ഹരാരെത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്നു സിംബാബ്വയെ നേരിടും.
ആദ്യമത്സരത്തില്‍ ദുര്‍ബലരായ ആതിഥേയരോടേറ്റ തോല്‍വിക്ക് പകരം വീട്ടുകയാണ് സുരേഷ് റെയ്നയുടെ നേതൃത്വത്തിലെ ഇന്ത്യന്‍ യുവനിരയുടെ ലക്ഷ്യം.
ശ്രീലങ്കയ്ക്കെതിരായ ജയത്തോടെ ടൂര്‍ണമെന്‍റില്‍ ശക്തമായി തിരിച്ചുവരവു നടത്തിയ ഇന്ത്യയുടെ പ്രതീക്ഷ ബാറ്റിങ്ങില്‍ത്തന്നെയാണ്.
തുടര്‍ച്ചയായ രണ്ടു സെഞ്ച്വറികള്‍ കണ്ടെത്തിയ രോഹിത് ശര്‍മ ഫോം തുടര്‍ന്നാല്‍ സിംബാബ്വെയ്ക്കതു തലവേദനയാകും. രോഹിതിനൊപ്പം വിരാട് കോഹ്ലിയും ഫോം കണ്ടെത്തിയതും റെയ്ന മികവുകാട്ടുന്നതും ഇന്ത്യയ്ക്കു മുന്‍തൂക്കം നല്‍കുന്നു.
ഓപ്പണിങ്ങിലെ അസ്ഥിരതയാണു ടീമിന്‍റെ പ്രധാന പ്രശ്നം. എം. വിജയും ദിനേശ് കാര്‍ത്തിക്കും രണ്ടു മത്സരങ്ങളിലും പരാജയമായ സാഹചര്യത്തില്‍ നമന്‍ ഓജയ്ക്ക് അവസരം ലഭിച്ചേക്കും.
ആദ്യ രണ്ടു മത്സരങ്ങിലും ബാറ്റിങ്ങില്‍ കാര്യമായി ഒന്നും ചെയ്യാനില്ലാതിരുന്ന യൂസഫ് പഠാനെ ഓപ്പണറായി പ്രൊമോട്ട് ചെയ്യുന്നതും പരിഗണിച്ചേക്കും.
ലങ്കയ്ക്കെതിരായ ജയം ഇന്ത്യന്‍ ബൗളര്‍മാരിലും ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. പരിചയക്കുറവുകള്‍ക്കിടയിലും അശോക് ദിന്‍ഡയും ഉമേഷ് യാദവും ലങ്കയ്ക്കെതിരേ കാഴ്ച്ചവച്ചത് ഭേദപ്പെട്ട പ്രകടനം. അമിത് മിശ്രയും പ്രജ്ഞാന്‍ ഓജയുമടങ്ങുന്ന സ്പിന്‍ ഡിപ്പാര്‍ട്ടുമെന്‍റും ലങ്കയ്ക്കെതിരെ മോശമാക്കിയില്ല. ഇന്നും രണ്ടു പേസര്‍മാരെ മാത്രമായിരിക്കും ഇന്ത്യ അണനിരത്തുക.
ഇന്ത്യക്കെതിരായ മറ്റൊരുജയം സിംബാബ്വെയെസംബന്ധിച്ചടത്തോളം സ്വപ്നതുല്യമായ നേട്ടമാവും. അതിനവര്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരുമെന്നുറപ്പാണ്. ആദ്യമത്സരത്തില്‍ റെയ്നയെയും കൂട്ടരെയും കീഴ്പ്പെടുത്തിയെങ്കിലും ലങ്കയ്ക്കെതിരേ ആതിഥേയര്‍ തീര്‍ത്തും നിറംമങ്ങിപ്പോയി. വെറും 118 റണ്ണിനു പുറത്തായ സിംബാബ്വെയുടെ ബാറ്റിങ്ങാണ് പാളിയത്.
ഫീല്‍ഡിലിറങ്ങിയപ്പോള്‍ തിലകരത്നെ ദില്‍ഷന്‍റെ ആക്രമണോത്സുകത അവരെ ഒന്നുകൂടി തളര്‍ത്തുകയും ചെയ്തു.
എങ്കിലും ആദ്യജയത്തിന്‍റെ ആവേശം കളയാതിരിക്കാന്‍ അവര്‍ ശ്രമിക്കും.
ഇന്ത്യന്‍ ബൗളര്‍മാരുടെ പരിചയക്കുറവ് മുതലെടുക്കുക തന്നെയാവും അവരുടെ പ്രധാന തന്ത്രം.