ചൈതന്യ ജി.യൂറോപ്യന്‍ പവര്‍ ഗെയിം കാലുകളിലേക്കാവാഹിക്കുമ്പോഴും ആഫ്രിക്കന്‍
താളങ്ങള്‍ക്കൊത്ത് മനസിലൊരു പന്തിനെ നൃത്തം ചെയ്യിച്ചവന്‍, ആഫ്രിക്കന്‍
ലോകകപ്പിന്‍റെ മുഖരൂപമായവന്‍, സാമുവല്‍ എറ്റൂ. രാജ്യത്തിന്‍റെ
അഭിമാനഗോപുരമായിരുന്ന റോജര്‍ മില്ല ചരിത്രത്തില്‍ ചവിട്ടിനിന്നു
വെല്ലുവിളിച്ചപ്പോള്‍ ടീമിനെത്തന്നെ ഉപേക്ഷിക്കുമെന്നവന്‍ ഭീഷണി മുഴക്കി.
പക്ഷേ, അതൊരിക്കലും സാധിക്കുമായിരുന്നില്ല എറ്റൂവിന്. ചിലതെല്ലാം
തെളിയിച്ചു തരാമെന്നു മില്ലയോടു വീമ്പു പറഞ്ഞത് ഗോള്‍വരള്‍ച്ചയറിയാത്ത
സ്വന്തം ബൂട്ടുകളെ വിശ്വസിച്ചായിരുന്നു; ആഫ്രിക്ക കണ്ട എക്കാലത്തെയും
മികച്ച ഫുട്ബോളറെന്ന് ദിദിയര്‍ ദ്രോഗ്ബ കേള്‍ക്കെ തന്നെ വാഴ്ത്തിയവരുടെ
വാക്കുകളെ വിശ്വസിച്ചായിരുന്നു.
ജപ്പാന്‍റെ നീലയോദ്ധാക്കള്‍ ആദ്യ മത്സരത്തില്‍ തന്നെ എറിഞ്ഞുടച്ചു കളഞ്ഞു
ആ വിശ്വാസങ്ങളെ. പിന്നെ ഡെന്‍മാര്‍ക്കിന്‍റെ വലയിലേക്ക് നിന്നനില്‍പ്പില്‍
പന്തു നിയന്ത്രിച്ചൊരു ബുള്ളറ്റ് പായിച്ചപ്പോള്‍ കരുതി എറ്റൂ
ബാഴ്സലോണയിലെ ആ സുവര്‍ണകാലത്തേക്കു മടങ്ങിക്കഴിഞ്ഞെന്ന്. പക്ഷേ, അന്തിമ
ഫലത്തില്‍ കാമറൂണിനു രണ്ടാം തോല്‍വിയും നാട്ടിലേക്കു മടക്ക ടിക്കറ്റും.
കാമറൂണിന്‍റെ ക്യാപ്റ്റന്‍ ഇപ്പോള്‍ വിലപിക്കുകയാണ്- ഇത് ഹൃദയഭേദകം.
ഒരിക്കലും പ്രതീക്ഷിക്കാത്തത്. നോക്കൗട്ട് റൗണ്ടിലൊരു സ്ഥാനം ഞങ്ങള്‍
അര്‍ഹിച്ചിരുന്നു....
സാമുവല്‍ എറ്റൂവും ദിദിയര്‍ ദ്രോഗ്ബയും യൗവനോദയങ്ങളില്‍ തന്നെ
ആഫ്രിക്കയില്‍നിന്നു യൂറോപ്പിലേക്കു വിമാനം കയറിയവര്‍. ഇരുവരും
തമ്മിലുള്ള പകയുടെ കഥകളും കുപ്രസിദ്ധമായി ക്ലബ് ഫുട്ബോളിന്‍റെ
പിന്നാമ്പുറങ്ങളില്‍. ആഫ്രിക്കയില്‍ ആദ്യമായി ലോകകപ്പ് വന്നപ്പോള്‍
ഫിഫയുടെ ഔദ്യോഗിക പോസ്റ്ററില്‍ വന്‍കരയുടെ ഭൂപടത്തിന്‍റെ മുഖമായി എറ്റൂ
നിറഞ്ഞപ്പോള്‍, ദ്രോഗ്ബ തോറ്റു, അവന്‍ തന്നെ മികച്ചവന്‍. പക്ഷേ,
ആഫ്രിക്കന്‍ ലോകകപ്പില്‍നിന്നു പുറത്താകുന്ന ആദ്യത്തെ ടീമായി ആഫ്രിക്കന്‍
സിംഹങ്ങള്‍ തന്നെ മാറിയപ്പോള്‍ എറ്റൂവും തോറ്റു, മില്ല ജയിച്ചു, അവന്‍
ക്ലബ് ഫുട്ബോളിനു മാത്രം ചേര്‍ന്നവന്‍.
ഇ ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ
നേരിടാനിറങ്ങുമ്പോള്‍ വുവുസെലകളുടെ കാതടപ്പിക്കുന്ന ആരവത്തിനൊപ്പം
ആര്‍പ്പുവിളിയുമായി പതിനായിരക്കണക്കിന് ആരാധകരും കാമറൂണിനു പിന്നില്‍
അണിനിരന്നു. ആവേശത്തിന് എണ്ണ പകര്‍ന്ന് പത്താം മിനിറ്റില്‍ എറ്റൂവിന്‍റെ
ഗോള്‍. തുടരെ അവസരങ്ങള്‍ തുറന്നെടുക്കുന്നതില്‍ വിജയിച്ചെങ്കിലും ഡാനിഷ്
ഗോള്‍വല പിന്നീടൊരിക്കലും കുലുങ്ങിയില്ല. പക്ഷേ, സൂപ്പര്‍ താരം
നിക്കൊളാസ് ബെന്‍ഡ്നറുടെയും ഡെന്നിസ് റൊമ്മെദാലിന്‍റെയും ഷോട്ടുകള്‍
കാമറൂണിന്‍റെ വല കുലുക്കുക തന്നെ ചെയ്തു. ഫൈനല്‍ വിസില്‍
മുഴങ്ങുമ്പോഴേക്കും വുവുസെലകള്‍ നിശബ്ദമായി, കാമറൂണിനു സഡന്‍ ഡെത്ത്,
ആഫ്രിക്കയുടെ സ്വന്തം സാമുവല്‍ എറ്റൂവിനും.
യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലുള്ള പോരാട്ടമല്ല ലോക ഫുട്ബോള്‍
എന്നു തെളിയിക്കാന്‍ ഏറ്റവും പ്രാപ്തരമെന്നു കരുതപ്പെട്ടവരുടെ
കൂട്ടത്തിലായിരുന്നു കാമറൂണിന്‍റെ സ്ഥാനം. ലോക റാങ്കിങ്ങില്‍
പുറത്തുപറയാന്‍ കൊള്ളാവുന്ന സ്ഥാനം. കളി മികവില്‍ റോജര്‍ മില്ലയെ
വെല്ലുന്ന എറ്റൂ നായകന്‍റെ റോളില്‍. അലെക്സാന്‍ഡ്രെ സോങ്ങും
ജെറെമിയുമടക്കമുള്ള താരസാന്നിധ്യം.... എന്നാല്‍, ലോകകപ്പ് ക്യാംപെയ്ന്‍
തുടങ്ങുന്നതിനു തൊട്ടുമുന്‍പ് മില്ല വെടിപൊട്ടിച്ചു. ക്ലബ്ബുകള്‍ക്കായി
മെയ്മറന്നു പൊരുതുന്ന എറ്റൂ രാജ്യത്തിനായി ഒന്നും നേടിയിട്ടില്ലെന്ന്.
1990 ലോകകപ്പില്‍ കാമറൂണ്‍ ക്വാര്‍ട്ടര്‍ വരെ കുതിച്ചെത്തിയപ്പോള്‍
മുപ്പത്തെട്ടുകാരനായ മില്ല നാഷണല്‍ ഹീറോ ആയി. ഫുട്ബോളിനെ സ്നേഹിക്കുന്ന
മറ്റേതു കാമറൂണ്‍കാരനെയും പോലെ എറ്റൂവും അകമഴിഞ്ഞ് ആരാധിച്ചിരുന്നു
മില്ലയെ. പക്ഷേ, തന്‍റെ ആരാധനാപാത്രത്തില്‍ നിന്നേറ്റ തീയമ്പുകള്‍ അവനെ
ചൊടിപ്പിച്ചു. ക്യാപ്റ്റന്‍സി ഉപേക്ഷിക്കുമെന്നും ടീം
വിടുമെന്നുമൊക്കെയുള്ള പിടിവാശികളില്‍നിന്ന് എറ്റൂവിനെ
പിന്തിരിപ്പിക്കാന്‍ ഏറെ പാടുപെടേണ്ടിവന്നു മാനെജ്മെന്‍റിനും മറ്റു
കളിക്കാര്‍ക്കും.
ബാഴ്സലോണയില്‍ അഞ്ചു വര്‍ഷം നീണ്ട കരിയറില്‍ എറ്റൂ അടിച്ചുകൂട്ടിയത് 108
ഗോളുകള്‍. അവര്‍ക്ക് അസ്പൃശ്യനായപ്പോള്‍ ഇറ്റലിയിലെ ഇന്‍റര്‍ മിലനില്‍,
അവിടെ 32 മത്സരങ്ങളില്‍ 12 ഗോള്‍ മാത്രം. പക്ഷേ, കഴിഞ്ഞ രണ്ടു സീസണുകളായി
എറ്റൂ ഉള്ളിടത്തു മാത്രമാണ് ചാംപ്യന്‍സ് ലീഗ് കിരീടം.
1996 ല്‍ പതിനഞ്ചാം വയസില്‍ ദേശീയ ടീമില്‍ അരങ്ങേറിയ എറ്റൂ 1998, 2002
ലോകകപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. പക്ഷേ, മറ്റൊരു
മില്ലയാകാന്‍ കഴിഞ്ഞില്ല, രണ്ടു തവണയും കാമറൂണിന്‍റെ യാത്ര ഒന്നാം
റൗണ്ടിനപ്പുറം പോയില്ല. എറ്റൂ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍
കളിച്ചിരുന്ന 2006ലാകട്ടെ കാമറൂണ്‍ ലോകകപ്പിനു യോഗ്യത നേടിയതുമില്ല.
29 വയസാണ് എറ്റൂവിനിപ്പോള്‍. 2014 ലെ ബ്രസീലിയന്‍ ലോകകപ്പിലോ,
മില്ലയ്ക്കൊത്ത സ്റ്റാമിനയുണ്ടെങ്കില്‍ പിന്നെയൊരു ലോകകപ്പില്‍ കൂടിയോ
കളിക്കാം.
വെല്ലുവിളികള്‍ക്കു മറുപടി നല്‍കാന്‍ ഇനിയുമുണ്ട് സമയം. അതിനു മുന്‍പ്
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഹോളണ്ട് പടയ്ക്കെതിരേ വിജയത്തോടെ
തലയുയര്‍ത്തി മടങ്ങണമെന്നു സിംഹങ്ങളുടെ നായകന്‍ ആഗ്രഹിക്കുന്നു.
ആഫ്രിക്കന്‍ കരുത്തിന്‍റെ ആരാധകര്‍ക്ക് പ്രാര്‍ഥനയുമായി ഒപ്പം ചേരാം.