Written by Madhu from Balcony
ഭൂരിപക്ഷം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കും ഇന്ന് ലളിത് മോഡി ഒരു വില്ലന്‍ കഥാപാത്രമായിത്തീര്‍ന്നിട്ടുണ്ട്. സാധാരണ കഥകളിലേതുപോലെ തനിക്ക് അനിഷ്‌ടം തോന്നിയവരെ വെട്ടിനിരത്താനിറങ്ങി പുറപ്പെട്ട് കളത്തില്‍ തകര്‍ന്നുവീണ ഏകഛത്രാധിപതിയായ പഴയ രാജാക്കന്മാരുടെ ഓര്‍മയാണ് ലളിത് മോഡി പലര്‍ക്കും. എന്നാല്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ നായക കഥാപാത്രമാക്കി ബോളിവുഡില്‍ ഒരു ചലചിത്രം തയാറാകുന്നു.
പേര് ദി കമ്മീഷണര്‍ എന്നുതന്നെ.രാഷ്‌ട്രീയത്തിലും ക്രിക്കറ്റ്‌ലോകത്തും ശത്രുക്കള്‍ വന്‍തോതില്‍ പെരുകുമ്പോഴും മോഡിക്ക് കൂട്ടായത് ചലചിത്രമേഖലയിലെയും വന്‍കിടബിസിനസ് മേഖലയിലെയും വമ്പന്‍മാരാണ് എന്നത് ഇതുമായി ചേര്‍ത്തുവായിക്കുമ്പോള്‍ സിനിമയൊരുക്കുന്നവരുടെ മനസ്സിലിരിപ്പ് ഊഹിക്കാവുന്നതേയുള്ളു. വിവാദത്തില്‍ നിന്ന് പുകയുമ്പോള്‍ പിന്തുണയുമായി രംഗത്തെത്തയത് ശില്‍പഷെട്ടിയും പ്രീതിസിന്റയും വിജയ് മല്യയുമൊക്കെയാണല്ലോ.നേരത്തെ മനസ്സിലുണ്ടായ കഥയെ ലളിത് മോഡിയുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ പൊട്ടിത്തെറികളും മറ്റും ചേര്‍ത്ത് പൊലിപ്പിച്ചാണ് ശ്രീധര്‍ രാഘവന്‍ ചലചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ലളിത് മോഡിയുടെ ജീവിതത്തിലെ തകര്‍ച്ചകളും ഉയര്‍ച്ചകളും ക്രിക്കറ്റിന് അദ്ദേഹം നല്‍കിയ സംഭാവനകളും വ്യക്തിജീവിതത്തിന്റെ മറ്റ് തലങ്ങളും പരാമര്‍ശിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാമിന്‍ദേശായി ആണ്.
ശൈലേന്ദ്രസിംഗ് നിര്‍മിക്കുന്ന ചിത്രം ചലചിത്ര പ്രേക്ഷകരെ എല്ലാവിധത്തിലും തൃപ്‌തിപ്പെടുത്തന്നതായിരിക്കുമെന്നാണ് നിര്‍മാതാവ് ശൈലേന്ദ്രസിംഗ് പറഞ്ഞത്.`ഇത് ഒരു സാധാരണ കഥയല്ല. ലളിത് മോഡിയുടെ ജീവിതം അസാധാരണമായ വഴികളിലൂടെയാണ് കടന്നുവന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ മോഡിയുടെ ജീവിതത്തിലെ അസാധാരണമായ സംഭവഗതികളെ ചലചിത്രത്തിലാക്കുകയെന്ന വലിയ കര്‍ത്തവ്യമാണ് ശ്രീധര്‍ രാഘവനെ ഏല്‍പ്പിച്ചിരിക്കുന്നത്' അദ്ദേഹം വ്യക്തമാക്കി. മിഷന്‍ എന്ന വാക്കുകമായി അടുത്ത ബന്ധമുള്ള പദമാണ് കമ്മീഷണര്‍.
ഒരു ദൗത്യം ഏറ്റെടുത്ത് ഗോദയിലിറങ്ങിയ വീരനായകനായിട്ടാകും മോഡി സിനിമയിലെത്തുക. ഇര്‍ഫാന്‍ ഖാനാകും ലളിത് മോഡിയായി അഭിനിയിക്കുക എന്നാണ് സൂചന. രാജ്‌കുമാര്‍ സന്തോഷിയുടെ ഖാക്കി, പ്രകാശ് ഝായുടെ അപരാഹ്‌ന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ എഴുത്തുകാരനാണ് ശ്രീധര്‍ രാഘവന്‍.മോഡിയുടെ ജീവിതം എന്നാല്‍ ഐ.പി.എല്‍ മാത്രമല്ല, അമേരിക്കയില്‍ വിദ്യാര്‍ത്ഥിയായിരുന്ന പൂര്‍വ്വകാലത്ത് കൊക്കെയ്‌ന്‍ കൈവശം വച്ചതിന് തടവ്‌ശിക്ഷ ഏറ്റുവാങ്ങിയ ക്രിമിനല്‍ പശ്ചാത്തലം ചലചിത്രത്തിലുണ്ടാകുമോ എന്നാണ് സിനിമാപ്രേമികള്‍ ചോദിക്കുന്നത്.
ട്വിറ്ററിലൂടെ നടത്തിയ പടയോട്ടങ്ങളും ഒളിപ്പോരുകളും തിരിഞ്ഞ് കുത്തുന്നത് കണ്ട് നിസ്സഹായനായി നിലവിളിച്ച മോഡി ഇപ്പോള്‍ പുതിയ ഐപിഎല്‍ ഉണ്ടാക്കാനുള്ള പുറപ്പാടിലാണ്. ഇംഗ്ലണ്ടില്‍ ഐപിഎല്‍ മോഡലില്‍ ക്രിക്കറ്റ് കച്ചവടം നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന മോഡി ഇനി വെള്ളിത്തിരയില്‍ നായകാഭവത്തിന്റെ പുതിയ മുഖമാകുമോ