[tr] [td]കോച്ചിങ് തന്ത്രങ്ങളുമായ് വാട്ട്‌മോര്‍ കൊച്ചിയില്‍
കേരളത്തില്‍ നിന്ന് രണ്ടു പേര്‍ കെ.കെ.ആറിന് കളിക്കുംകൊച്ചി: കേരളത്തിലെ ക്രിക്കറ്റ് കോച്ചുമാര്‍ക്ക് പരിശീലന തന്ത്രങ്ങളുടെ പുത്തനറിവുകള്‍ പകര്‍ന്നു നല്‍കാന്‍ പരിചയസമ്പന്നനായ ക്രിക്കറ്റ് ഗുരു ഡേവ് വാട്ട്‌മോര്‍ കൊച്ചിയിലെത്തി. ബുധനാഴ്ച രാവിലെ മുതല്‍ ഹോട്ടല്‍ അബാദ് പ്ലാസയില്‍ നടക്കുന്ന കോച്ചസ് ട്രെയിനിങ് ക്യാമ്പില്‍ വാട്ട്‌മോര്‍ തന്റെ ക്രിക്കറ്റ് തന്ത്രങ്ങള്‍ പങ്കുവെക്കും.
ചൊവ്വാഴ്ച ഉച്ചയോടെ ബാംഗ്ലുരില്‍ നിന്നാണു വാട്ട്‌മോര്‍ കൊച്ചിയിലെത്തിയത്. അബാദിലെ കോഫി ഷോപ്പില്‍ വെച്ചു കാണുമ്പോള്‍ ഒപ്പം കെ.സി.എ. സെക്രട്ടറി ടി.സി. മാത്യു. തൊട്ടപ്പുറത്തെ ടേബിളില്‍ രഞ്ജി താരം റെയ്ഫി വിന്‍സന്റ് ഗോമസ്. ''കേരളത്തില്‍ നിന്നു മൂന്നു നാലു പേരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു കഴിഞ്ഞു. ഇതില്‍ രണ്ടു പേര്‍ നാലാം ഐ.പി.എല്ലില്‍ കളിച്ചേക്കും. പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല'' -കെ.കെ.ആര്‍ കോച്ചായ വാട്ട്‌മോര്‍ പറയുന്നത് കേട്ടപ്പോള്‍ തൊട്ടപ്പുറത്ത് റെയ്ഫി ഉപചാരപൂര്‍വം ''ബൈ സര്‍'' പറഞ്ഞു പിരിഞ്ഞു.
നൈറ്റ് ക്ലബ്ബില്‍ പോയി അടിയുണ്ടാക്കിയതിന് യുവരാജ് സിങ്ങടക്കം നാലു കളിക്കാര്‍ക്ക് ക്രിക്കറ്റ് ബോര്‍ഡ് ഷോക്കോസ് കൊടുത്ത കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം ആത്മഗതം പോലെ പറഞ്ഞു. ''ആ ജഡേജയുടെ കാര്യമാണു കഷ്ടം. കരിയര്‍ തുടങ്ങുമ്പോഴേ അവനത് ഇല്ലാതാക്കും.'' മൂന്നാം ഐ.പി.എല്ലില്‍ നിന്ന് ജഡേജയ്ക്ക് വിലക്ക് കല്പിച്ച് മാറ്റി നിര്‍ത്തിയ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയിലേക്ക് മെല്ലെ ഐ.പി.എല്‍. നൈറ്റ് പാര്‍ട്ടി വിഷയം കടന്നുവന്നു. ''പാര്‍ട്ടികള്‍ ഐ.പി.എല്ലിന്റെ ഭാഗമാണ്. അതില്‍ പങ്കെടുക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കളിക്കാര്‍ക്കുണ്ട്. പിറ്റേന്നു രാവിലെ പ്രാക്ടീസിന് ഫുള്‍ ഫിറ്റ്‌നസില്‍ എത്തണമെന്നു മാത്രം. ഇതിനു കഴിയുന്ന എത്രയോ കളിക്കാരുണ്ട്. എന്നാല്‍ കഴിയാത്തവരുമുണ്ട്. എല്ലാത്തിലും ഒരു നിയന്ത്രണമുള്ളത് നന്നാവുമെന്നാണ് എന്റെ അഭിപ്രായം.''
''ഇടയ്ക്ക് ഒന്നു മദ്യപിക്കാന്‍ അനുമതി ചോദിച്ചാല്‍ കൊടുക്കാതെ കടുംപിടുത്തം പിടിക്കുന്നതു കൊണ്ട് ടീമിനു പ്രത്യേകിച്ച് ഗുണമുണ്ടാവുമെന്നും എനിക്കു തോന്നുന്നില്ല. ബാംഗ്ലൂരില്‍ ഇന്നലെ തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലായിരുന്നു. ഒരു ബിയര്‍ പോലും കിട്ടിയില്ല...''- വാട്ട്‌മോര്‍ സ്വന്തം സങ്കടം നിരത്തി.
പത്രസമ്മേളനഹാളില്‍ ഇതിലും ഉന്മേഷത്തിലായിരുന്നു ശ്രീലങ്കന്‍ ബംഗ്ലാദേശ് ടീമുകളുടെ മുന്‍ ദേശീയ കോച്ച്. ഇക്കൊല്ലത്തെ ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു തുടക്കത്തില്‍ കിട്ടിയ മുന്‍തൂക്കം മുതലാക്കാന്‍ പറ്റാതെ പോയ കാര്യം സമ്മതിച്ച വാട്ട്‌മോര്‍ പിഴവുകള്‍ തിരുത്തി അടുത്ത വര്‍ഷം തന്റെ ടീം ശക്തമായി തിരിച്ചുവരുമെന്നും ഉറപ്പു നല്‍കി. കൊച്ചി ഐ.പി.എല്‍. ടീമിന്റെ കോച്ചായി വരുമോയെന്നായിരുന്നു ഒരു ചോദ്യം. കൊല്‍ക്കത്തയുമായി തന്റെ കരാര്‍ അഞ്ചാം ഐ.പി.എല്‍. വരെയുണ്ട്..അതു കഴിഞ്ഞ് ആലോചിക്കാം എന്നു മറുപടി.
മികച്ച കളിക്കാരായിരുന്ന കോച്ചുമാര്‍ക്കെന്തിനാണു ട്രെയിനിങ്? ഈ ചോദ്യം അദ്ദേഹം ശരിക്കുമാസ്വദിച്ചു. ഓസ്‌ട്രേലിയയില്‍ ഇപ്പോഴും സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ചോദ്യമാണിത്. പരിചയസമ്പന്നനായ ഒരു കോച്ചിന്റെ അനുഭവങ്ങള്‍ പകര്‍ന്നു കിട്ടുന്നതിലൂടെ മറ്റുള്ളവരും മെച്ചപ്പെടില്ലേയെന്ന മറുചോദ്യവും അദ്ദേഹം ഉന്നയിച്ചു. കേരളത്തിലെ 43 ബി.സി.സി.ഐ. ലെവല്‍ വണ്‍, 8 ലെവല്‍ ടു, 2 ലെവല്‍ ത്രീ കോച്ചുമാര്‍ക്കാണ് ബുധനാഴ്ച ഡേവ് വാട്ട്‌മോര്‍ എന്ന വിജയങ്ങളുടെ കൂട്ടുകാരന്‍ തന്റെ കളിയനുഭവങ്ങള്‍ വിവരിച്ചു നല്‍കുക.
[/td][/tr]