ജോഹന്നാസ്ബെര്‍ഗില്‍
ബ്രസീല്‍ ടീം താമസിക്കുന്ന ഹോട്ടലിലെ പ്രസ് റൂം. നിറഞ്ഞുചിരിക്കാന്‍
ശ്രമിക്കുകയാണ് അവരുടെ പ്ലേമേക്കര്‍ കാക. തന്‍റെ പതിവു ഫോമിലേക്കു
തിരിച്ചു വരുന്നതിന്‍റെ സൂചനകള്‍ക്കൊടുവില്‍ ചുവപ്പു കാര്‍ഡു കണ്ടു
പുറത്തു പോയതിന്‍റെ വേദന അവസാനിച്ചിരിക്കുന്നു എന്ന് എല്ലാവരെയും
അറിയിക്കാനോ ഇങ്ങനെ ചിരിക്കുന്നത് എന്നു ചോദിച്ചപ്പോഴും കാക ചിരിച്ചു.
ഐവറികോസ്റ്റിനെതിര ബ്രസീല്‍ നേടിയ മികച്ച വിജയത്തിന്‍റെ തിളക്കം
കെടുത്തിക്കൊണ്ടാണ് കാക ചുവപ്പു കാര്‍ഡ് കണ്ട് പുറത്തു പോയത്.
വെള്ളിയാഴ്ച പോര്‍ച്ചുഗലിനെ ടീം നേരിടുമ്പോള്‍ കാകയ്ക്കു സൈഡ്
ബഞ്ചിലിരിക്കാം.
പോര്‍ച്ചുഗലിനെതിരെ കളിക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ട്. എന്നാല്‍
കളത്തില്‍ ഇതെല്ലാം സംഭവിക്കും എന്നു തന്നെ കരുതണം. അടുത്ത റൗണ്ടില്‍
കൂടുതല്‍ മികച്ച പ്രകടനത്തിനായി ശ്രമിക്കുക എന്നതാണ് എനിക്കു ചെയ്യാന്‍
കഴിയുന്നത്. കാക പറയുന്നു.
* കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയ്ക്ക് ക്ലബ്ബുകളില്‍ കളിക്കുമ്പോഴോ ബ്രസീല്‍
ടീമില്‍ കളിക്കുമ്പോഴോ ഒരൊറ്റത്തവണ പോലും ചുവപ്പു കാര്‍ഡ്
കണ്ടിട്ടില്ലാത താങ്കള്‍ക്കിതെന്തു പറ്റി?
@ ചുവപ്പുകാര്‍ഡു കണ്ട് പുറത്തു പോവുന്ന സിറ്റ്വേഷന്‍ ഒട്ടും
കണ്‍ഫര്‍ട്ടബിള്‍ അല്ല. ഇനി ഞാനത് അംഗീകരിച്ചേ പറ്റൂ. ഇനി കളത്തില്‍ എന്നെ
നിയന്ത്രിക്കുന്നത് ഞാന്‍ തന്നെയായിരിക്കും. എന്നാല്‍ ഐവറികോസ്റ്റിന്‍റെ
കളിക്കാരന്‍റെ അഭിനയത്തിന്‍റെ ഇര കൂടിയാണ് ഞാന്‍. എന്‍റെ മുത്തശ്ശിക്കു
പോലും റഫറിയോടു ദേഷ്യമാണ്. കളത്തില്‍ സാധാരണ സംഭവിക്കുന്ന
സാഹചര്യമായിരുന്നു അത്. എന്നാല്‍ ഓവര്‍ റിയാക്ഷനാണ് ഇത്ര വഷളാക്കിയത്.
എന്‍റെ ഭാഗത്തു നിന്നുണ്ടായ പ്രശ്നമായിരുന്നെങ്കില്‍ ഞാന്‍ മാപ്പു
ചോദിക്കുമായിരുന്നു. എന്നാല്‍ അത് അത്ര ഗൗരവമുള്ള ഒന്നായിരുന്നില്ല.
* 2007ല്‍ വേള്‍ഡ് പ്ലയര്‍ ഒഫ് ദ് ഇയറായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു
സീസണ്‍ വളരെ മോശം. തുടര്‍ച്ചയായ പരിക്കുകള്‍. ലോകകപ്പിനു വരുമ്പോള്‍
മനസ് എത്രത്തോളം അസ്വസ്ഥമായിരുന്നു.
@ രണ്ടു വര്‍ഷത്തെ പരിക്കുകള്‍ എന്‍റെ കരിയറില്‍ ഇതു വരെ
സംഭവിച്ചിട്ടില്ലാത്ത തരത്തിലുള്ളവയായിരുന്നു. എന്നാല്‍ എക്കാലവും ഒരു
അത്ലറ്റിന്‍റെ ജീവിതമാണു ഞാന്‍ നയിച്ചിരുന്നത്. ഇത്തരം സാഹചര്യങ്ങളെ
നേരിട്ട് എങ്ങനെ ഫോം തിരിച്ചു പിടിക്കണം എന്ന് എനിക്കറിയാം. കുറച്ചു
കാലമായി അതിനുള്ള ശ്രമങ്ങളായിരുന്നു. ഇപ്പോള്‍ പതിവു ട്രാക്കിലേക്കു
കാര്യങ്ങള്‍ വരുന്നുണ്ട്. രണ്ടാം റൗണ്ടില്‍ കൂടുതല്‍ മെച്ചപ്പെടുമെന്നാണു
പ്രതീക്ഷ.
* ലോകകപ്പില്‍ കളിക്കുന്നതിന്‍റെ സവിശേഷ അനുഭവം എന്താണ്?
@ കഴിഞ്ഞ ദിവസം ബ്രസീലില്‍ നിന്നുള്ള കുറച്ചു ചിത്രങ്ങള്‍ കണ്ടു.
കോപാകാബന ബീച്ചില്‍ ഐവറികോസ്റ്റിനെതിരായ വിജയം ആയിരങ്ങള്‍
ആഘോഷിക്കുന്നതിന്‍റെ ചിത്രങ്ങള്‍. അവിടെ മാത്രമല്ല ബ്രസീല്‍ മുഴുവന്‍
എത്ര ആവേശത്തോടെയാണ് ഓരോ വിജയങ്ങളും ആഘോഷിക്കുന്നത്. ആ ജനങ്ങള്‍ക്കു
വേണ്ടിയാണു ഞങ്ങള്‍ ലോകകപ്പില്‍ കളിക്കുന്നത്. അവിടെ നിന്നു വരുന്ന
സന്ദേശങ്ങള്‍ വികാര നിര്‍ഭരങ്ങളാണ്. എല്ലാ വേദനയും മറന്നു കളിക്കാന്‍
പ്രേരിപ്പിക്കുന്ന തരത്തില്‍, ഏതു ത്യാഗത്തിനും പ്രേരിപ്പിക്കുന്ന
തരത്തില്‍...