കോടിക്കണക്കിനു
തേനീച്ചകള്‍ ഒന്നിച്ചാര്‍ത്തിരമ്പുന്നതു പോല, ഫൈനല്‍ വിസില്‍ മുഴങ്ങി
കളിക്കാരും കാണികളും പിരിഞ്ഞാ ലും ചെവിയില്‍ ഈ ശബ്ദം ഇരമ്പിത്തന്നെ
നില്‍ക്കുന്നു. ഇങ്ങനെയൊരന്തരീക്ഷത്തില്‍ കളിക്കാന്‍ വയ്യ എന്ന്
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരാതിപ്പെട്ടാല്‍ എങ്ങനെ കുറ്റം പറയും.
ഇത്തവണത്തെ ലോകകപ്പിന്‍റെ ഏറ്റവും ശക്തമായ ശബ്ദമായ, കുഴല്‍വാദ്യം,
വുവുസെല വേണ്ട എന്നു പറയുന്നവരില്‍ ഒടുവിലത്തെ ആളാണ് ക്രിസ്റ്റ്യാനോ
റൊണാള്‍ഡോ, പോര്‍ച്ചുഗല്‍ പ്രതീക്ഷകളുടെ രാജകുമാരന്‍.
എത്രയോ ശക്തമായ ആരവങ്ങള്‍ക്കിടയില്‍, ഇരമ്പിയാര്‍ക്കുന്ന
ജനക്കൂട്ടത്തിന്‍റെ നടുവില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ വുവുസെല, വയ്യ.
അതിന്‍റെ ഇരമ്പല്‍ ടിവിയില്‍ കേട്ടിട്ടു തന്നെ പ്രശ്നമായി. എങ്ങനെ
ഏകാഗ്രമായി കളിക്കാന്‍ കഴിയും, ഒട്ടും കോണ്‍സെന്‍ട്രേഷന്‍ കിട്ടില്ല.
എന്നാല്‍ ഇതു നിരോധിക്കണമെന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. കളിക്കാര്‍
കുറച്ചു ദിവ സങ്ങള്‍ക്കകം ഇതുമായി പൊരുത്തപ്പെടുമായിരിക്കും. എന്തായാലും
മിക്കവാറും എല്ലാ കളിക്കാര്‍ക്കും വുവുസെലയുടെ ശബ്ദത്തെ അംഗീകരിക്കാന്‍
കഴിയില്ല. റൊണാള്‍ഡോ പറഞ്ഞു.
കളിക്കാര്‍ക്കു പ്രശ്നമായിരിക്കുന്ന വുവുസെലയെ സ്റ്റേഡിയങ്ങളില്‍
നിരോധിക്കുന്ന കാര്യം ഇപ്പോഴും ആലോചിക്കുന്നുണ്ടെന്നാണ് സംഘാടക സമിതി
പറയുന്നത്. കളിക്കാര്‍ മാത്രമല്ല ലോകകപ്പ് തത്സമയം കാണിക്കുന്ന
ബ്രോഡ്കാസ്റ്റിങ് കമ്പനികളും വുവുസെലയെക്കുറിച്ചു പരാതിപ്പെട്ടു കഴിഞ്ഞു.
ടിവിയിലെ കമന്‍ററി ആര്‍ക്കും കേള്‍ക്കാന്‍ കഴിയുന്നില്ല എന്നാണ് ഇവരുടെ
പരാതി. ദക്ഷിണാഫ്രിക്കയിലെത്തുന്ന വിവിധ ടീമുകളുടെ ആരാധകരാണ്
സ്റ്റേഡിയത്തില്‍ വുവുസെലയുമായെത്തി ഇര മ്പിയാര്‍ക്കുന്നത്. എന്നാല്‍
സാധാര ണ കാണികള്‍ ഇതിനോട് എതിര്‍പ്പു പ്രകടിപ്പിച്ച് കഴിഞ്ഞു. ഇതെല്ലാം
പരിഗണിച്ച് ഉടന്‍ തീരുമാനമെടുക്കുമെന്നാണ് ഓര്‍ഗനൈസിങ് കമ്മറ്റി മേധാവി
ഡാനി ജോര്‍ഡാന്‍ പറയുന്നത്.
ടീമുകളുടെ ദേശീയ ഗാനം ആലപിക്കുമ്പോഴും സ്റ്റേഡിയത്തില്‍
അനൗണ്‍സ്മെന്‍റുകള്‍ നടത്തുമ്പോഴും വുവുസെല ഉപയോഗിക്കരുതെന്ന്
ഇപ്പോള്‍ത്തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നും
ആരാധകര്‍ കൃത്യമായി പാലിക്കാറില്ല. ഉറുഗ്വെക്കെതിരേ തന്‍റെ ടീമിന്‍റെ
പ്രകടനം മോശമാവാന്‍ ഒരു കാരണം വുവുസെലകളാണെന്ന് ഫ്രഞ്ച് ക്യാപ്റ്റന്‍
പ്രസ്താവിച്ചിരുന്നു. ആവശ്യമെങ്കില്‍ വുവുസെലകളെ സ്റ്റേഡിയത്തില്‍
നിരോധിക്കാന്‍ ഇപ്പോള്‍ മതിയായ കാരണങ്ങള്‍ ഉണ്ടെന്നാണ് ഡാനി
ജോര്‍ഡാന്‍റെ അഭിപ്രായം