പഞ്ചത്തെയാകെ മാന്ത്രിക സംഗീതത്തിന്‍റെ മായികതയില്‍ നിര്‍ത്തിയപ്പോഴും വിഖ്യാത മ്യൂസിക് ഗ്രൂപ്പിന് ശത്രുവുണ്ടായിരുന്നു.? അവരോളം പോന്ന ശത്രു. സാക്ഷാല്‍ വത്തിക്കാന്‍. ബീറ്റില്‍സിനെ ഒട്ടും ഇഷ്ടമായിരുന്നില്ല വത്തിക്കാന്. ഒളിഞ്ഞും തെളിഞ്ഞും അതു പ്രകടിപ്പിക്കുകയും ചെയ്തു.
ജോണ്‍ ലെന്നോണ്‍, റിങ്കോ സ്റ്റാര്‍, പോള്‍ മക്കാര്‍ട്നി, ജോര്‍ജ് ഹാരിസണ്‍. ഈ ബീറ്റില്‍സ് സംഘം ലോകത്തെ സംഗീതത്തില്‍ മുക്കിത്താഴ്ത്തിയ കാലം. 1960ല്‍ ബ്രിട്ടനിലെ ലിവര്‍പൂളില്‍ രൂപീകരിച്ച ആ പാട്ടുക്കൂട്ടം ലോകത്തിനു പ്രിയപ്പെട്ടതായി മാറിയതു പെട്ടെന്നാണ്. അന്നും തകര്‍പ്പെടാത്ത വില്‍പ്പന റെക്കോഡുകളുണ്ട് ബീറ്റില്‍സിന്‍റെ ആല്‍ബങ്ങള്‍ക്ക്. 1970ല്‍ ഇവര്‍ പിരിയുകയും ചെയ്തു.
ജോണ്‍ ലെന്നോണ്‍ സ്വന്തം ട്രൂപ്പിനെക്കുറിച്ചു പറഞ്ഞ ഒരു കമന്‍റാണ് വത്തിക്കാനുമായുള്ള പ്രശ്നങ്ങള്‍ക്കു തുടക്കം. ജീസസ് ക്രൈസ്റ്റിനെക്കാള്‍ വലിയവരാണു ഞങ്ങള്‍ എന്നായിരുന്നു ജോണിന്‍റെ പ്രഖ്യാപനം. ആരാധകര്‍ അന്നു കൈയടിച്ചെങ്കിലും പൊറുക്കാന്‍ വത്തിക്കാന്‍ തയാറായിരുന്നില്ല.
എന്നാല്‍ ബീറ്റില്‍സ് വഴിപിരിഞ്ഞതിന്‍റെ നാല്‍പ്പതാം വാര്‍ഷികത്തില്‍ വത്തിക്കാന്‍ അവരോടു പൊറുക്കുന്നു.
ഔദ്യോഗിക പത്രമായ എല്‍ ഒസര്‍വത്രോ റോമാനോയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ബീറ്റില്‍സിനെ മൂല്യമുള്ള രത്നങ്ങള്‍ എന്നാണു വിശേഷിപ്പിച്ചിരിക്കുന്നത്. അവര്‍ ഒരിക്കല്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടാവാം, ജീസസ് ക്രൈസ്റ്റിനേക്കാള്‍ വലിയവരാണ് ഞങ്ങള്‍ എന്നു പ്രഖ്യാപിച്ചിട്ടുണ്ടാവാം...അതൊക്കെ ചെറുപ്പത്തിന്‍റെ പ്രശ്നങ്ങളായിരുന്നു. എന്നാല്‍ ലോകത്തെ വിസ്മയിപ്പിച്ച മുപ്പത്തിമൂന്ന് ആല്‍ബങ്ങളെ അവഗണിക്കാനാവില്ല. അവര്‍ സംഗീതത്തെത്തന്നെ മാറ്റിമറിച്ചു. അക്കാലത്തെ ചെറുപ്പക്കാര്‍ക്ക് അവര്‍ മാതൃകകള്‍ ആയിരുന്നു എന്നഭിപ്രായമില്ല. എന്നാല്‍ സംഗീതലോകത്തേക്ക് അവര്‍ നിരവധി ചെറുപ്പക്കാരെ പ്രചോദിപ്പിച്ചു.
എക്കാലത്തേക്കുമുള്ള പ്രതിഭാസമായി അവര്‍ നിലനില്‍ക്കുക തന്നെ ചെയ്യും, വത്തിക്കാന്‍ ബീറ്റില്‍സിനു മേല്‍ ചൊരിയുന്ന പ്രശംസാവചനങ്ങള്‍ തുടരുന്നു.