ജൊഹാന്നാസ് ബര്ഗ്സോക്കര് സിറ്റിയുടെ ഗ്യാലറിക്ക് ഓറഞ്ച് നിറമായിരുന്നു. പക്ഷേ, അവിടെ
ആദ്യമായൊരു ഓളം തള്ളിച്ചത് ഹോളണ്ടിന്‍റെ എതിരാളികളാണ്, ഡെന്‍മാര്‍ക്ക്.
മത്സരത്തിലെ ആദ്യ ഗോള്‍ ഡെന്‍മാര്‍ക്കിന്‍റെ വക, ര ണ്ടാം പകുതിയുടെ ആദ്യ
മിനിറ്റില്‍. പക്ഷേ, എന്തുചെയ്യാം, സ്വന്തം പോസ്റ്റിലായിപ്പോയി, ആഘോഷം
ഓറഞ്ച് പടയ്ക്ക്. 85ാം മിനിറ്റില്‍ ഡിര്‍ക്ക് ക്യുയിറ്റ് പട്ടിക
തികച്ചപ്പോള്‍ ഡച്ച് ടീമിന്‍റെ ലോകകപ്പ് ക്യാംപെയ്നു ജയത്തോടെ തുടക്കം.
ക്രെഡിറ്റില്‍ പാതി സെല്‍ഫ് ഗോളിനു പോകുമെങ്കിലും ആക്രമണ ഫുട്ബോള്‍
അര്‍ഹിച്ച ജയമാണു ഹോളണ്ടിലൂടെ സ്വന്തമായത്. ആദ്യ മിനിറ്റുകളില്‍ തന്നെ
വീശിത്തുടങ്ങി ആക്രമണ കൊടുങ്കാറ്റുകള്‍.
പക്ഷേ, ആര്യന്‍ റോ ബനെപ്പോലൊരു ഷാര്‍പ്പ് ഷൂട്ടര്‍ പരുക്കു കാരണം പുറത്തിരിക്കുന്നതു ടീമിനു തീരെ ഗുണം ചെയ്തില്ല.
ക്ലബ് ഫുട്ബോളില്‍നിന്നു സമ്പാദിച്ച പേരിന്‍റെ പ്രഭാവങ്ങള്‍ റോബിന്‍
വാന്‍ പെഴ്സിയും റഫേല്‍ വാന്‍ ഡെര്‍ വാ ര്‍ട്ടും വെസ്ലി സ്നൈഡറുമൊക്കെ
ഇടയ്ക്കിടെ പുറത്തെടുക്കുന്നുണ്ടായിരുന്നു. ഡിഫന്‍ഡര്‍ ജോര്‍ജി
വാന്‍ഡെര്‍ വീല്‍ ആദ്യ മിനിറ്റുകളില്‍ ഒറ്റയ്ക്കു നടത്തിയ രണ്ടു
മുന്നേറ്റങ്ങള്‍ പഴയ ടോട്ടല്‍ ഫുട്ബോളിന്‍റെ മങ്ങിയ നിഴലുകളെയും
ഓര്‍മിപ്പിച്ചു.
പത്താം മിനിറ്റില്‍ ക്യുയിറ്റിന്‍റെ ബുള്ളറ്റ് ഷോട്ട് പ്രഗല്‍ഭനായ ഡാനിഷ്
ഗോളി തോമസ് സോറന്‍സെന്‍റെ കൈയില്‍നിന്നു വഴുതി. പക്ഷേ, മറ്റു ഡച്ച്
താരങ്ങളാരും അടുത്തില്ലാതിരുന്നത് അപകടമൊഴിവാക്കി. 20, 21 മിനിറ്റുകളില്‍
വാന്‍ഡെര്‍ വാര്‍ട്ട് ഗോള്‍ പോസ്റ്റിന്‍റെ രണ്ട് അതിരുകളും അളന്നു
തെറ്റിച്ചു.
22ാം മിനിറ്റിലായിരുന്നു ഡെന്‍മാര്‍ക്കിന്‍റെ ആദ്യ ആക്രമണം. തോമസ്
എനെവോള്‍ഡ്സനു ലക്ഷ്യം തെറ്റിയതു മിച്ചം. 27ാം മിനിറ്റില്‍ ഡെന്നിസ്
റോമഡാല്‍ വലതു വിങ്ങില്‍ നിന്നു നല്‍കിയ കണിശതയുള്ള ക്രോസ് അവര്‍ക്ക്
മികച്ച അവസരമൊരുക്കി. നിക്ളാസ് ബെന്‍റ്നറുടെ ഹെഡര്‍ തലനാരിഴയ്ക്കു
പുറത്തേക്ക്. 37ാം മിനിറ്റില്‍ തോമസ് കാലര്‍ബര്‍ഗിനു മുന്നിലാണ് ഡച്ച്
ഗോളി മാര്‍ട്ടന്‍ സ്റ്റെകലന്‍ബര്‍ഗ് ആദ്യമായി പ്രതിഭ തെളിയിക്കുന്നത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ വാന്‍ പെഴ്സിയുടെ ക്രോസില്‍നിന്നാണു
സെല്‍ഫ് ഗോളിന്‍റെ പിറവി. പെനല്‍റ്റി ഏരിയയ്ക്കുള്ളില്‍ ഡെന്‍മാര്‍ക്ക്
മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ പോള്‍സെന്‍ കൃത്യമായി പുറത്തേക്കു ഹെഡ്
ചെയ്തു. പക്ഷേ, മറ്റൊരു പോള്‍സെന്‍റെ പന്തു പോലുള്ള മൊട്ടത്ത ല
ഇടയ്ക്കു വന്നുകയറിയത് ആകെ കുഴപ്പമായി. സൈമണ്‍ ബസ്ക് പോള്‍സെന്‍റെ
തലയില്‍ തട്ടിത്തെറിച്ച പന്ത് നേരേ ഗോള്‍പോസ്റ്റില്‍, ആഫ്രിക്കന്‍
ലോകകപ്പിലെ ആദ്യ സെല്‍ഫ് ഗോള്‍!
അമ്പത്തിരണ്ടാം മിനിറ്റില്‍ വാന്‍ പെഴ്സിയുടെ ഒറ്റയ്ക്കുള്ള മുന്നേറ്റം
അഡ്വാന്‍സ് ചെയ്ത ഗോളി സോറന്‍സെന്‍ വിഫലമാക്കി. അമ്പത്തൊമ്പതാം
മിനിറ്റിലെ ബാക്ക് ഹീല്‍ ഷോട്ട് ഗോളിയുടെ സൂക്ഷ്മതയ്ക്കു മുന്നില്‍
കോര്‍ണറായി ഒടുങ്ങി.
അറുപത്തൊന്നാം മിനിറ്റില്‍ വാന്‍ പെഴ്സി വല കുലുക്കിയെങ്കിലും ഓഫ്സൈഡ്
വിസില്‍ മുഴങ്ങി. വാന്‍ഡെര്‍ വാര്‍ട്ടിനു പകരമിറങ്ങിയ എല്‍ജെറേ എലിയ 73ാം
മിനിറ്റില്‍ ബോക്സിലേക്കു നല്‍കിയ ക്രോസ് രണ്ടു തവണയാണ് സോറന്‍സെന്‍
രക്ഷപെടുത്തിയത്. 77ാം മിനിറ്റില്‍ വാന്‍ പെഴ്സിക്കു പകരം ഇബ്രാഹി അഫലേ
വന്നു.
82ാം മിനിറ്റില്‍ സ്നൈഡറുടെ ലോങ് റേഞ്ചര്‍ വീണ്ടും സോറന്‍സെനെ
പരീക്ഷിച്ചു. പക്ഷേ, 85ാം മിനിറ്റില്‍ നിസഹായനായിപ്പോയി ഡാനിഷ് ഗോളി.
സ്നൈഡറുടെ പാസ് സ്വീകരിച്ച് പോസ്റ്റിന്‍റെ ഇടതുഭാഗത്തു നിന്ന് എലിയ
തൊടുത്ത ഷോട്ട് ഗോളിയെ കീഴടക്കിയെങ്കിലും പതിച്ചത് വലതു പോസ്റ്റില്‍.
ഫസ്റ്റ് ടച്ചിലൂടെ റീബൗണ്ട് കൃത്യമായി വലയിലെത്തിച്ച ക്യുയിറ്റ് ടീമിന്‍റെ
ജയമുറപ്പിച്ചു. എന്നിട്ടും അതിലൊന്നു കൈതൊടാനായി സോറന്‍സെന്.
സെല്‍ഫ് ഗോളിനു വഴിയൊരുക്കിയ ക്രിസ്റ്റ്യന്‍ പോള്‍സെന്‍റെ
പ്രായശ്ചിത്തവും കണ്ടു 88ാം മിനിറ്റില്‍. ഗോളിയുടെ കൈയില്‍ തട്ടി ഗതി
മാറിയ പന്ത്, ഗോള്‍ലൈനില്‍നിന്നൊരു ബൈസിക്കിള്‍ കിക്കിലൂടെ
രക്ഷിച്ചെടുത്തു പോള്‍സെന്‍. പക്ഷേ, വൈകിപ്പോയിരുന്നു.