അര്‍ജന്റീനയുടെ ലോകകപ്പ് തുടങ്ങിയെന്ന് കോച്ച് ഡീഗോ മറഡോണ. ലോകകപ്പ് ജൂണ്‍ പതിനൊന്നിനാണ് തുടങ്ങുന്നതെങ്കിലും അര്‍ജന്റീനയെ സംബന്ധിച്ചിടത്തോളം ലോകകപ്പിനുള്ള അവസാന ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞെന്ന് മറഡോണ പറഞ്ഞു. പതിനേഴംഗ ടീമിന്റെ പരിശീലനം കഴിഞ്ഞ ദിവസം തുടങ്ങി.
ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ വലിയപ്രതീക്ഷയുണ്ടെന്നും ലോകത്തെ മികച്ച താരങ്ങളെല്ലാം അജന്റീനിയന്‍ ടീമിലാണെന്നും വിജയം നേടാനാകുമെന്നാണ് കരുതുന്നതെന്നും ഇതിഹാസ താരം പറഞ്ഞു. 1986 ലെ ലോകകപ്പ് വിജയം ഒരിക്കല്‍ കൂടി ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നും മറഡോണ പറഞ്ഞു.
അര്‍ജന്റീനയുടെ ലോകകപ്പ് ഫുട്ബോള്‍ ടീം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇരുപത്തിമൂന്നംഗ ടീമിനെയാണ് അര്‍ജന്റീനിയന്‍ കോച്ച് ഡീഗോ മറഡോണ പ്രഖ്യാപിച്ചത്. ബാഴ്സിലോണയുടെ ലയന്‍ മെസ്സി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ കാര്‍ലോസ് ടെവസ് തുടങ്ങീ പ്രമുഖ താരങ്ങളെല്ലാം ടീമില്‍ ഇടം നേടിയിട്ടുണ്ട്.
അതേസമയം, പ്രതിരോധ നിരയിലേക്ക് ഏരിയല്‍ ഗാര്‍സിനെ പരിഗണിച്ചതും ശ്രദ്ധേയമാണ്. അര്‍ജന്റീനയ്ക്ക് വേണ്ടി കേവലം ഒരു മത്സരം മാത്രമാണ് ഗാര്‍സ് കളിച്ചിരിക്കുന്നത്. ദേശീയ ടീമില്‍ കളിച്ച് പരിചയമില്ലാത്ത താരത്തെ ടീമിലെടുത്തത് അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
നേരത്തെ പ്രഖ്യാപിച്ച 30 അംഗ ടീമില്‍ നിന്നാണ് 23 അംഗ ടീം തെരഞ്ഞെടുത്തത്. പ്രമുഖ താരങ്ങളായ സനേറ്റിയയെയും കംബിയാസോവിനെയും നേരത്തെ തന്നെ ഒഴിവാക്കിയിരിക്കുന്നു. അടുത്ത തിങ്കളാഴ്ച നടക്കുന്ന സന്നാഹ മത്സരത്തില്‍ അര്‍ജന്റീന കാനഡയെ നേരിടും. ലോകകപ്പിനുള്ള അര്‍ജന്റീനിയന്‍ ടീം മെയ് 28ന് ദക്ഷിണാഫ്രിക്കയിലേക്ക് യാത്രത്തിരിക്കും