Subject: അവര്‍ക്കും വേണ്ട ഫ്രാന്‍സിനെ Thu Jun 24, 2010 2:17 pm
ഭീരുക്കളായ വിഡ്ഡികള്‍ , ഒരു ഫ്രഞ്ച് ദിനപ്പത്രത്തിന്‍റെ കഴിഞ്ഞ ദിവസത്തെ തലക്കെട്ടിന്‍റെ മലയാള പരിഭാഷ ഇങ്ങനെ. മറ്റാരെക്കുറിച്ചും അല്ല, ലോകകപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കളിക്കുന്ന സ്വന്തം രാജ്യത്തെ ടീമിനെക്കുറിച്ചാണ് ഫ്രാന്‍സിലെ ഒരു പത്രം ഇങ്ങനെ എഴുതിയത്. അത്രക്കു തരംതാണ കലാപരിപാടികളാണു ദക്ഷിണാഫ്രിക്കയിലെ ഫ്രഞ്ച് ക്യാംപില്‍ തുടരുന്നത്. കോച്ചും കളിക്കാരും തമ്മിലുള്ള അടിപിടിയില്‍ മനംനൊന്ത് സ്പോണ്‍സര്‍മാര്‍ ഒന്നൊന്നായി ടീമിനെ കൈവിടുന്നു എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. സാക്ഷാല്‍ സര്‍ക്കോസി ഇടപെട്ടിട്ടു പോലും നന്നാവാത്ത ഒരു ടീമിനൊപ്പം എങ്ങനെ നില്‍ക്കും നിന്നാല്‍ത്തന്നെ തങ്ങളുടെ ബ്രാന്‍ഡ് നെയിം കൂടി മോശമാവും എന്നാണു സ്പോണ്‍സര്‍മാര്‍ കരുതുന്നത്. നിക്കോളാസ് അനല്‍ക്കയെ പുറത്താക്കിയതിനെത്തുടര്‍ന്ന് കോച്ചിനോടു കളിക്കാര്‍ കലാപം പ്രഖ്യാപിച്ചിരുന്നു. അതിന്‍റെ ഭാഗമായി അവര്‍ ട്രെയ്നിങ്ങിനിറങ്ങിയില്ല. അതിനു തൊട്ടു പിന്നാലെയാണു ടീമുമായുള്ള ബന്ധം വിടുകയാണെന്ന് വന്‍ കമ്പനികള്‍ പ്രഖ്യാപിച്ചത്. കളിക്കാര്‍ പരിശീലനത്തിനിറങ്ങിയില്ല എന്ന വാര്‍ത്ത വന്നതിനു തൊട്ടു പിന്നാലെ ക്രെഡിറ്റ് അഗ്രിക്കോള എന്ന ഫ്രഞ്ചു കമ്പനി ടീമിനൊപ്പമുള്ള ടിവി കാംപെയ്ന്‍ നിര്‍ത്തുകയാണെന്നു പ്രഖ്യാപിച്ചു. ഈ ആഡ് മേലില്‍ സംപ്രേഷണം ചെയ്യരുതെന്നു പ്രധാനപ്പെട്ട ചാനലുകളെ അറിയിച്ചെന്നു ഫ്രാന്‍സിലെ പ്രധാന ധനകാര്യ സ്ഥാപനമായ ക്രെഡിറ്റ് അഗ്രിക്കോളയുടെ വക്താവ് അറിയിച്ചു. ഫ്രഞ്ച് ടീമിനെ ഇന്‍ഷ്വര്‍ ചെയ്തിരുന്നത് ഈ ബാങ്കാണ്. ഫ്രാന്‍സ് രണ്ടാം റൗണ്ടില്‍ കടക്കുമെന്നുറപ്പിച്ച് അനല്‍ക്കയെ മോഡലാക്കി പരസ്യം തയാറാക്കിയ ഫാസ്റ്റ് ഫുഡ് കമ്പനിയായ ക്വിക്കാണ് ശരിക്കും വെട്ടിലായത്. ഇന്നലത്തെ തോല്‍വിയോടെ ലോകകപ്പില്‍ നിന്നു ഫ്രാന്‍സ് പുറത്തായി. വെള്ളിയാഴ്ച മുതല്‍ ഫ്രഞ്ചു ചാനലുകളില്‍ ഈ പരസ്യം കാണിച്ചു തുടങ്ങാനായിരുന്നു ക്വിക്കിന്‍റെ പരിപാടി. പ്രോക്റ്റര്‍ ആന്‍ഡ് ഗാംബിളിന്‍റെ ഒരു പരസ്യത്തിലും അനല്‍ക്കയായിരുന്നു മോഡല്‍. സോക്കറിന്‍റെ എല്ലാ ആഘോഷങ്ങളുടെയും മൂഡില്‍ തയാറാക്കിയ ഈ പരസ്യം ഇനി എങ്ങനെ പ്രദര്‍ശിപ്പിക്കും, കമ്പനി വക്താവ് ചോദിക്കുന്നു. ജിഡഎഫ് സൂസെ എന്ന കമ്പനി 2014 വരെ ഫ്രഞ്ച് ടീമിന്‍റെ പാര്‍ട്ട്ണര്‍മാരായിരിക്കാന്‍ കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇനി അതു പുന:പരിശോധിക്കുമെന്നാണവര്‍ പറയുന്നത്. ഒഫിഷ്യല്‍ പാര്‍ട്ട്ണര്‍മാരില്‍ ഒരാളായ അഡിഡാസ് തല്‍ക്കാലം പിന്മാറുന്നില്ല. അവരുണ്ടാക്കിയ കരാര്‍ ഈ വര്‍ഷം അവസാനിക്കും. പിന്നീട് സാഹചര്യങ്ങള്‍ അവലോകനം ചെയ്തതിനു ശേഷം മാത്രമേ കരാര്‍ പുതുക്കുന്ന കാര്യം അഡിഡാസ് തീരുമാനിക്കൂ. അഡിഡാസിനെ മറികടന്നു ടീമിന്‍റെ ഒഫിഷ്യല്‍ സ്പോര്‍ട്സ് ഗുഡ്സ് സപ്ലെയര്‍ പദവി കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ നൈക്ക് നിലപാട് അറിയിച്ചിട്ടില്ല. എന്നാല്‍ ടീമിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്നു പിന്മാറുന്ന കാര്യം ആലോചിക്കുന്നില്ലെന്നു ടൊയോട്ടോ പ്രഖ്യാപിച്ചത് ഫ്രഞ്ച് ഫുട്ബോള്‍ അസോസിയേഷന് ആശ്വാസമായിട്ടുണ്ട്