വളരെ നാളുകളായി താന്‍ ബിസിസിഐയുടെ പൊതുശത്രുവാണെന്ന് മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡി. ബിസിസിഐയുടെ രണ്ടാമത്തെ കാരണം കാണിക്കല്‍ നോട്ടീസിനോട് പ്രതികരിക്കുകയായിരുന്നു മോഡി. ബിസിസിഐയുടെ ഈ മനോഭാവത്തോട് താന്‍ പൊരുത്തപ്പെട്ടുകഴിഞ്ഞതായും മോഡി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇംഗ്ലണ്ടില്‍ സമാന്തര ട്വന്‍റി-20 ലീഗ് സംഘടിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ബിസിസിഐ ലളിത് മോഡിക്ക് രണ്ടാമത്തെ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയത്. ബിസിസിഐയുടെ നടപടിയോട് താന്‍ പ്രതികരിക്കുന്നില്ലെന്നും പതിനഞ്ച് ദിവസത്തെ സമയം നല്‍കിയിട്ടുണ്ടെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് നോട്ടീസില്‍ ഉള്ളതെന്നും മോഡി പറഞ്ഞു.
ബിസിസിഐയുടെ ആദ്യ നോട്ടീസിന് മറുപടി നല്‍കാനായി ഡല്‍ഹിയില്‍ തന്‍റെ അഭിഭാഷകരുമായി ചര്‍ച്ച നടത്താന്‍ എത്തിയതായിരുന്നു ലളിത് മോഡി. തനിക്ക് ഒളിക്കാനൊന്നുമില്ലെന്നും മറുപടിയില്‍ എല്ലാ കാര്യവും വ്യക്തമാക്കുമെന്നും മോഡി പറഞ്ഞു.
ഐപിഎല്‍ എന്നത് ഒരു ശക്തമായ ചട്ടക്കൂടാണെന്നും തന്‍റെ പുറത്താകല്‍ ഐപിഎല്ലിന് ഭീഷണിയാകുമെന്ന് കരുതുന്നില്ലെന്നും ഐപിഎല്ലിന് തുടര്‍ന്നും നയിക്കാന്‍ ശേഷിയുള്ളവര്‍ നമുക്കിടയിലുണ്ടെന്നും മോഡി പറഞ്ഞു.