ബി സി സി ഐ പ്രസിഡന്‍റ് ശശാങ്ക് മനോഹര്‍, സെക്രട്ടറി എന്‍ ശ്രീനിവാസന്‍ എന്നിവരുള്‍പ്പെടാത്ത സ്വതന്ത്ര പാനലായിരിക്കണം തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതെന്ന് ലളിത് മോഡി ആവശ്യപ്പെട്ടു. ബിസിസിഐയ്ക്ക് അയച്ച ഇ-മെയിലിലാണ് മോഡി ഇക്കാര്യം ആവശ്യപ്പെട്ടത്. സുപ്രിം കോടതി ജഡ്ജിയോ അതുപോലെ പരിചയസമ്പന്നനായ വ്യക്തിയോ ഉള്‍പ്പെട്ടതായിരിക്കണം അന്വേഷണ സംഘമെന്നും മോഡി ആവശ്യപ്പെട്ടു.
പുതിയ ഐപിഎല്‍ ടീമുകള്‍ക്കുള്ള ആദ്യ ലേലം റദ്ദാക്കാന്‍ കാരണം ശശാങ്ക് മനോഹറാണ്. ലേലത്തുക സമര്‍പ്പിക്കാന്‍ കൊച്ചി ടീം വൈകിയതു മൂലം ശശി തരൂരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ശശാങ്ക് മനോഹര്‍ ലേലം റദ്ദാക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
ചെന്നൈ സൂപ്പര്‍ കിഗ്‌സിന്റെ ഉടമസ്ഥരിലൊരാളായ ബിസിസിഐ സെക്രട്ടറി എന്‍ ശ്രീനിവാസന്‍ സ്വന്തം ടീമിനെ സഹായിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതു താന്‍ പലപ്പോഴും ചോദ്യം ചെയ്തിരുന്നുവെന്നും മോഡി ഇ-മെയിലില്‍ പറഞ്ഞു.
14 പേജുള്ള ഇ മെയിലാണ് മോഡി ഇന്ന് ബി സി സി ഐ അധികൃതര്‍ക്ക് അയച്ചത്. ഐ പി എല്ലിലെ മൂന്നോളം ഫ്രാഞ്ചൈസികളില്‍ മോഡിയ്ക്ക് ഓഹരി പങ്കാളിത്തമുണ്ടെന്നത് അടക്കമുള്ള അരോപണങ്ങളാണ് ബി സി സി ഐ അന്വേഷിക്കുന്നത്.