ഇംഗ്ലണ്ടിനെ
തുറിച്ചുനോക്കുകയാണു നാണക്കേട്. അരനൂറ്റാണ്ടിനു ശേഷം ഇതാദ്യമായി
ലോകകപ്പിന്‍റെ ഗ്രൂപ്പ് സ്റ്റേജില്‍ പുറത്താകുമോ അവര്‍? ഫുട്ബോള്‍
പ്രേമികള്‍ കാത്തിരി ക്കേ ഇംഗ്ലണ്ട് ഇന്നു രണ്ടും കല്‍പ്പിച്ചിറങ്ങുന്നു,
ഗ്രൂപ്പ് സിയില്‍ സ്ലൊവേന്യയ്ക്കെതിരേ. വിജയമില്ലെങ്കില്‍ നോക്കൗട്ട്
റൗണ്ട് ഉറപ്പിക്കാനാവില്ല. സമനിലയെങ്കില്‍ യുഎസ്എ- അള്‍ജീരിയ മത്സരഫലത്തെ
ആശ്രയിച്ചിരിക്കും പ്രീ ക്വാര്‍ട്ടര്‍ എന്‍ട്രി. തോറ്റാല്‍ പിന്നെ
മറുചോദ്യമില്ല, ഫുട്ബോളിന്‍റെ ജന്മനാട്ടുകാരുടെ ആരാധകര്‍ മറ്റു
ടീമുകള്‍ക്കു പിന്തുണ പ്രഖ്യാപിച്ച് നോക്കൗട്ട് റൗണ്ട്
ആസ്വദിക്കേണ്ടിവരും.
എന്തിനും പോരാഞ്ഞ് മുന്‍ ക്യാപ്റ്റന്‍ ജോണ്‍ ടെറി കോച്ച് ഫാബിയോ
കപ്പെല്ലോയ്ക്കെതിരേ പാളയത്തില്‍ പടനയിക്കാന്‍ ശ്രമിച്ചതും ഇംഗ്ലണ്ടിനു
കൂനിന്മേല്‍ കുരു. ഇറ്റാലിയന്‍ കോച്ചുമായി താരങ്ങള്‍ക്കു
പ്രശ്നങ്ങളുണ്ടെന്നും അതു സംസാരിച്ചു പരിഹരിക്കുമെന്നുമായിരുന്നു ടെറിയുടെ
പ്രസ്താവന. അള്‍ജീരിയയ്ക്കെതിരേ മത്സരശേഷം നടന്ന
പത്രസമ്മേളനത്തിലായിരുന്നു ഇത്.
പരസ്യമായി ഇങ്ങനെയൊ ക്കെ പറഞ്ഞാല്‍ കപ്പെല്ലോയ്ക്കു സഹിക്കുമോ. ടെറി
പറഞ്ഞതു തെറ്റായെന്നു തിരിച്ചടിച്ചു കോച്ച്. “”""പ്രശ്നമുണ്ടെങ്കില്‍
ആദ്യം കോച്ചുമായി ചര്‍ച്ച ചെയ്യണം. അല്ലാതെ പത്രസമ്മേളനത്തില്‍
വിളിച്ചുകൂവുകയല്ല വേണ്ടത്’''.
തന്‍റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും ക്യാംപില്‍
പ്രശ്നങ്ങളൊന്നുമില്ലെന്നുമാണിപ്പോള്‍ ടെറിയുടെ നിലപാട്. കോച്ചിനോടു
ക്ഷമയും ചോദിച്ചുകഴിഞ്ഞു ടെറി. പക്ഷേ, ക്യാംപില്‍ ഇതൊക്കെ
അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നതു സ്വാഭാവികം.
ഇതെല്ലാം അതിജീവിച്ചു ജയത്തോടെ മുന്നേറാന്‍ ഇംഗ്ലണ്ടിനു കഴിയുമോ? വെയ്ന്‍ റൂണി ഉയരുമോ, പ്രതീക്ഷയ്ക്കൊത്ത്.
ഇംഗ്ലണ്ട്
യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തിന്‍റെ നിഴല്‍ മാത്രമായിരുന്നു ആദ്യ
രണ്ടു മത്സരങ്ങളിലും ഇംഗ്ലണ്ട്. ദുര്‍ബലരായ അള്‍ജീരിയയ്ക്കെതിരേ
ഗോള്‍രഹിത സമനില വഴങ്ങിയ വെയ്ന്‍ റൂണിയെയും കൂട്ടരെയും ആരാധകര്‍
പരസ്യമായി കൂക്കിവിളിച്ചു. 1990ലെ ഇറ്റാലിയ ലോകകപ്പിലും ഇതേ
അവസ്ഥയായിരുന്നു ഇംഗ്ലണ്ടിന്. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ സമനില
വഴങ്ങിയ ടീമിന് അവസാന പോരില്‍ ഈജിപ്റ്റിനെതിരേ വിജയം ആവശ്യം. ബോബി
റോബ്സണ്‍ പരിശീലിപ്പിച്ച ടീം ഈസിയായി വിജയം സ്വന്തമാക്കി. ആ
പ്രകടനത്തിന്‍റെ ആവര്‍ത്തനം ടീം ലക്ഷ്യമിടുന്നു.
ടീം ന്യൂസ്
സസ്പെന്‍ഷനിലായ ജാമി കാരഗര്‍ക്കു പകരം മാത്യു ഉപ്സണ്‍ സെന്‍ട്രല്‍
ഡിഫന്‍ഡറുടെ റോള്‍ ഏറ്റെടുക്കും. മുന്നേറ്റനിരയില്‍ എമില്‍ ഹെസ്കിയെ
മാറ്റി പരീക്ഷിക്കാനും സാധ്യത. ജെര്‍മെയ്ന്‍ ദിഫോയ് റൂണിക്കു
കൂട്ടായെത്തിയേക്കും.
സ്റ്റാര്‍ ടു വാച്ച്
വെയ്ന്‍ റൂണി
ആകെ മാറിയാണ് ഈ ലോകകപ്പിനെത്തുന്നതെന്ന് ആണയിട്ടു പറഞ്ഞ റൂണി ഇതുവരെ
കളിച്ചതൊന്നും പോരാ. ആരാധകര്‍ക്കും റഫറിക്കും നേരേ തട്ടിക്കയറുന്ന
സ്വഭാവം പുറത്തെടുത്തു തുടങ്ങിയിട്ടുമുണ്ട്. നിര്‍ണായക മത്സരത്തില്‍
റൂണിയുടെ പ്രതിഭ കാണാമെന്ന് ആരാധകര്‍ക്കു പ്രതീക്ഷ.
സ്ലൊവേന്യ
അള്‍ജീരിയയെ 1-0നു പരാജയപ്പെടുത്തുകയും യുഎസിനെ 2-2 സമനിലയില്‍
തളയ്ക്കുകയും ചെയ്ത സ്ലൊവേന്യയ്ക്ക് ഇന്നു സമനിലയായാലും മുന്നേറാം.
ലോകകപ്പിലെ അരങ്ങേറ്റക്കാരായ ടീം ഇതിനുമുന്‍പ് ഇംഗ്ലണ്ടിനോട്
ഏറ്റുമുട്ടിയിട്ടുണ്ട്. അന്നു ജയിച്ചത് ഇംഗ്ലണ്ട്- 2-1ന്.
ടീം ന്യൂസ്
പ്രതിരോധത്തിലൂന്നിയ തന്ത്രമാകും സ്ലൊവേന്യയുടേത്. പരുക്കേറ്റ
ഡിഫന്‍ഡര്‍ മാര്‍ക്കൊ സുലെര്‍ ഇറങ്ങില്ല. മറ്റെ ജ് മവ്റിക്കാകും
പകരക്കാരന്‍. പരുക്കേറ്റതിനെത്തുടര്‍ന്നു നാട്ടിലേക്കു തിരിച്ച
മിഡ്ഫീല്‍ഡര്‍ മെജ് പെക്നിക്കും ഇന്നുണ്ടാകില്ല.
സ്റ്റാര്‍ ടു വാച്ച്
വാള്‍ട്ടര്‍ ബിര്‍സ
യുഎസിനെതിരേ മിന്നും പ്രകടനം പുറത്തെടുത്ത ഈ പ്ലേമേക്കറില്‍ നിന്ന് ടീം
ഏറെ പ്രതീക്ഷിക്കുന്നു. യുഎസിനെതിരേ ഒരു ഗോളും നേടിയിരുന്നു ബിര്‍സ.