍ വിലക്കിയ ഏഴ് കളിക്കാരില്‍ ഒരാളാണ് മുഹമ്മദ് യൂസഫ്. വിലക്കിന് ശേഷം യൂസഫ് വിരമിക്കല്‍ തീരുമാനം അറിയിക്കുകയായിരുന്നു. വിലക്ക് നേരിട്ട കളിക്കാരില്‍ യൂനിസ് ഖാനെയും ഷൊയൈബ് മാലികിനെയും ഏഷ്യാ കപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള പ്രാഥമിക സ്ക്വാഡില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടുത്തിയിരുന്നു. മുഹമ്മദ് യൂസഫിനെ കരിയറിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ഷാഹിദ് അഫ്രീദി താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.