അപ്രതീക്ഷിതമായതൊന്നും
സംഭവിച്ചില്ല. പൊരുതിക്കളിച്ച മെക്സിക്കോയെ 3-1നു തകര്‍ത്ത് അര്‍ജന്‍റീന
ലോകകപ്പ് ഫുട്ബോളിന്‍റെ ക്വാര്‍ട്ടറില്‍. തുടര്‍ച്ചയായ രണ്ടാം തവണയാണു
ലോകകപ്പില്‍ അര്‍ജന്‍റീന മെക്സിക്കന്‍ തിരമാലകളുടെ വഴിമുടക്കുന്നത്.
കളിയുടെ ഇരു പകുതികളിലുമായി ടെവസും (2) ഹിഗ്വെയ്നുമാണ് അര്‍ജന്‍റൈന്‍
വിജയമുറപ്പിച്ച ഗോളുകള്‍ നേടിയത്. ടെവസിന്‍റെ ആദ്യ ഗോളിന് ഓഫ്സൈഡ്
ചുവയുണ്ടായിരുന്നെങ്കില്‍ രണ്ടാം ഗോള്‍ പെര്‍ഫെക്റ്റ്. ഈ മിന്നും പ്രകടനം
ടെവസിന് മാന്‍ ഒഫ് ദി മാച്ച് ബഹുമതിയും നേടിക്കൊടുത്തു. മെക്സിക്കന്‍
പ്രതിരോധ ഭടന്‍ ഒസോറിയോയുടെ പിഴവില്‍നിന്നാണു ഹിഗ്വെയ്ന്‍ ഗോള്‍
കണ്ടെത്തിയത്. ജാവിയര്‍ ഹെര്‍ണാണ്ടസ് മെക്സിക്കോയുടെ ആശ്വാസ ഗോള്‍ നേടി.
ജൂലൈ മൂന്നിനു ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന ജര്‍മനിയെ നേരിടും.
മത്സരത്തിന്‍റെ തുടക്കത്തില്‍ മെക്സിക്കോയാണ് ആധിപത്യം പുലര്‍ത്തിയത്.
അര്‍ജന്‍റൈന്‍ പ്രതിരോധത്തെ കീറിമുറിച്ച് മുന്നേറിയെങ്കിലും ഫിനിഷിങ്ങിലെ
പിഴവ് വിനയായി. അതിനിടയിലാണ് 26-ാം മിനിറ്റില്‍ ടെവസ് അര്‍ജന്‍റീനയെ
മുന്നിലെത്തിച്ചത്. മധ്യനിരയില്‍നിന്നു ലഭിച്ച പന്തുമായി മുന്നേറിയ മെസിയെ
തടയാന്‍ ഗോളി പെരസ് മുന്നോട്ടുകയറി. ഈ അവസരം മുതലാക്കി ഗോള്‍ വല
ലക്ഷ്യമാക്കി മെസി തൊടുത്ത ഷോട്ട് ഡിഫന്‍റര്‍മാരുടെ
ശ്രദ്ധയില്‍പെടാതിരുന്ന ടെവസ് ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. ഓഫ്സൈഡിനായി
മെക്സിക്കന്‍ താരങ്ങള്‍ വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല.
ഇതു മെക്സിക്കോയുടെ വീര്യം ചോര്‍ത്തിക്കളഞ്ഞു. കളിയുടെ
നിയന്ത്രണമേറ്റെടുത്ത അര്‍ജന്‍റൈന്‍ മുന്നേറ്റത്തിനൊടുവില്‍ പന്തു
പിടിച്ചെടുത്ത ഒസാറിയോ സഹകളിക്കാരനു മറിച്ചു നല്‍കി. എന്നാല്‍ ദുര്‍ബലമായ
ഷോട്ട് ഓടിയെത്തിയ ഗൊണ്‍സാലോ ഹിഗ്വെയ്നാണു ലഭിച്ചത്. അവസരം പാഴാക്കാതെ
ഗോളിയെ മറികടന്നു പന്ത് ഹിഗ്വെയ്ന്‍ വലയിലെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിലും അര്‍ജന്‍റീനയാണു മുന്നേറിയത്. ആദ്യ
ഗോളില്‍ സംശയം പ്രകടിപ്പിച്ചവര്‍ക്കു ടെവസ് 52-ാം മിനിറ്റില്‍ മറുപടി
നല്‍കി. ഗോള്‍ പോസ്റ്റിനു 25 വാര അകലെ നിന്നു തൊടുത്ത് ഒരു ബുള്ളറ്റ്
ഷോട്ട് ഗോളി പെരസിന് അവസരം നല്‍കാതെ വലയില്‍ പതിച്ചു. ഇതോടെ
അര്‍ജന്‍റീന കളി തണുപ്പിച്ചു. ഈ ആലസ്യം മുതലെടുത്തു മെക്സിക്കോ
മുന്നേറിയെങ്കിലും എല്ലാം അര്‍ജന്‍റൈന്‍ പെനാല്‍റ്റി ഏരിയക്കു പുറത്ത്
അവസാനിച്ചു. ഒപ്പം ലക്ഷ്യബോധമില്ലാത്ത ഷോട്ടുകളും. ഇത്തരമൊരു
മുന്നേറ്റത്തിനൊടുവിലാണു 71-ാം മിനിറ്റില്‍ മെക്സിക്കോ ആശ്വാസ ഗോള്‍
കണ്ടെത്തിയത്. അര്‍ജന്‍റൈന്‍ പെനാല്‍റ്റി ഏരിയക്കു പുറത്തു നിന്നു മറിച്ചു
കിട്ടിയ പന്ത് ഡിഫനന്‍റര്‍മാരെ വെട്ടിച്ച് ഹെര്‍ണാണ്ടസ് വലയിലാക്കി.
തുടര്‍ന്നും മെക്സിക്കോയ്ക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ അതു
പെനാല്‍റ്റി ഏരിയയിലേക്ക് എത്തിക്കാനുള്ള ലക്ഷ്യബോധം പോലും അവര്‍
പ്രകടിപ്പിച്ചില്ല. ഇടയ്ക്ക് അര്‍ജന്‍റീനയ്ക്കും ചില അവസരങ്ങള്‍ ലഭിച്ചു.
കളി കൈയിലെന്ന് ഉറപ്പായതോടെ ടെവസിനെ പിന്‍വലിക്കാനും കോച്ച് മറഡോണ
തയാറായി.