ലണ്ടന്‍
എന്തൊരു
പ്രതീക്ഷകളായിരുന്നു. ചില മാധ്യമങ്ങള്‍ രണ്ടാം ലോകമഹായുദ്ധത്തോടുപോലും
ഉപമിച്ച മത്സരം. ലോകകപ്പില്‍നിന്ന് ജര്‍മനിയെ ഇടിച്ചുപുറത്താക്കി
ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നതു സ്വപ്നം കണ്ട ആരാധകര്‍
ഞെട്ടിത്തരിച്ചിരിക്കുന്നു. യുദ്ധവീര്യം മനസില്‍ നിറച്ചവര്‍ക്കു
സഹിക്കാവുന്നതല്ല ഈ തോല്‍വി. അവസാന 20 മിനിറ്റു വരെ അവരുടെ സ്വപ്നങ്ങള്‍
മരിക്കാതെ നിന്നു. ആദ്യപകുതിയില്‍ ഷുവര്‍ ഗോള്‍ നിഷേധിക്കപ്പെട്ട് 2-2
സമനില സാധ്യത പോയപ്പോള്‍ മുതല്‍ നിരാശയിലായിരുന്നവര്‍ വീണ്ടും വീണ്ടും
പ്രതീക്ഷിച്ചു, ഇല്ല തോല്‍ക്കില്ല. റോയല്‍ തിരിച്ചുവരവുണ്ടാവും. റൂണി
ആഞ്ഞടിക്കും.
പക്ഷേ, അവസാനം തകര്‍ത്തു തരിപ്പണമാക്കി മുന്നേറിയതു ജര്‍മനി. രണ്ടാമത്തെ
ഗോള്‍ അനുവദിച്ചിരുന്നെങ്കില്‍ മത്സരഗതി തന്നെ മാറിയേനേ എന്നു
കരുതുന്നവരാണ് ഏറെ. റഫറിയും ഭാഗ്യവും തങ്ങളെ കൈവിട്ടു എന്നായിരുന്നു
ഇംഗ്ലിഷ് ആരാധകരുടെ വിലാപം.
ഇംഗ്ലണ്ടിലെ ആരാധക ലക്ഷങ്ങള്‍ മത്സരത്തിനു മുന്‍പേ മനസില്‍ കുറിച്ചു
വലിയൊരു യുദ്ധം. ഒന്നിച്ചു ഗര്‍ജിക്കുക, ജര്‍മന്‍ വിമര്‍ശകരുടെ വാക്കു
വിഴുങ്ങിപ്പിക്കുക തുടങ്ങിയ ആഹ്വാനങ്ങള്‍ നല്‍കി ആവേശം തലയ്ക്കു പിടിച്ച
മാധ്യമങ്ങള്‍. പ്രധാനമന്ത്രി ഡേവിഡ് കാമറൂണും വില്യം, ഹാരി
രാജകുമാരന്‍മാരും അടക്കം ടീമിനെ വാഴ്ത്തി, ആശംസകള്‍ നേര്‍ന്നു.
ടൊറന്‍റോയില്‍ ജി 20 ഉച്ചകോടിക്കിടയിലും താന്‍ കുറച്ചുനേരമെങ്കിലും കളി
കാണാന്‍ ശ്രമിക്കുമെന്നു ടീം അംഗങ്ങളോടു കാമറൂണ്‍ പറഞ്ഞത് ആവേശം
ഇരട്ടിപ്പിച്ചു.
ഓപ്പണ്‍ എയറിലെ ബിഗ് സ്ക്രീനുകള്‍ക്കു മുന്നില്‍ തടിച്ചുകൂടിയത്
ആയിരക്കണക്കിനാളുകള്‍. രണ്ടു ദശകത്തിനിടെ ഇരു ടീമുകളും പ്രമുഖ
ടൂര്‍ണമെന്‍റിന്‍റെ നോക്കൗട്ട് സ്റ്റേജില്‍ ഏറ്റുമുട്ടിയതു മൂന്നാം തവണ.
1990ലെ ലോകകപ്പിലും 1996ലെ യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലും
സെമിയിലായിരുന്നു ഇവരുടെ പോരാട്ടം. രണ്ടിലും ഇംഗ്ലണ്ട് തോറ്റു,
പെനല്‍റ്റികളില്‍. ഇക്കുറി പെനല്‍റ്റി പോലും വേണ്ടിവന്നില്ല ഇംഗ്ലണ്ടിനു
തോല്‍ക്കാന്‍. ജര്‍മന്‍ വേഗം, താളം, ഒത്തിണക്കം, ഗെയിംപ്ലാന്‍....എല്ലാം
ഇംഗ്ലണ്ടിനു പ്രശ്നമായി. റൂണിയെ ശരിക്കും തളച്ചു ജര്‍മന്‍
ഡിഫന്‍ഡര്‍മാര്‍.