കല്യാണം വിറ്റ് പണമുണ്ടാക്കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയൈബ് മാലിക്കും വ്യക്തമാക്കി. ഷൊയൈബിന്‍റെ ജന്‍മനാട്ടില്‍ നടന്ന വിവാഹ സല്‍ക്കാരം മാധ്യമങ്ങള്‍ക്ക് വിറ്റ് പണമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. സാനിയ മിര്‍സയുമായുളള വിവാഹ വാര്‍ത്ത പുറത്തു വന്നതോടെ തുടങ്ങിയ മാധ്യപ്രചരണങ്ങള്‍ വിവാഹശേഷവും തുടരുകയാണെന്നും മാലിക് പറഞ്ഞു.
മാധ്യമങ്ങളുടെ ഈ അമിതാവേശം കാരണം തനിക്കും സാനിയയ്ക്കും സാധാരണ ദമ്പതിമാരെപ്പോലെ ജീവിക്കാനാവുന്നില്ലെന്നും ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഷൊയൈബ് വ്യക്തമാക്കി. സാനിയയുമായുള്ള വിവാഹ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കിയ രീതിയില്‍ തനിക്ക് അതൃപ്തിയുണ്ടെന്നും ഷൊയൈബ് പറഞ്ഞു. നിരവധി മോശം വാര്‍ത്തകള്‍ ഞങ്ങളെപ്പറ്റി പ്രചരിച്ചു.
പ്രത്യേകിച്ചും വിവാഹക്ഷണപ്പത്രികകള്‍ മറിച്ചു വിറ്റു തുടങ്ങിയ ആരോപണങ്ങള്‍. ഇത്തരം വാര്‍ത്തകള്‍ ചിരിച്ച് തള്ളാനാണ് തോന്നിയത്. വിവാഹ സല്‍ക്കാരത്തിന്‍റെ ചാനല്‍ അവകാശം ആവശ്യപ്പെട്ട് നിരവധിപ്പേര്‍ വന്നിരുന്നു. എന്നാല്‍ പണമുണ്ടാക്കാന്‍ ഈ വഴി സ്വീകരിക്കേണ്ടതില്ല എന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. പണം ഉണ്ടാക്കുകയായിരുന്നു ലക്‍ഷ്യമെങ്കില്‍ മറ്റെന്തെല്ലാം മാര്‍ഗങ്ങളുണ്ടെന്നും ഷൊയൈബ് ചോദിച്ചു.
ഷൊയൈബുമായുള്ള തന്‍റെ വിവാഹത്തിന് മാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യത്തില്‍ സാനിയയും അത്ഭുതം പ്രകടിപ്പിച്ചു. മഹത്തായ പ്രണയം പൂവണിയുന്നതുപോലെയാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയത്. ഇവിടുത്തെ ആളുകള്‍ സമ്മാനങ്ങള്‍കൊണ്ടും സ്നേഹം കൊണ്ടും വീര്‍പ്പുമുട്ടിക്കുകയാണ്. ഇതില്‍ ശരിക്കും സന്തോഷമുണ്ട്. മാധ്യമങ്ങള്‍ പിന്തുടരുന്നതിനാല്‍ പാകിസ്ഥാനിലെ പലസ്ഥലങ്ങളും കാണാനായി രാത്രിയിലാണ് പോകുന്നത്. പകലും ഇതുപോലെ നഗരത്തിലൂടെ ഇറങ്ങി നടക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്നും സാനിയ പറഞ്ഞു.
വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ സംഭവങ്ങളില്‍ താന്‍ അസ്വസ്ഥയാണെന്നും മറ്റുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. വേറെ ഒന്നും നല്‍കാനില്ലാത്തതിനാലാണ് മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത്. എന്‍റെ ഭര്‍ത്താവിന്‍റെ നാട്ടിലാണ് ഞാന്‍. സ്വാഭാവികമയും ഞാന്‍ സന്തോഷവതിയുമാണ്. ഞങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ സ്വാഭാവികമായും ആളുകള്‍ക്ക് താല്‍പ്പര്യം കാണും. പിന്നെ വിവാഹസല്‍ക്കാരത്തില്‍ ചിരിച്ചില്ല തുടങ്ങിയ വാര്‍ത്തകളെക്കുറിച്ച് പറയുകയാണെങ്കില്‍, അളുകള്‍ തിക്കി തിരക്കി ബഹളമുണ്ടാക്കുമ്പോള്‍ ആര്‍ക്കാണ് ചിരിക്കാനാവുക.
ഷൊയൈബ് എന്നെ തിരക്കില്‍പ്പെടാതെ ചേര്‍ത്തു നിര്‍ത്തി സംരക്ഷിച്ചു. എന്നാല്‍ എന്‍റെ അമ്മ എവിടെയാണെന്ന് അപ്പോള്‍ എനിക്കറിയില്ലായിരുന്നു. ആകെ പരിഭ്രാന്തയായ ആ നിമിഷം എടുത്ത ചിത്രങ്ങളും വീഡിയോയുമാണ് മാധ്യമങ്ങള്‍ നല്‍കിയത്. വിവാഹ സല്‍ക്കാരങ്ങളെല്ലാം കഴിഞ്ഞശേഷമേ ഭാവിയെപ്പറ്റി തീരുമാനമെടുക്കൂവെന്നും ഇരുവരും പറഞ്ഞു