ഡര്ബന്ദക്ഷിണാഫ്രിക്കന് ലോകകപ്പിനിറക്കിയ പുതിയ പന്ത് ജബുലാനിയെ
പഴിക്കുന്നവര്‍ ഏറെ. ഫ്രീകിക്ക് എടുക്കുമ്പോള്‍ ഏറെ ഉയര്‍ന്നു പോകുന്നു.
പെനല്‍റ്റി ഏരിയക്കു തൊട്ടുമുന്നില്‍നിന്നുള്ള ഫ്രീകിക്കുകള്‍
പ്രതീക്ഷിക്കുന്നതിലും പൊന്തി ബാറിനു മുകളിലൂടെ പറക്കുന്നു. യാതൊരു
നിയന്ത്രണവും കിട്ടുന്നില്ല. സ്പാനിഷ് സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസ്
അടക്കം നിരവധി താരങ്ങള്‍ പറയുന്നത് ഇങ്ങനെയൊക്കെ.
ഈ പരാതിയെല്ലാം ദക്ഷിണ കൊറിയക്കാര്‍ക്കും ഉണ്ടായിരുന്നു. പക്ഷേ, അങ്ങനെ
വിട്ടാല്‍ പറ്റില്ലല്ലോ. അവര്‍ പുതിയ പന്തു നിയന്ത്രിക്കാന്‍ പഠിച്ചു.
മണിക്കൂറുകള്‍ നീണ്ട പ്രാക്റ്റിസ്. അതിന്‍റെ നേട്ടമാണ് പ്രീ ക്വാര്‍ട്ടര്‍
എന്‍ട്രിയെന്ന് കോച്ച് ഹു ജംഗ്-മൂ.
ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കൊറിയയുടെ രണ്ടു ഗോളുകളും പിറന്നതു
ഫ്രീകിക്കില്‍നിന്ന്. പന്ത്രണ്ടാം മിനിറ്റില്‍ ഒരു ഗോളിനു
പുറകിലായതാണവര്‍. പെനല്‍റ്റി ഏരിയക്കു തൊട്ടടുത്തു കിട്ടിയ
ഫ്രീകിക്കില്‍നിന്നാണ് ലീ ജുങ്-സു സമനില ഗോള്‍ നേടിയത്. മറ്റൊരു
ഫ്രീകിക്ക് കറക്കി നൈജീരിയന്‍ വലയിലാക്കി പാര്‍ക്ക് ചൂ-യുങ് രണ്ടാം ഗോളും
നേടി. അതേസമയം, 22 ഫ്രീകിക്കുകളാണ് നൈജീരിയ പാഴാക്കിയത്.
“”മറ്റു പന്തുകളെപ്പോലെ ശക്തിയോടെ കിക്ക് ചെയ്താല്‍ 90 ശതമാനം സാധ്യതയും
ഉയര്‍ന്നുപൊങ്ങി പുറത്തുപോകാനാണ്. താരതമ്യേന മൃദുവായി വേണം
കിക്കെടുക്കാന്‍. അതില്‍ ഞങ്ങള്‍ നല്ല പരിശീലനം നേടി’’- കൊറിയന്‍ കോച്ച്
പറയുന്നു. ഏഷ്യന്‍ ഫുട്ബോള്‍ വളരുകയാണെന്നു ഞങ്ങള്‍ തെളിയിച്ചു. ഏഷ്യയിലെ
ഏറ്റവും നല്ല ടീം ഞങ്ങളെന്നും തെളിഞ്ഞു- ആവേശഭരിതനായി മിഡ് ഫീല്‍ഡര്‍ കി
സുങ്-യങ്.
അവസരങ്ങള്‍ തുലച്ചതാണു വിനയായതെന്നു നൈജീരിയ. ആഫ്രിക്കയുടെ പ്രതീക്ഷ
തകര്‍ത്തതിന്‍റെ കണ്ണീരുമായാണവര്‍ ഗ്രൗണ്ട് വിട്ടത്. ആതിഥേയര്‍ പുറത്തായ
ദിവസം തന്നെയായി ഇവരുടെ മടക്കവും. എല്ലാവരും കരയുകയാണ്- ഡ്രെസിങ്
റൂമിലേക്കു ചൂണ്ടിക്കൊണ്ട് മിഡ്ഫീല്‍ഡര്‍ ഡിക്സന്‍ എത്തു.