ആദ്യം നിര്‍മാതാക്കളും വിതരണക്കാരും തുടങ്ങിവെച്ച തര്‍ക്കം തിയറ്റുറടമകള്‍ ഏറ്റെടുത്തതോടെ മലയാള സിനിമയിലെ പ്രതിസന്ധി പരിഹാരമാകാതെ തുടരുന്നു. എന്നാല്‍ ഈ വിലക്കുകളെല്ലാം മറികടന്ന് മമ്മൂട്ടി-പൃഥ്വി ചിത്രമായ പോക്കിരി രാജ റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കള്‍.
തിയറ്ററുടമകളുടെ റിലീസ് വിലക്ക് അതിജീവിച്ച് കേരളത്തിലെ ബി, സി ക്ലാസ് തീയേറ്ററുകള്‍ അടക്കം നൂറിലേറെ കേന്ദ്രങ്ങളില്‍ മെയ് 7ന് പോക്കിരിരാജ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളുടെ നീക്കം. സിനി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലുള്ള 48 എ ക്ലാസ് റിലീസിങ് തിയേറ്ററുകളില്‍ ഒരു വിഭാഗത്തെയും 'പോക്കിരിരാജ' റിലീസിങ്ങിന് ലഭിക്കുമെന്നും അവര്‍ പ്രതീക്ഷിയ്ക്കുന്നുണ്ട്.
എന്നാല്‍ മോഹന്‍ലാല്‍ ചിത്രമായ 'അലക്‌സാണ്ടര്‍ ദി ഗ്രേറ്റ്', സത്യന്‍ അന്തിക്കാടിന്റെ ജയറാം ചിത്രം 'കഥ തുടരുന്നു'എന്നീ രണ്ട് സിനിമകളുടെ റിലീസിങ്ങിന്റെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതാവസ്ഥ തുടരുകയാണ്. മെയ് 5നും 7നും റിലീസ് നിശ്ചയിച്ച സിനിമകളാണ് ഇവ.
അതേ സമയം പുതിയ ചിത്രങ്ങളുടെ റിലീസിങ് മെയ് 13ന് അനുവദിച്ചിട്ടുണ്ടെന്നാണ് ഇതേസമയം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച നാലംഗ സമിതിയുടെ നേതൃത്വത്തില്‍ മെയ് 12ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. ഈ ചര്‍ച്ചയില്‍ തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ 13ാം തീയതി മുതല്‍ പുതിയ ചിത്രങ്ങള്‍ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
സുറ എന്ന കോളിവുഡ് ചിത്രം റിലീസ് ചെയ്തതുമായി ബന്ധപ്പെട്ട് ഏഴ് തിയേറ്റര്‍ ഉടമകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചിരുന്നു. ഈ വിലക്ക് നീക്കിയാലെ പുതിയ സിനിമകള്‍ റിലീസ് ചെയ്യൂ എന്നാണ് ഒരുവിഭാഗം തിയേറ്ററുടകളുടെ നിലപാട്.
എന്നാല്‍ അഞ്ചരക്കോടി മുതല്‍മുടക്കി ഒരുക്കിയ പോക്കിരി രാജയുടെ റിലീസ് ഓരോ ദിവസവും വൈകുന്നത് നിര്‍മാതാക്കള്‍ക്ക് വന്‍ നഷ്ടമാണ് വരുത്തിവെയ്ക്കുന്നത്. സമ്മര്‍ വെക്കേഷനിലെ യുവപ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ സിനിമയുടെ റിലീസ് ഇനിയും വൈകിയ്ക്കാന്‍ കഴിയില്ലെന്നാണ് നിര്‍മാതക്കളായ മുളുകുപാട് ഫിലിംസിന്റെ നിലപാട്