ഷൊയൈബ് മാലിക് പാക് ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തുന്നതിനോട് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിക്ക് വിയോജിപ്പെന്ന് റിപ്പോര്‍ട്ട്. ഏഷ്യാ കപ്പിനുള്ള സാധ്യതാ സ്ക്വാഡില്‍ ഷൊയൈബ് ഇടം പിടിച്ചെങ്കിലും അഫ്രീദി കടുത്ത എതിര്‍പ്പുയര്‍ത്തിയതായാണ് വാര്‍ത്ത. ഷൊയൈബിന്‍റെ വരവ് ടീമില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാക്കുമെന്നാണ് അഫ്രീദിയുടെ വാദം.
മാലികിനെ പുറത്ത് നിര്‍ത്തണമെന്ന അഭിപ്രായമാണ് ചില സെലക്ടര്‍മാര്‍ക്കും ഏതാനും ടീമംഗങ്ങള്‍ക്കും ഉള്ളതെന്നാണ് വിവരം. മുഹമ്മദ് യൂസഫിനെയും യൂനിസ് ഖാനെയും ടീമിലേക്ക് തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് അഫ്രീദി സെലക്ടര്‍മാര്‍ക്കിടയില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ ഇതിന് നേര്‍ വിപരീതമായ നിലപാടാണ് ഷൊയൈബിന്‍റെ കാര്യത്തില്‍ അഫ്രീദി സ്വീകരിച്ചതെന്നാണ് പിസിബിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന വിവരം.
കാര്യങ്ങള്‍ തന്‍റെ വരുതിക്ക് വന്നില്ലെങ്കില്‍ ടീമംഗങ്ങള്‍ക്കിടയില്‍ പ്രതികൂലചിന്ത വളര്‍ത്തുന്ന ആളാണ് മാലിക്കെന്നും ഈ സ്വഭാവം നന്നായി അറിയാവുന്നതിനാലാണ് അഫ്രീദി കടുത്ത എതിര്‍പ്പുയര്‍ത്തുന്നതെന്നും അഫ്രീദിയുടെ പ്രതികരണം സ്വാഭാവികമാണെന്നുമാണ് പിസിബി വൃത്തങ്ങളുടെ വിലയിരുത്തല്‍.
ഓസ്ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ വിലക്ക് നേരിടുന്ന ഷൊയൈബ് മാലിക് ഉള്‍പ്പെടെയുള്ള നാലു കളിക്കാരെയാണ് പിസിബി ഏഷ്യാ കപ്പിനും ഇംഗ്ലണ്ട് പര്യടനത്തിനുമുള്ള മുപ്പത്തിയഞ്ചംഗ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.