നെല്സ്പ്രൂയിറ്റ്മാഴ്സലോ സലാസിനും ഇവാന്‍ സമൊറാനോയ്ക്കും സാധിക്കാത്തത് ഴാങ്
ബ്യൂസെജോറിനു സാധിച്ചു, 1962നു ശേഷം ആദ്യമായൊരു ലോകകപ്പ് ജയം ചിലിക്ക്.
എഫ് ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ നേരിട്ടതു ഹോണ്ടുറാസ് എന്ന
ദുര്‍ബലരെയാണ്. ജയിച്ചത് വെറും ഒരു ഗോളിനാണ്. പക്ഷേ, ആ ഗോളടിച്ച
ബ്യൂസെജോര്‍ ചിലിക്കു നാഷണല്‍ ഹീറോ. 1962ലെ ലോകകപ്പില്‍
യൂഗോസ്ലാവ്യയ്ക്കെതിരേയാണു ചിലി ഇതിനു മുന്‍പ് ജയം നേടിയത്.
കളിയുടെ തുടക്കം മുതല്‍ കെട്ടഴിച്ച ആക്രമണ ഫുട്ബോളിലൂടെ ചുവന്ന
ജെഴ്സിക്കാര്‍ സ്വന്തമാക്കിയത് അര്‍ഹിച്ച ജയം. വണ്‍ ടച്ച് പാസുകളിലൂടെ
എതിര്‍ഗോള്‍മുഖം നിരന്തരം റെയ്ഡ് ചെയ്ത ചിലി ഹോണ്ടുറാസിനെ വെള്ളം
കുടപ്പിച്ചു. റയല്‍ മാഡ്രിഡ് കണ്ണുവെയ്ക്കുന്ന അലക്സി സാഞ്ചസാണ് അവരുടെ
നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചത്. സാഞ്ചസ് പന്തുതൊട്ടപ്പോഴെല്ലാം
എതിര്‍ പ്രതിരോധം ആടിയുലഞ്ഞു. ഗോളി നിയോള്‍ വല്ലാറഡേഴ്സിന്‍റെ
സേവുകളില്ലായിരുന്നെങ്കില്‍ ഹോണ്ടുറാസിന്‍റെ തോല്‍വിയുടെ മാര്‍ജിന്‍
വര്‍ധിച്ചേനെ. സ്റ്റാര്‍ സ്ട്രൈക്കര്‍ കാര്‍ലോസ് പാവന്‍ ഫ്ളോപ്പായതും
അവര്‍ക്കു തിരിച്ചടിയായി.
ആദ്യ അരമണിക്കൂറിനുള്ളില്‍ തന്നെ നിരവധി അവസരങ്ങള്‍ ചിലി തുറന്നെടുത്തു.
മാറ്റിയസ് ഹെര്‍ണാണ്ടസിന്‍റെ തകര്‍പ്പന്‍ ഫ്രീകിക്ക് ഉള്‍പ്പെടെ ചില
ഷോട്ടുകള്‍ ഹോണ്ടുറാസിന്‍റെ ഗോള്‍വലയ്ക്കരികിലൂടെ പറന്നു.
പ്രയ്തനങ്ങളുടെ ഫലമെന്നോണം 34ാം മിനിറ്റില്‍ ഗോള്‍ വന്നു. സാഞ്ചസും
മൗറോഷ്യ ഇസ്ലായും നടത്തിയ നീക്കത്തിനൊടുവില്‍ ബ്യൂസെജോര്‍
എതിര്‍വലയില്‍ പന്തെത്തിച്ചു.
ഒന്നാം പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ ഹോണ്ടുറാസ്
ഒപ്പമെത്തിയേനെ. എന്നാല്‍, റോമന്‍ നൂനസിന്‍റെ ഫ്രീകിക്ക് പുറത്തേക്ക്.
രണ്ടാം പകുതിയിലും അവരുടെ പ്രകടനം മെച്ചപ്പെട്ടില്ല. ചിലിയന്‍ ആധിപത്യം
വര്‍ധിക്കുകയും ചെയ്തു. ബോക്സിനകത്തു ലഭിച്ച പന്തിനെ സാഞ്ചസ്
ഗ്യാലറിയിലേക്കടിച്ചതും വാള്‍ഡോ പോണ്‍സിന്‍റെ ക്ലോസ് റേഞ്ച് ഹെഡ്ഡര്‍
വല്ലാറഡേഴ്സ് തടുത്തതും ലീഡ് വര്‍ധിപ്പിക്കാനുള്ള അവസരങ്ങള്‍
നഷ്ടപ്പെടുത്തി. ബോള്‍ പൊസഷനില്‍ ചിലിയന്‍ ആധിപത്യം തുടര്‍ന്നപ്പോള്‍
ഹോണ്ടുറാസിന്‍റെ സമനില മോഹം പൊലിയുകയും ചെയ്തു.