അര്‍ജന്‍റീനയ്ക്കെതിരേ
ജര്‍മനി ജയിച്ചാലുമില്ലെങ്കിലും മിറോസ്ലാവ് ക്ലോസെ ചരിത്രമെഴുതും.
കേപ്ടൗണിലെ പടക്കളത്തില്‍ ജര്‍മന്‍ പോരാളികള്‍ കുളമ്പടിക്കുന്ന നിമിഷം
100 അന്താരാഷ്ട്രമത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധീകരീച്ചവനെന്ന
അപൂര്‍വനേട്ടം ക്ലോസെയെ തേടിയെത്തും. വല ചലിപ്പിച്ചാല്‍ അതിലും വലിയ
അപൂര്‍വ ബഹുമതി, അനശ്വരനായ പെലെയെ ലോകകപ്പ് ഗോള്‍ നേട്ടത്തിലെങ്കിലും
മറികടക്കുക എന്ന അതുല്യ നേട്ടം സ്വന്തമാകും.
പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചുകൊണ്ടാണു
ക്ലോസെ ലോകകപ്പ് ഗോളുകളുടെ എണ്ണത്തില്‍ പെലയ്ക്കൊപ്പമെത്തിയത്.
ഇരുവരുടെയും സമ്പാദ്യം ഇപ്പോള്‍ 12 ഗോള്‍ വീതം. ബ്രസീലിന്‍റെ
റൊണാള്‍ഡോ (15), ജര്‍മനിയുടെ ഗെര്‍ഡ് മുള്ളര്‍ (14) ഫ്രാന്‍സിന്‍റെ
ജസ്റ്റ് ഫൊണ്ട്യെന്‍ (13) എന്നിവര്‍ മാത്രമാണിനി മുന്നില്‍.
1958 മുതല്‍ നാലു ലോകകപ്പുകളിലായാണു പെലെയുടെ ഗോള്‍ വേട്ട.
ഒപ്പമെത്താന്‍ ക്ലോസെയ്ക്കു വേണ്ടിവന്നത് മൂന്നു ലോകകപ്പുകള്‍ മാത്രം.
2002ല്‍ ഏഷ്യ ആതിഥ്യം വഹിച്ച ലോകകപ്പില്‍ സൗദി അറേബ്യയ്ക്കെതിരായ
ഹാട്രിക്കിലൂടെയാണു ക്ലോസെ വരവറിയിച്ചത്. പിന്നീട് അക്കൗണ്ടില്‍
രണ്ടെണ്ണം കൂടി ചേര്‍ത്തു കളമൊഴിഞ്ഞു. ക്ലോസെ ഗോളടിച്ചപ്പോഴെല്ലാം
ജര്‍മനി ചിരിച്ചു. ഫൈനലില്‍ നിശ്ബദനായപ്പോള്‍ ബ്രസീലിനോടു തോറ്റു
ദുരന്തകാവ്യമായി. പ്രതിരോധക്കോട്ടകളെ വെട്ടിച്ചു പന്തില്‍
തലവയ്ക്കുന്നതില്‍ കാട്ടിയ മികവാണു ക്ലോസെയെ എക്കാലത്തെയും മികച്ച
ജര്‍മന്‍ സ്കോറര്‍മാരിലൊരാളാക്കിയത്. 2002ലെ അഞ്ചുഗോളും ഹെഡ്ഡറിലൂടെ.
2006ല്‍ സ്വന്തം മണ്ണിലും ക്ലോസെ മോശമാക്കിയില്ല. വീണ്ടും അഞ്ചു
ഗോളുകള്‍, ഇത്തവണ തലയല്ല വലംകാലാണ് എതിര്‍ വലകളില്‍ തീപടര്‍ത്തിയത്.
രാജ്യത്തിനുവേണ്ടിയുള്ള ഗോള്‍വേട്ടയില്‍ ഗെര്‍ഡ് മുള്ളര്‍ക്ക്(68)
തൊട്ടു പിന്നില്‍ നില്‍ക്കുകായാണു ക്ലോസെയിപ്പോള്‍, 50 ഗോളുകളുടെ
തലയെടുപ്പുമായി.
അര്‍ജന്‍റീനയ്ക്കെതിരായ മത്സരത്തിനു മുന്‍പ് ക്ലോസെ ലക്ഷ്യം
വ്യക്തമാക്കിക്കഴിഞ്ഞു. റൊണാള്‍ഡോയെ പിന്തള്ളുക. പറയുന്നതു ക്ലോസെയാണ്,
ലക്ഷ്യബോധത്തിന്‍റെ അവസാന വാക്കായ മിറൊസ്ലാവ് മരിയന്‍ ക്ലോസെ.