റോട്ടര്ഡാംയൂറോപ്യന് പടയോട്ടത്തിനു മുന്നില്‍ ആഫ്രിക്കന്‍ കരുത്ത് വീണുടഞ്ഞു. ലോകകപ്പിനു മുന്നോടിയായുള്ള പരിശീലന പോരാട്ടങ്ങളില്‍ ഘാനയെ നെതര്‍ലാന്‍ഡ്സും കാമറൂണിനെ പോര്‍ച്ചുഗലും തകര്‍ത്തുവിട്ടു. ഒന്നിനെതിരേ നാലുഗോളുകള്‍ക്കാണു ഓറഞ്ച് പടയുടെ ജയം. പറങ്കിപ്പടയുടെ ജയം 3-1നും.
സാമുല്‍ എറ്റൂവിന്‍റെ പുറത്താക്കല്‍ ഉള്‍പ്പെടെ സംഭവബഹുലമായിരുന്നു കാമറൂണ്‍ - പോര്‍ച്ചുഗല്‍ മത്സരം. പോര്‍ച്ചുഗല്‍ വ്യക്തമായ അധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ റൗള്‍ മെയ്ലര്‍സ് (2) നാനി എന്നിവരാണു കാമറൂണിന്‍റെ വലകുലുക്കിയത്.
പോര്‍ച്ചുഗീസ് ലെഫ്റ്റ് ബാക്ക് ഡുഡയെ ഫൗള്‍ ചെയ്ത എറ്റൂ 34ാം മിനിറ്റിലാണു ചുവപ്പു കാര്‍ഡ് കണ്ടത്. റൗള്‍ മെയ്ര്‍ലസിലൂടെ പോര്‍ച്ചുഗല്‍ ലീഡെടുത്തിനു പിന്നാലെയായിരുന്നു ഇത്. നായകന്‍റെ മടക്കത്തിനുശേഷം ലക്ഷ്യബോധമില്ലാതെ അലഞ്ഞ ആഫ്രിക്കന്‍ സിംഹങ്ങള്‍ക്ക് എതിരാളകളുടെ നീക്കങ്ങളെ പ്രതിരോധിക്കാനായില്ല.
69ാം മിനിറ്റില്‍ പകരക്കാരന്‍ അക്കിലെ വെബോ ഗോള്‍ നേടിയതൊഴിച്ചാല്‍ പോള്‍ ഗ്യുന്‍റെ ടീമിന്‍റെ പ്രകടനം നിരാശജനകം. മറുവശത്ത് പോര്‍ച്ചുഗലിനുവേണ്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മിന്നിത്തിളങ്ങി. ഗോള്‍ നേടാനായില്ലെങ്കിലും പോര്‍ച്ചുഗലിന്‍റ മിക്ക നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് റൊണാള്‍ഡോയായിരുന്നു. നാനി ഗോള്‍കണ്ടെത്തിയതും പോര്‍ച്ചുഗലിന് ആഹ്ലാദമേകി.
ഘാനയ്ക്കെതിരേ ഹോളണ്ടിന്‍റെയും ജയവും സമ്പൂര്‍ണം. മൈക്കല്‍ എസിയിനില്ലാത്ത ഘാന എത്ര ദുര്‍ബലമാണെന്നു തെളിയിക്കുന്നതായിരുന്നു മത്സരം.
ആദ്യപകുതിയില്‍ ഡിര്‍ക്ക് ക്യൂയ്റ്റിന്‍റെ ഗോളിലൂടെ ലീഡ് നേടിയ നെതര്‍ലാന്‍ഡ്സ് രണ്ടാം പകുതിയില്‍ ഘാനയുടെ വിഹ്വലതകളിലേക്കു മൂന്നുഗോളുകള്‍ കൂടി അടിച്ചുകയറ്റി.
അവസാന ഇരുപതു മിനിറ്റിലാണ് യൂറോപ്യന്‍ ജയന്‍റ്സ് ഗോള്‍വേട്ട സജീവമാക്കിയത്. വാന്‍ ഡെര്‍ വാര്‍ട്ട്, ഷ്നൈഡര്‍, റോബിന്‍ വാന്‍ പെഴ്സി എന്നിവരാണു രണ്ടാംപകുതിയിലെ സ്കോറര്‍മാര്‍.
പെനല്‍റ്റിയിലൂടെയാണു വാന്‍ പെഴ്സിയുടെ ഗോള്‍. മെക്സിക്കോയ്ക്കെതിരായ മത്സരത്തിലും ഗോള്‍ കണ്ടെത്തിയിരുന്ന പെഴ്സിയുടെ ഫോം നെതര്‍ലാന്‍ഡ് ആരാധകര്‍ക്ക് പ്രതീക്ഷയേകുന്നതായി. മറ്റു മത്സരങ്ങളില്‍ ഓസ്ട്രേലിയ ഡെന്‍മാര്‍ക്കിനെയും കോസ്റ്റ റിക്ക സ്വിറ്റ്സര്‍ലാന്‍ഡിനെയും 1-0ത്തിനു തോല്‍പ്പിച്ചു.
പീറ്റര്‍ മൊകാബപീറ്റേഴ്സ്ബര്ഗ് എന്ന് അറിയപ്പെട്ടിരുന്ന പൊലക്വാനെ സിറ്റിയിലെ പീറ്റര്‍ മൊകാബ സ്റ്റേഡിയവും ലോകകപ്പിന് ആതിഥേയത്വം വഹിക്കാന്‍ തയാര്‍. ഫുട്ബോള്‍ മാമാങ്കം നടക്കുന്ന ഏറ്റവും ചെറിയ നഗരങ്ങളിലൊന്നാണ് പൊലക്വാനെ. അടിമത്തത്തിനും വര്‍ണവിവേചനത്തിനുമെതിരേ പോരാടിയ പീറ്റര്‍ മൊകാബയുടെ പേരിലാണ് സ്റ്റേഡിയം.
പഴയ സ്റ്റേഡിയം പുതുക്കിപ്പണിയാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് പുതിയതായി മറ്റൊരു സ്റ്റേഡിയം നിര്‍മിക്കുകയായിരുന്നു.
നക്ഷത്ര നഗരമെന്നറിയപ്പെടുന്ന പൊലക്വാനെയിലെ മൊകാബ സ്റ്റേഡിയത്തിന്‍റ കപ്പാസിറ്റി 46,000.ചെറിയ നഗരമായതിനാല്‍ നാല് മത്സരങ്ങള്‍ മാത്രമേ മൊകാബയില്‍ നടക്കൂ.