സിനിമയില്‍ നായികയാവുക എന്നതുതന്നെ വലിയ ഭാഗ്യം. അപ്പോള്‍പ്പിന്നെ അതു സ്വന്തം പിതാവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആയാലോ?അത്തരമൊരു സൗഭാഗ്യത്തിന് ഉടമയായിരിക്കുകയാണ് ജഹാന്‍ ബ്ലോച്. നാനാ പടേക്കര്‍ക്കു മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത 'ക്രാന്തിവീറി'ന്റെ രണ്ടാംഭാഗത്തിലാണ് ജഹാന്‍ നായികയാവുന്നത്.
'ക്രാന്തിവീര്‍-ദ റവല്യൂഷന്‍' എന്നു പേരിട്ടിരിക്കുന്ന ചിത്രം ജൂണ്‍ 11ന് തിയേറ്ററുകളിലെത്തും. ജഹാന്റെ പിതാവ് മെഹുല്‍കുമാര്‍ തന്നെയാണ് 'ക്രാന്തിവീറി'ന്റെ രണ്ടാം ഭാഗവും ഒരുക്കുന്നത്.
താരസന്തതികളും ബന്ധുക്കളും സിനിമയിലെത്തുന്നത് ബോളിവുഡില്‍ പതിവു സംഭവമാണ്. എന്നാല്‍, ജഹാന്റെ കാര്യത്തില്‍ ഇതത്ര പതിവു സംഭവമായി ബോളിവുഡ് മാധ്യമങ്ങള്‍ കാണുന്നില്ല.സംവിധായകന്‍ മഹേഷ് ഭട്ടും മകള്‍ പൂജാഭട്ടും ഇവര്‍ക്കു മുന്‍ഗാമികളായി ചൂണ്ടിക്കാണിക്കാനുണ്ടെങ്കിലും 'ക്രാന്തിവീറി'ന്റെ രണ്ടാംഭാഗം എന്ന നിലയിലാണ് ചിത്രം കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.
1977 മുതല്‍ സിനിമാരംഗത്തുള്ള മെഹുല്‍കുമാറിനുമകളെ ഒരു സിനിമയില്‍ നായികയാക്കുക എന്നത് വലിയ പ്രശ്‌നമുള്ള വിഷയമല്ല. താന്‍ സംവിധാനം ചെയ്ത 'കൊഹ്‌രാം' എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ മകളായും 'മൃത്യുദാത', 'ആസൂം ബനെ അങ്കാരെ' തുടങ്ങിയവയില്‍ ബാലതാരമായും ജഹാനെ അഭിനയിപ്പിക്കാന്‍ മെഹുല്‍ തയ്യാറായിട്ടുണ്ട്.എന്നിട്ടും
22-ാം വസ്സില്‍ മാത്രമാണ് ജഹാനെ മെഹുല്‍ തന്റെ സിനിമയില്‍ നായികയാക്കുന്നത്. ആദ്യചിത്രത്തിലെ നായികാനായകന്മാരായ ഡിംപിള്‍ കപാഡിയയുടെയും നാനാപടേക്കറുടെയും മകളായാണ് ജഹാന്‍ രണ്ടാംഭാഗത്തിലെത്തുന്നത്.
തീവ്രവാദത്തിനും വര്‍ഗീയതയ്ക്കും എതിരെ പോരാടുന്ന ടെലിവിഷന്‍ ജേര്‍ണലിസ്റ്റിന്റെ റോളില്‍ ജഹാന്‍ തകര്‍ത്ത് അഭിനയിക്കുകതന്നെ ചെയ്തു.
''മൂന്നാം വയസ്സില്‍ സിനിമാലോകത്ത് എത്തിയ എനിക്ക് സിനിമവിട്ട് മറ്റൊരു ജീവിതമില്ല. സിനിമാ നടിയാവുക എന്നതില്‍ക്കവിഞ്ഞ് മറ്റൊരു ചിന്തപോലും ഉണ്ടായിട്ടില്ല. അച്ഛന്റെ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. മുതിര്‍ന്നപ്പോള്‍ സിനിമയുടെ എല്ലാ വശങ്ങളും പഠിച്ചു. ഒടുവില്‍ നായികയുമായി. മറ്റു പുതുമുഖങ്ങളെപ്പോലെ ഗ്ലാമര്‍-റൊമാന്‍സ് നായിക എന്ന ലേബലിലല്ലാതെയൊരു അരങ്ങേറ്റം. അതില്‍ ഞാന്‍ സംതൃപ്തയാണ്'' -ജഹാന്‍ പറയുന്നു.
മാധുരി ദീക്ഷിതിനെയും അമിതാഭ് ബച്ചനെയും ആരാധിക്കുന്ന ജഹാന് 'ദേവദാസി'ലെ ചന്ദ്രമുഖി, 'മുഗള്‍-ഇ-അസ'മിലെ അനാര്‍ക്കലി തുടങ്ങിയവയ്ക്ക് സമാനമായ വേഷങ്ങള്‍ അവതരിപ്പിക്കുകയാണ് ജീവിതാഭിലാഷം.
1994-ല്‍ പുറത്തിറങ്ങിയ 'ക്രാന്തിവീറി'ല്‍ നാനാക്കും ഡിംപിളിനും പുറമേ മമതാ കുല്‍ക്കര്‍ണി, അതുല്‍ അഗ്‌നിഹോത്രി, പരേഷ് റാവല്‍ തുടങ്ങിയവരും വേഷമിട്ടു. സമീര്‍ അഫ്താബാണ് ഇക്കുറി നായകന്‍.