ഹൈദരാബാദുകാരിയായതു കൊണ്ടും പേരിന്റെ അവസാനം മിര്‍സ എന്നുള്ളതു കൊണ്ടും ഞാനെന്താ പാക്കിസ്ഥാന് ക്രിക്കറ്റ് കളിക്കാരനെ കല്യാണം കഴിക്കണോ? ബോളിവുഡ് താരം ദിയ മിര്‍സയ്ക്കു ദേഷ്യം സഹിക്കാനാവുന്നില്ല. ഹൈദരാബാദുകാരിയായ സാനിയ മിര്‍സ പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെ വിവാഹം കഴിച്ചിട്ടു കുറച്ചു ദിവസങ്ങളേ ആയുള്ളൂ. സാനിയ ഇപ്പോള്‍ ഷൊയ്ബിന്റെ നാട്ടിലാണ്. അവിടുത്തെ പത്രങ്ങളിലാണെങ്കില്‍ സാനിയ നില്ക്കുന്നതും ഇരിക്കുന്നതുമൊക്കെയാണ് ഇപ്പോള്‍ പ്രധാന വാര്‍ത്ത.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ദിയയുടെ വീട്ടിലേക്കു പതിവില്ലാത്ത വിധം ഫോണ്‍ കോളുകള്‍. നിര്‍മാതാക്കള്‍ ഡേറ്റു ചോദിച്ച് ഇങ്ങനെ വിളിക്കാന്‍ മാത്രം താരമൊന്നുമല്ല ദിയ. നാല്‍പ്പതിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കാര്യമായ ഹിറ്റുകളൊന്നുമില്ല ദിയയ്ക്ക്. ഫോണെടുത്താല്‍ മറുതലയ്ക്കല്‍ നിന്ന് കേള്‍ക്കും, അഭിനന്ദനങ്ങള്‍. ഇനി അവാര്‍ഡു വല്ലതും കിട്ടിയതാണോ? ആവാന്‍ വഴിയില്ല. തന്റെ അഭിനയ പാടവത്തെക്കുറിച്ചും നല്ല ധാരണയുണ്ട് ദിയയ്ക്ക്. പ്രശ്നം പിന്നെയാണ് പിടികിട്ടിയത്. പാക്കിസ്ഥാന് ഫാസ്റ്റ് ബൗളര്‍ ഷൊയ്ബ് അക്തറുമായി ദിയയുടെ വിവാഹം ഉറപ്പിച്ചിരിക്കുന്നു എന്ന് വാര്‍ത്ത പരന്നിരിക്കുന്നു. ഒരു പാക് ചാനലാണ് ഇതാദ്യം റിപ്പോര്‍ട്ടു ചെയയത്. വളരെ ആധികാരികമായ വാര്‍ത്ത. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു വിവാഹനിശ്ചയം. വിവാഹത്തീയതി ഉടന്‍ പ്രഖ്യാപിക്കും.
ഇത്രയും കേട്ടതോടെയാണ് സുഹൃത്തുക്കള്‍ ദിയയെ വിളിച്ചു തുടങ്ങിയത്. ഇത്രയുമൊക്കെയായ സ്ഥിതിക്ക് തന്റെ നയം വ്യക്തമാക്കാന്‍ ദിയ നിര്‍ബന്ധിതയായി. ഈ വാര്‍ത്ത അടിസ്ഥരഹിതമാണെന്ന് ദിയ തന്റെ ബ്ലോഗില്‍ എഴുതി. തനിക്ക് ഷൊയ്ബ് അക്തറിനെ അറിയില്ല. റൂമറുകള്‍ വിശ്വസിക്കരുതെന്ന് സുഹൃത്തുക്കളോട് അഭ്യര്‍ഥിക്കുകയും ചെയ്തു ദിയ