ഓസ്ട്രേലിയക്കെതിരേ
ഘാന കളിക്കുന്നു. ചുവപ്പും മഞ്ഞയും പച്ചയും ഗാലറിയില്‍ നിറഞ്ഞു കവിയുന്നു.
ഘാനയെ പ്രോത്സാഹിപ്പിക്കാന്‍ ഇത്ര ആരാധകരോ? സംശയത്തിന്‍റെ ഉത്തരം
തേടുമ്പോള്‍ ഒന്നറിയാം. ഘാനയുടെ ദേശീയ പതാക വീശുന്നവര്‍, അവരുടെ
ജെഴ്സിയണിഞ്ഞു കളികാണാന്‍ എത്തിയിരിക്കുന്നവര്‍ എല്ലാവരും ഘാനക്കാരല്ല.
അവര്‍ക്കു ഘാനയിലെ ഭാഷ അറിയില്ല. എന്നാല്‍ അവര്‍ക്കൊന്നറിയാം, ഈ ചെറിയ
തുകല്‍പ്പന്ത് ആഫ്രിക്കയെ ഒന്നിപ്പിക്കുന്നു. ഫുട്ബോളിന്‍റെ ലോക
മാമാങ്കം കഴിയുമ്പോള്‍ ആഫ്രിക്ക കൂടുതല്‍ ഒന്നിക്കണം.
ആഫ്രിക്ക ഒരൊറ്റ മനസോടെ ഓടിയെത്തുകയാണ് ദക്ഷിണാഫ്രിക്കയിലെ
സ്റ്റേഡിയങ്ങളിലേക്ക്. ഒരു ആഫ്രിക്കന്‍ രാജ്യം മറ്റൊരു ടീമിനെതിരേ
കളിക്കുമ്പോള്‍ ഈ ഒത്തിണക്കം കൂടുതല്‍ ദൃശ്യം. അപ്പോള്‍ ആഫ്രിക്കന്‍
ടീമിനു വേണ്ടി വുവുസെല മുഴക്കുന്നത് ആഫ്രിക്കക്കാര്‍ ഒന്നിച്ചാണ്. അവിടെ
ദേശസ്നേഹമല്ല, ഭൂഖണ്ഡസ്നേഹത്തിന്‍റെ നിര്‍വചനങ്ങള്‍ക്കാണ് പ്രാധാന്യം.
ഘാനയിലെ ഒഡോകോര്‍ എന്ന സ്ഥലത്തു നിന്നു വന്ന ന്യൂമാന്‍ ഒഡാര്‍ട്ടിന
മില്‍സ് എന്നയാള്‍, വുവുസെല മുഴക്കി ഘാനയ്ക്കു വേണ്ടി ആര്‍ത്തു
വിളിക്കുന്ന നാലു പേരെ പരിചയപ്പെടുത്തി. ഇവരെ ഞാന്‍ ആദ്യം
പരിചയപ്പെടുകയാണ്. ഇവര്‍ ഘാനക്കാരല്ല. എന്നിട്ടും എന്നോടൊപ്പം, എന്‍റെ
രാജ്യത്തിന്‍റെ പതാക വീശി അവര്‍ നില്‍ക്കുന്നു. സത്യസന്ധമായി പറയട്ടെ,
ആഫ്രിക്കയെ മുമ്പൊരിക്കലും ഇതുപോലെ ഒന്നും ഒരുമിപ്പിച്ചിട്ടില്ല.
ന്യൂമാന് ആവേശം അടക്കാനാവുന്നില്ല.
ഡര്‍ബനില്‍ നിന്ന് ഏഴു മണിക്കൂര്‍ കാറോടിച്ചാണ് മിരിയം കെലെ എന്ന
ദക്ഷിണാഫ്രിക്കക്കാരന്‍ കേപ്ടൗണില്‍ എത്തിയത്. അണിഞ്ഞിരിക്കുന്നത് സ്വന്തം
നാടിന്‍റെ ബഫരാന ബഫാന ജെഴ്സി. എന്നാല്‍ കൈയില്‍ ഘാനയുടെ പതാക, മുഖത്ത്
ഘാനയുടെ ജെഴ്സിയിലെ നിറക്കൂട്ട്. ഞാന്‍ എന്‍റെ വന്‍കരയെ
പ്രോത്സാഹിപ്പിക്കാന്‍ വന്നതാണ്. രണ്ട് ആഫ്രിക്കന്‍ ടീമുകള്‍ രണ്ടാം
റൗണ്ടില്‍ കളിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്, മിരിയം പറയുന്നു.
അതേസമയം മിരിയത്തിനു പരാതികളുമുണ്ട്. ലോകകപ്പിന്‍റെ
മാര്‍ക്കറ്റിങ്ങിനെക്കുറിച്ച് എനിക്കറിയില്ല, ടിക്കറ്റു
വില്‍പ്പനയെക്കുറിച്ചറിയില്ല, ടിക്കറ്റു ബുക്കു ചെയ്യാനുള്ള
ഇന്‍റര്‍നെറ്റ് മാര്‍ഗങ്ങളെക്കുറിച്ചറിയില്ല. പക്ഷേ ഒന്നറിയാം, ഭൂരിഭാഗം
ആഫ്രിക്കക്കാര്‍ക്കും ഈ ലോകകപ്പുമായി യാതൊരു ബന്ധവുമില്ലെന്ന് അഥവാ അവരെ
ഇതിന്‍റെ ഭാഗമാക്കാന്‍ ആരും ശ്രമിച്ചിട്ടില്ലെന്ന്.
ഇക്കാര്യത്തില്‍ സംഘാടക സമിതി അധ്യക്ഷന്‍ ഡാനി ജോര്‍ഡാന്‍ നേരത്തേ തന്നെ
ഫിഫയെ വിയോജിപ്പ് അറിയിച്ചു കഴിഞ്ഞു. ഇലക്ട്രിസിറ്റി
എന്താണെന്നറിഞ്ഞിട്ടില്ലാത്ത ജനങ്ങള്‍ ഇപ്പോഴുമുള്ള ആഫ്രിക്കയില്‍
ടിക്കറ്റു വില്‍പ്പന ഓണ്‍ലൈനാക്കുന്നതിന്‍റെ മണ്ടത്തരമാണ് ജോര്‍ഡാന്‍
ഉന്നയിച്ചത്. ഇപ്പോള്‍ സ്റ്റേഡിയങ്ങളില്‍ വുവുസെല ഊതി നില്‍ക്കുന്ന
ആരാധകരില്‍ പലരും മറ്റു രാജ്യങ്ങളില്‍ നിന്നു വന്ന
ദക്ഷിണാഫ്രിക്കക്കാരാണെന്നതു രസകരം. ഇവിടെ നിന്നു യൂറോപ്പിലേക്കോ
ലാറ്റിനമേരിക്കയിലേക്കോ കുടിയേറിയവര്‍, അല്ലെങ്കില്‍ ജോലി
തേടിപ്പോയവര്‍. അവരൊക്കെ സ്വന്തം നാട്ടിലെ ഫുട്ബോള്‍ ഉത്സവത്തിനു
വന്നിരിക്കുകയാണ്. നാട്ടുകാരിലേറെയും ഉത്സവപ്പറമ്പില്‍ നിന്ന് അകലെയാണ്.
ആരവങ്ങളുടെ അവസാനത്തെ അലയൊലികള്‍ മാത്രമാണ് അവര്‍ കേള്‍ക്കുന്നത്