അര്‍ജന്‍റീന-നൈജീരിയ
ലോകകപ്പ്
നേടാന്‍ ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരിക്കുന്ന രാജ്യങ്ങളിലൊന്നായ
അര്‍ജന്‍റീന വിജയക്കുതിപ്പ് തുടങ്ങാനാണ് ഇന്നിറങ്ങുക. ആഫ്രിക്കന്‍
സൂപ്പര്‍ ഈഗിള്‍സ് നൈജീരിയ മറഡോണയുടെയും കൂട്ടരുടെയും സ്വപ്നം എങ്ങനെ
തകര്‍ക്കാമെന്നും ചിന്തിക്കുന്നു. ജൊഹാന്നസ്ബര്‍ഗിലെ എല്ലിസ് പാര്‍ക്ക്
സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി ഏഴിന് മത്സരം.
അര്‍ജന്‍റീന
2008 ഒക്റ്റോബറില്‍ കോച്ചിന്‍റെ ചുമതലയേറ്റെടുത്ത ശേഷം ഡീഗൊ മറഡോണ
പരീക്ഷിച്ചത് 108 താരങ്ങളെ. ഇവരില്‍ നിന്ന് തെരഞ്ഞെടുത്ത 23 പേരെയും
കൊണ്ട് ദക്ഷിണാഫ്രിക്കയിലെത്തിയിരിക്കുന്ന അര്‍ജന്‍റീനയ്ക്ക്
പ്രതീക്ഷകള്‍ ഏറെ. ലോകകപ്പിനെത്തും മുന്‍പ് അഞ്ച് സൗഹൃദ മത്സരങ്ങളില്‍
വിജയിച്ചത് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. കോസ്റ്റ റിക്കയെ 5-1 ന്,
ജമൈക്കയെ 2-1ന്, ജര്‍മനിയെ ഏകപക്ഷീയമായ ഒരു ഗോളിന്, ഹെയ്തിയെ
എതിരില്ലാത്ത നാലു ഗോളിന് ക്യാനഡയെ എതിരില്ലാത്ത അഞ്ചു ഗോളിന്...
അതായിരുന്നു സൗഹൃദ മത്സരങ്ങളിലെ റിസല്‍റ്റ്.
ടീം ന്യൂസ്
താരങ്ങളെ ആരെയും പരുക്ക് വലയ്ക്കുന്നില്ലെന്നത് അര്‍ജന്‍റീ നയ്ക്ക്
മേല്‍ക്കൈ ഏകുന്നു. ബാഴ്സയ്ക്കായി സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച
സൂപ്പര്‍ താരം ലയണല്‍ മെസി ഫസ്റ്റ് ഇലവനില്‍ ഇറങ്ങുമെന്ന് ഉറപ്പ്.
സൂപ്പര്‍ സ്ട്രൈക്കര്‍ കാര്‍ലോസ് ടെവസ് ആദ്യ ഇലവനിലെത്തുമെന്നും മറഡോണ
പ്രഖ്യാപിച്ചിട്ടുണ്ട്.
സ്റ്റാര്‍ ടു വാച്ച്
യുവാന്‍ വെറോണ്‍
(മിഡ്ഫീല്‍ഡര്‍)
എല്ലാവരും മെസിക്കും ടെവസിനും ഗോണ്‍സാലോ ഹിഗ്വെയ്നും പിന്നാലെ
പോകുമ്പോള്‍, ഒരര്‍ഥത്തില്‍ മറഡോണയുടെ രഹസ്യായുധമാണു യുവാന്‍
സെബാസ്റ്റ്യന്‍ വെറോണ്‍. അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്നു
കരുതപ്പെട്ടിരുന്ന ഈ വെറ്ററനെ അപ്രതീക്ഷിതമായി
തിരിച്ചുകൊണ്ടുവരികയായിരുന്നു മറഡോണ. യുവാന്‍ റോമന്‍ റിക്വല്‍മിയുടെ
ഒഴിവു നികത്തി, മുന്നേറ്റനിരയെക്കൊണ്ടു ഗോളടിപ്പിക്കേണ്ട ജോലി
വെറോണിനായിരിക്കും.
നൈജീരിയ
ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് കോച്ചിനെ
പുറത്താക്കിയ ശേഷം സ്വീഡിഷ് കോച്ച് ലാര്‍സ് ലഗെര്‍ബാക്കിനെ
ചുമതലയേല്‍പ്പിക്കുകയായിരുന്നു നൈജീരിയ. ഉത്തര കൊറിയയ്ക്കെതിരേ
സന്നാഹമത്സരത്തില്‍ വിജയിക്കാനായത് ഏറെ ആത്മവിശ്വാസമേകി. കൊളംബിയ, സൗദി
അറേബ്യ, നൈജീരിയ ടീമുകള്‍ക്കെതിരേയും ജയിച്ചു.
ടീം ന്യൂസ്
പരുക്കേറ്റ് പുറത്തായ മിഡ്ഫീല്‍ഡര്‍ ജോണ്‍ മൈക്കില്‍ ഒബിയുടെ അഭാവം
എങ്ങനെ മറികടക്കുമെന്ന് കണ്ടറിയണം. പകരക്കാരനായെത്തിയ ഡിക്സണ്‍ എറ്റുഹു,
അര്‍ജന്‍റൈന്‍ ഫോര്‍വേഡുകളുടെ കടന്നാക്രമണം തടയാന്‍ ഏറെ
വഇയര്‍പ്പൊഴുക്കേണ്ടി വരും.
സ്റ്റാര്‍ ടു വാച്ച്
പീറ്റര്‍ ഒഡെംവിന്‍ഗി (വിങ്ങര്‍)
2008 ഒളിംപിക്സ് ഫൈനലില്‍ അര്‍ജന്‍റീനയോടു തോറ്റു മടങ്ങിയ ടീമിന്‍റെ
ഭാഗമായിരുന്നു പീറ്റര്‍. അര്‍ജന്‍റൈന്‍ പ്രതിരോധതാരം ഗബ്രിയെല്‍
ഹെയ്ന്‍സുമായി പീറ്ററിന്‍റെ ഏറ്റുമുട്ടല്‍ മത്സരത്തെ ആകര്‍ഷകമാക്കും.
ഇംഗ്ലണ്ട്- യുഎസ്എഗ്രൂപ്പ് സിയിലെ വമ്പന്‍ മത്സരമാണ് ഇംഗ്ലണ്ട് - യുഎസ്എ പോരാട്ടം.
ലോകകപ്പിന്‍റെ ആദ്യ വന്‍ പോരും ഇതു തന്നെ. ഈ ഗ്രൂപ്പില്‍ ആദ്യ രണ്ട്
സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്യുമെന്ന് കരുതപ്പെടുന്ന ടീമുകള്‍ നേര്‍ക്കു
നേര്‍ വരുന്നു. 1950 ലോകകപ്പില്‍ ഇരുവരും ആദ്യം ഏറ്റുമുട്ടിയപ്പോള്‍
ഫുട്ബോള്‍ പവര്‍ഹൗസുകളായ ഇംഗ്ലണ്ടിനെ യുഎസ്എ എതിരില്ലാത്ത ഒരു ഗോളിന്
അട്ടിമറിച്ചിരുന്നു. പിന്നീട് ഏറ്റുമുട്ടിയ ഒമ്പത് മത്സരങ്ങളില്‍ ഏഴിലും
ഇംഗ്ലണ്ടിനായിരുന്നു ജയം.
ഇംഗ്ലണ്ട്
യോഗ്യതാ റൗണ്ടിലെ പത്തു മത്സരങ്ങളില്‍ ഒമ്പതിലും വിജയിച്ച
റെക്കോഡുമായാണ് ഇംഗ്ലണ്ട് എത്തുന്നത്. ജപ്പാന്‍, മെക്സിക്കോ, ഈജിപ്റ്റ്
ടീമുകളെ കീഴടക്കുകയും ബ്രസീലിനോട് ഒരേയൊരു ഗോളിനു പരാജയപ്പെടുകയും
ചെയ്ത റെക്കോഡാണ് ലോകകപ്പിനു മുന്നോടിയായി നടന്ന സൗഹൃദ മത്സരങ്ങളില്‍.
ടീം ന്യൂസ്
പരുക്കിനെത്തുടര്‍ന്ന് പുറത്തായ ക്യാപ്റ്റന്‍ റിയോ ഫെര്‍ഡിനാന്‍ഡിന്‍റെ
അഭാവത്തില്‍ സ്റ്റീവന്‍ ജെറാര്‍ഡ് ഇംഗ്ലണ്ടിനെ നയിക്കും. ഇടത് വിങ്ങില്‍
തന്നെയാകും ക്യാപ്റ്റനിറങ്ങുക. ഫ്രാങ്ക് ലംപാഡ് വലത് വിങ്ങറാകും.
ഫെര്‍ഡിനാന്‍ഡിന്‍റെ പകരക്കാരന്‍ ലെഡ്ലി കിങ്ങോ മാത്യു ഉപ്സണോ, ഫാബിയോ
കപ്പെല്ലോയ്ക്കു മാത്രമറിയുന്ന രഹസ്യം. മുന്നേറ്റനിര യില്‍ വെയ്ന്‍
റൂണിക്കൊപ്പം എമില്‍ ഹെസ്കിയെ പരിഗണിക്കുമെന്നു സൂചന.
സ്റ്റാര്‍ ടു വാച്ച്
വെയ്ന്‍ റൂണി (സ്ട്രൈക്കര്‍)
ടീമിനെ ഒറ്റയ്ക്കു തോളിലേറ്റാന്‍ കെല്‍പ്പുള്ള താരമായ റൂണി മികച്ചൊരു
ലോകകപ്പാണ് സ്വപ്നം കാണുന്നത്. ആദ്യ മത്സരത്തില്‍ തന്നെ സ്കോര്‍ ചെയ്ത്
തുടങ്ങാന്‍ ഈ മാഞ്ചെസ്റ്റര്‍ യുനൈറ്റഡ് താരം ആവുംവിധം ശ്രമിക്കും.
യുഎസ്എ
2009 കോണ്‍ഫെഡറേഷന്‍സ് കപ്പ് സെമിയില്‍ സ്പെയ്നെ അട്ടിമറിച്ചതടക്കമുള്ള
നേട്ടങ്ങളോടെയാണ് യുഎസ്എ എത്തുന്നത്. സന്നാഹ മത്സരങ്ങളില്‍ ഓസ്ട്രേലിയ,
തുര്‍ക്കി, എല്‍ സല്‍വദോര്‍ ടീമുകളെ കീഴടക്കിയപ്പോള്‍ ഹോളണ്ടിനോടും
ചെക്ക് റിപ്പബ്ലിക്കിനോടും തോല്‍വി വഴങ്ങി.
ടീം ന്യൂസ്
സ്ട്രൈക്കര്‍ ജോസി അല്‍റ്റിഡോര്‍ കാല്‍മുട്ടിനേറ്റ പരുക്കില്‍ നിന്ന്
മുക്തനായത് യുഎസ്എയ്ക്ക് ആത്മവിശ്വാസമേകിയിട്ടുണ്ട്. എന്നാല്‍
അല്‍റ്റിഡോറിനെ കോച്ച് ബോബ് ബ്രാഡ്ലി ഇന്നിറക്കാന്‍ ചാന്‍സ് കുറവ്.
4-5-1 ശൈലിയില്‍ ലന്‍ഡന്‍ ഡൊണാവനെയോ ക്ലിന്‍റ് ഡെംപ്സിയെയോ
സ്ട്രൈക്കര്‍ക്ക് തൊട്ടുപിന്നില്‍ അഡ്വാന്‍സ്ഡ് മിഡ്ഫീല്‍ഡറുടെ റോളില്‍
നിയോഗിക്കാനും സാധ്യത.
സ്റ്റാര്‍ ടു വാച്ച്
ലന്‍ഡന്‍ ഡൊണാവന്‍
(അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍)
അമേരിക്കന്‍ ഫുട്ബോളിലെ എക്കാലത്തെയും വലിയ സൂപ്പര്‍ താരമായി
മാറിയിരിക്കുന്ന ഡൊണാവന്‍ രാജ്യത്തിന്‍റെ കുതിപ്പില്‍ നിര്‍ണായക പങ്ക്
വഹിക്കും. ടീമിലെ ഏറ്റവും പരിചയ സമ്പന്നനായ ഡൊണോവന്‍ തന്നെയാണ്
ക്യാപ്റ്റനും.
ദക്ഷിണ കൊറിയ - ഗ്രീസ്ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനമാണ് ഇരു ടീമുകളുടെയും ലക്ഷ്യം. പോര്‍ട്ട്
എലിസബത്തിലെ നെല്‍സണ്‍ മണ്ടേല ബേ സ്റ്റേഡിയമാണു വേദി. മത്സരം ഇന്ത്യന്‍
സമയം വൈകിട്ട് അഞ്ചു മണി. ആദ്യ മത്സരത്തില്‍ വിജയിച്ചാല്‍
അര്‍ജന്‍റീനയെയും നൈജീരിയയെയും സമ്മര്‍ദമില്ലാതെ നേരിടാമെന്നാണ് ഇരു
ടീമുകളുടെയും കണക്കുകൂട്ടല്‍.
ദക്ഷിണ കൊറിയ
1986 മുതല്‍ സ്ഥിരമായി ലോകകപ്പ് സാന്നിധ്യമായ കൊറിയ 2002 ല്‍ സെമിവരെ
കുതിച്ചെത്തിയ പ്രകടനത്തിന്‍റെ ആവര്‍ത്തനം സ്വപ്നം കാണുന്നു. 2006 ല്‍
പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ മികച്ച
ഫോമില്‍. സൗഹൃദ മത്സരത്തില്‍ ഐവറി കോസ്റ്റ്, ഇക്വഡോര്‍, ജപ്പാന്‍
തുടങ്ങിയവരെ പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വാസത്തിലുമാണ്. യൂറോപ്യന്‍
ചാംപ്യന്‍മാര്‍ സ്പെയ്നെ 86ാം മിനിറ്റ് വരെ ഗോളടിക്കാന്‍ വിടാതെ
പിടിച്ചുകെട്ടിയതും നേട്ടം.
ടീം ന്യൂസ്
സ്ട്രൈക്കര്‍ ലീ ഡോങ് ഗുക് പരുക്കില്‍ നിന്ന് മുക്തനായത് ടീമിന് ആശ്വാസം.
ഇന്നു കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. സ്പെയ്നെതിരേ സന്നാഹ മത്സരത്തില്‍
പരുക്കുമൂലം ഇറങ്ങാന്‍ കഴിയാതിരുന്ന ക്യാപ്റ്റന്‍ പാര്‍ക്ക് ജി സുങ്ങും
ഫുള്‍ ഫിറ്റ്നസ് വീണ്ടെടുത്തു. കോച്ച് ഹുഹ് ജുങ് മൂ 4-4-2 ഫോര്‍മേഷന്‍
പരീക്ഷിച്ചേക്കും.
സ്റ്റാര്‍ ടു വാച്ച്
പാര്‍ക് ജി സുങ്
(മിഡ്ഫീല്‍ഡര്‍)
ഇംഗ്ലിഷ് പ്രിമിയര്‍ ലീഗ് ക്ലബ് മാഞ്ചെസ്റ്റര്‍ യുനൈറ്റഡിനു വേണ്ടി
കളിക്കുന്ന ക്യാപ്റ്റന്‍ തന്നെയാണ് കൊറിയയുടെ സൂപ്പര്‍ താരം.
മത്സരത്തില്‍ കൊറിയന്‍ തന്ത്രങ്ങള്‍ ഫലപ്രദമാകണമെങ്കില്‍ സുങ്
ഫോമിലേക്കുയര്‍ന്നേ മതിയാകൂ.
ഗ്രീസ്
ഇതു രണ്ടാം തവണ മാത്രമാണ് ഗ്രീസ് ലോകകപ്പ് മഹാമേളയ്ക്കെത്തുന്നത്.
2004ല്‍ യൂറോപ്യന്‍ ചാംപ്യന്‍മാരായ ടീമിന്‍റെ ലോകകപ്പ് അരങ്ങേറ്റം
1994ല്‍ യുഎസ്എയിലായിരുന്നു. അന്ന് ഗ്രൂപ്പിലെ എല്ലാ കളിയും തോറ്റു. ഒറ്റ
ഗോളും സ്കോര്‍ ചെയ്യാനാകാതിരുന്ന ഗ്രീസിന്‍റെ വലില്‍ പത്ത് ഗോളുകളും
ചെന്നു കയറി! ഇത്തവണ സൗഹൃദ മത്സരത്തില്‍ സെനഗലിനെതിരേ പരാജയപ്പെട്ട ശേഷം
ഉത്തര കൊറിയയെ 2-2 സമനിലയില്‍ തളച്ചു. എന്നാല്‍ സന്നാഹ മത്സരത്തില്‍
പരാഗ്വെയ്ക്കെതിരേ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു കീഴടങ്ങി.
ടീം ന്യൂസ്
മിഡ്ഫീല്‍ഡര്‍ വാഞ്ചെലീസ് മൊറസ് പരുക്കുമൂലം ഇന്നിറങ്ങില്ല.
കൊസ്റ്റന്‍റിനോസ് കറ്റ്സൗറനിസാകും പകരക്കാരന്‍. പരുക്കേറ്റ്
പുറത്തായിരുന്ന വസിലിസ് ടൊറെആസിഡിസ്, ജിയൊര്‍കസ് സെയ്റ്റരിഡിസ് എന്നിവരെ
കോച്ച് ഒട്ടൊ റെഹ്ഗല്‍ ആദ്യ ഇലവനില്‍ ഇറക്കിയേക്കും. 4-3-3
ഫോര്‍മേഷനാകും പരീക്ഷിക്കുക
സ്റ്റാര്‍ ടു വാച്ച്
തിയോഫാനിസ് ഗെക്കസ്
(സ്ട്രൈക്കര്‍)
യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ടോപ് സ്കോററായിരുന്ന ഗെക്കസിന്‍റെ
കഴിവുകളിലാണ് ഗ്രീസിന്‍റെ സ്വപ്നങ്ങളേറെയും. 47 അന്താരാഷ്ട്ര
മത്സരങ്ങളില്‍ നിന്ന് 20 ഗോളുകള്‍ സ്വന്തമാക്കിയ ഈ മുപ്പതുകാരന്‍
കൊറിയന്‍ പ്രതിരോധം തുളച്ചു കയറുമെന്ന് ഗ്രീക്ക് ആരാധകര്‍ സ്വപ്നം
കാണുന്നു.