ചെന്നൈ: 'രാവണന്‍' സിനിമയില്‍ പാറമുനമ്പില്‍ നിന്ന് താഴേക്കു ചാടുന്ന
നടന്‍ വിക്രമിന്റെ ട്രെയിലര്‍ കണ്ട് അത്ഭുതപ്പെട്ടിരിക്കുന്നവര്‍ക്ക്
വിക്രമിന്റെ മറുപടി: ''ചിത്രം റിലീസ് ചെയ്യുംവരെ കാത്തിരിക്കുക. കാന്‍
ചലച്ചിത്രമേളയിലുള്‍പ്പെടെ ശ്രദ്ധിക്കപ്പെട്ട തന്റെ ചാട്ടത്തിന്റെ രഹസ്യം
ചിത്രം പുറത്തുവന്നതിനുശേഷം വിശദീകരിക്കും.''
ചിത്രീകരണം നടന്നത് മൂവായിരം അടി ഉയരത്തില്‍ പാലം കെട്ടിയാണ്.
ഹോളിവുഡിലുള്ള സുരക്ഷാ സംവിധാനം ഇവിടെയില്ല. ഷൂട്ടിങ്ങിനു മുന്‍പ് ക്യാമറ
റെഡിയാക്കി നിര്‍ത്തിയശേഷം സംവിധായകന്‍ മണിരത്‌നം ഒന്നു പ്രാര്‍ഥിക്കും.
അതിനുശേഷമാണ് ആക്ഷന്‍ പറയുക. വളരെയധികം ശാരീരിക അധ്വാനം വേണ്ടതാണ് ഓരോ
സീനും. അത് തൃപ്തികരമായി ചെയ്തു -വിക്രം പറഞ്ഞു.
അഡയാര്‍ ഗ്രീന്‍ വേയ്‌സ് റോഡ് റെയില്‍വേ സ്റ്റേഷന് എതിര്‍വശത്ത്
കേശവപെരുമാള്‍പുരത്ത് ചിത്രത്തിന്റെ പരസ്യത്തിനായി ഓരോ ഭാഷാമാധ്യമത്തിനും
പ്രത്യേകം അഭിമുഖം നല്കുകയായിരുന്നു വിക്രം.
ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ വിക്രമും ഐശ്വര്യറായിയും ചിത്രത്തിന്റെ
ഷൂട്ടിങ്ങിനു ശേഷം പ്രേമത്തിലായി എന്ന വാര്‍ത്ത ഇപ്പോഴും
വന്നുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ ''ആണോ''
എന്ന് അത്ഭുതത്തോടെ വിക്രം ചോദിച്ചു. ഷൂട്ടിങ് തുടങ്ങിയതുമുതല്‍ ഒട്ടനവധി
ഗോസിപ്പുകള്‍ മാധ്യമങ്ങളില്‍ വന്നു. എല്ലാം വായിച്ച് ഞാനും അഭിഷേക്
ബച്ചനും ഒത്തിരി ചിരിച്ചു -വിക്രം പറഞ്ഞു.
രാവണന്റെ രണ്ടു ഭാഷാദേഭങ്ങളില്‍ നായകനും പ്രതിനായകനുമായി വിക്രം
പ്രത്യക്ഷപ്പെട്ടത് കാന്‍ ചലച്ചിത്രമേളയില്‍ വിദേശികള്‍ക്കിടയില്‍ വലിയ
അത്ഭുതമായി.
''അഭിഷേക് ബച്ചന്‍ ചിത്രത്തിലെ വീരയുടെ വേഷം ചെയ്യുന്നത് ഞാന്‍ ഒരിക്കലും
നോക്കിനിന്നിട്ടില്ല. പരസ്യ ട്രെയിലറില്‍ അഭിഷേക് ബച്ചന്റെ അഭിനയം കണ്ടു.
നിശ്ചയമായും ഞങ്ങളുടെ അഭിനയം പ്രേക്ഷകര്‍ താരതമ്യം ചെയ്യും'' -വിക്രം
പറഞ്ഞു.
തമിഴ് ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്ത വേഷം ചെയ്യാന്‍ ഹിന്ദിയിലേക്ക്
മണിരത്‌നം ക്ഷണിച്ചപ്പോള്‍ ഒരു താത്പര്യവും തോന്നിയില്ല. ഹിന്ദിയിലെ വന്‍
ഹീറോയെയാണ് ഈ വേഷത്തിലേക്ക് മണിരത്‌നം ആദ്യം ആലോചിച്ചത്. പിന്നീട് പുതിയ
നായകനെ അവതരിപ്പിക്കാന്‍ നീക്കം നടന്നു. ഒടുവില്‍ വേഷം എന്റെ അടുത്തെത്തി.
ഞാന്‍ വിസമ്മതിച്ചപ്പോള്‍ ഐശ്വര്യറായ് തമിഴില്‍ അഭിനയിക്കുന്നില്ലേ
എന്നാണ് മണിസാര്‍ ചോദിച്ചത്. ഹിന്ദി സിനിമയായ 'രാവണില്‍' എന്റെ
അഭിനയത്തെക്കുറിച്ച് നല്ല അഭിപ്രായം ലഭിച്ചു. ഇതിന്റെ പേരില്‍ ഹിന്ദിയില്‍
ശ്രദ്ധയൂന്നാന്‍ ഉദ്ദേശ്യമില്ല. ഹിന്ദിയില്‍നിന്ന് നല്ല വേഷവും നല്ല
സംവിധായകനും വന്നാല്‍ അഭിനയിക്കും.
പൃഥ്വിരാജ് രാവണനിലെ വേഷത്തിനായി വളരെയധികം കഷ്ടപ്പെട്ടു. ഇതിനായി
ശാരീരികക്ഷമതയ്ക്ക് ഏറെ സമയം ചെലവഴിച്ചു. പൃഥ്വി നന്നായി അഭിനയിച്ചു
-വിക്രം പ്രശംസിച്ചു.
ഷോട്ടിന് മുന്‍പ് താരങ്ങള്‍ റിഹേഴ്‌സല്‍ നടത്തേണ്ടതിനെക്കുറിച്ച്
കമല്‍സാര്‍ (കമലഹാസന്‍) അടുത്തകാലത്തു പറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടു.
അതിനോട് ഞാന്‍ യോജിക്കുന്നു. റിഹേഴ്‌സല്‍ നടത്തിയാല്‍ ചെലവുകുറയ്ക്കാനാകും.
തട്ടിക്കൊണ്ടുപോകുന്നയാളുമായി സ്ത്രീക്ക് ഉണ്ടാകുന്ന വൈകാരികതാല്പര്യം
ചിത്രത്തിന്റെ 'ത്രെഡാണ്'. ഇത് കമ്പരാമായണം ആണെന്നു പറയാനാവില്ല.
രാമായണവും മഹാഭാരതവും എല്ലാം കഥയിലുണ്ട്. കമലഹാസന്റെ 'ഗുണ'യുമായി
ചിത്രത്തിന് താരതമ്യമില്ല.
''മലയാളത്തില്‍ നല്ല കഥ കിട്ടിയാല്‍ സൗജന്യമായി അഭിനയിക്കാന്‍ തയ്യാറാണ്.
ഷാഫി തുടങ്ങിയ സംവിധായകരുമായി ചര്‍ച്ചനടത്തിവരുന്നു. അന്താരാഷ്ട്ര
ചലച്ചിത്രമേകളില്‍ പ്രദര്‍ശിപ്പിക്കാനാകുംവിധമുള്ള മലയാളചിത്രമാണ്
ഉദ്ദേശിക്കുന്നത്. ബ്ലെസ്സി തമിഴില്‍ ചെയ്യാവുന്ന കഥയുമായി
ബന്ധപ്പെട്ടിരുന്നു. ബ്ലെസ്സിയോടൊപ്പം മലയാളത്തില്‍ ഒരു ചിത്രത്തില്‍
പ്രവൃത്തിക്കാനാണ് താല്പര്യം''-വിക്രം മനസ്സു തുറന്നു.
സുബ്രഹ്മണ്യപുരംപോലെയുള്ള ലോ ബജറ്റ് ചിത്രങ്ങളില്‍ തമിഴില്‍ പങ്കുചേരാന്‍
ഉദ്ദേശ്യമില്ല. താന്‍ പങ്കുചേര്‍ന്നാല്‍ നിര്‍മാതാക്കള്‍ വിതരണക്കാര്‍ക്ക്
ചിത്രം വില്ക്കുക തന്റെ വിപണിമൂല്യം നോക്കിയിട്ടാണ്.
ഇതിനുമുമ്പ് എനിക്ക് വലിയ പ്രതിഫലം ഇല്ലാതിരുന്ന കാലത്ത് ആരും കൊണ്ടുവന്ന്
പണം കൂടുതല്‍ തന്നിട്ടില്ല. അതുകൊണ്ട് നിരക്കുകുറച്ച് തമിഴില്‍
അഭിനയിക്കേണ്ട ആവശ്യമില്ലെന്നും വിക്രം വ്യക്തമാക്കി.
എന്റെ ഭാര്യ മലയാളിയാണ്. എല്ലാ പത്രങ്ങളും മാസികകളും വായിക്കും.
നായികയെക്കുറിച്ച് എന്തെങ്കിലും ഗോസിപ്പ് പത്രത്തില്‍ വന്നാല്‍
കണ്ണൂരില്‍നിന്ന് ഭാര്യയുടെ ബന്ധുക്കള്‍ വിളിച്ചുപറയും. അടുത്ത
ചിത്രത്തില്‍ നായികയായി തെലുങ്കുനടി ഇല്യാനയെ കണ്ടെത്തിയത്
ഭാര്യതന്നെയാണ്. ഈ ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷമാണ്
തനിക്കെന്നും-വിക്രം പറഞ്ഞു.