ലോകകപ്പ് ഫുട്ബോളിനുള്ള ഇരുപത്തിമൂന്നംഗ സ്ക്വാഡിനെ സ്പെയ്ന്‍ പ്രഖ്യാപിച്ചു. പരുക്കിന്‍റെ പിടിയിലുള്ള ഫെര്‍ണാണ്ടൊ ടോറസിനെയും സെസ് ഫാബ്രിഗാസിനെയും ഉള്‍പ്പെടുത്തിയാണ് സ്ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യപരിശീലകന്‍ വിസെന്‍റെ ഡെല്‍ ബോസ്ക് ആണ് സ്ക്വാഡിനെ പ്രഖ്യാപിച്ചത്.
യൂറോ 2008 വിജയി മാര്‍കോസ് സെന്നയെ സ്ക്വാഡില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെന്ന പരുക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാകാത്തതിനാലാണിത്. വിയ്യാറല്‍ താരമായ സെന്ന ഈ സീസണില്‍ എട്ടു കളികളില്‍ മാത്രമായിരുന്നു ഇറങ്ങിയത്. പരുക്കിന്‍റെ പിടിയിലുള്ള മറ്റൊരു താരമായ ആന്ദ്രേസ് ഇനീസ്റ്റയെ സ്പെയ്ന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇനീസ്റ്റയും ഫാബ്രിഗാസും ടോറസും ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഡെല്‍ ബോസ്ക് പറഞ്ഞു. മൂവരുടെയും ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്നും ലോകകപ്പിനു മുമ്പ് ഇവര്‍ ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന അനുകൂല റിപ്പോര്‍ട്ടാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നും ബോസ്ക് കൂട്ടിച്ചേര്‍ത്തു.
ആര്‍സനല്‍ താരമായ ഫാബ്രിഗാസിന് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിനിടെയാണ് പരുക്കേറ്റത്. ഫാബ്രിഗാസിന്‍റെ കാല്‍വെണ്ണയിലെ എല്ലിന് പൊട്ടലുണ്ടെന്ന് വ്യക്തമായിരുന്നു. കാല്‍മുട്ടിലെ സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലാണ് ലിവര്‍പൂള്‍ സ്ട്രൈക്കറായ ടോറസ്.
ലോകകപ്പ് ടൂര്‍ണ്ണമെന്‍റില്‍ ഗ്രൂപ്പ് എച്ചിലാണ് സ്പെയ്ന്‍. ജൂണ്‍ പതിനാറിന് സ്വിറ്റ്സര്‍ലാന്‍ഡുമായിട്ടാണ് സ്പെയ്നിന്‍റെ ആദ്യമത്സരം. ലോകകപ്പിനുമുമ്പുള്ള സൌഹൃദ മത്സരങ്ങളില്‍ സൌദി അറേബ്യയുമായും ദക്ഷിണ കൊറിയയുമായും പോളണ്ടുമായും ഏറ്റുമുട്ടും.