ബ്രസീലിന്‍റെ 30 അംഗ ലോകകപ്പ് സാധ്യതാ ടീം തെരഞ്ഞെടുപ്പിനെതിരെ ഫോര്‍മുല വണ്‍ ചാമ്പ്യന്‍സും ബ്രസീലുകാരനുമായ ഫിലിപ്പ് മാസ രംഗത്തെത്തി. ബ്രസീല്‍ പരിശീലകന്‍ കാര്‍ലോസ് ദുംഗയുടെ തെരഞ്ഞെടുപ്പ് രീതിയെക്കുറിച്ച് തനിക്ക് മതിപ്പില്ലെന്ന് മാസ പറഞ്ഞു. ‘സത്യം പറഞ്ഞാല്‍ ഈ ടീം തെരഞ്ഞെടുപ്പ് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. എനിക്ക് മാത്രമല്ല, ഭൂരിഭാഗം ബ്രസീലുകാര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല.
മികച്ച കളിക്കാരെയാണ് ലോകകപ്പിന് അയക്കേണ്ടത്. എന്നാല്‍ ദുംഗ ചെയ്തത് അതല്ല. തനിക്ക് വിശ്വാസമുള്ള കളിക്കാരെ മാത്രമാണ് അദ്ദേഹം ടീമിലെടുത്തത്. എന്നാല്‍ പ്രതിഭയുളളവരെ ഒഴിവാക്കുകയും ചെയ്തു’-മാസ പറഞ്ഞു. സൂപ്പര്‍താരം റൊണാള്‍ഡീഞ്ഞോയെ ഒഴിവാക്കിയതില്‍ താന്‍ അസ്വസ്ഥനാണെന്നും മാസ പറഞ്ഞു.
‘റൊണാള്‍ഡീഞ്ഞോ ദക്ഷിണാഫ്രിക്കയിലേക്ക് പോകണമെന്നാണ് എന്റെ ആഗ്രഹം. കഴിവു തെളിയിച്ച താരമാണ് അദ്ദേഹം. അവരെ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. ക്രൂസേറിയോ ഗില്‍ബര്‍ട്ടൊയെയും മൈക്കല്‍ ബാസ്റ്റോസിനെയും ടീമില്‍ ഉള്‍പ്പെടുത്താനുള്ള ദുംഗയുടെ തീരുമാനത്തെയും മാസ വിമര്‍ശിച്ചു.
ഇരുവര്‍ക്കും പകരം മാഴ്സലോയെയും മാക്സ്‌വെല്ലിനെയും ഉള്‍പ്പെടുത്തണമായിരുന്നു എന്നാണ് തന്‍റെ അഭിപ്രായമെന്നും മാസ പറഞ്ഞു.