ഓസ്ട്രേലിയന്‍ പര്യടനത്തില്‍ പാക് ക്രിക്കറ്റ് താരങ്ങള്‍ ഒത്തുകളിച്ചെന്ന ആരോപണം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിഷേധിച്ചു. പിസിബി നടത്തിയ അന്വേഷണത്തില്‍ ഒത്തുകളി നടന്നതായി തെളിവുകള്‍ ഒന്നും ലഭിച്ചില്ലെന്നും മോശം പ്രകടനം നടത്തിയ കളിക്കാരെ ശിക്ഷിച്ചിട്ടുണ്ടെന്നും പിസിബി ചെയര്‍മാന്‍ ഇജാസ് ബട്ട് പറഞ്ഞു.
ഓസ്ട്രേലിയന്‍ പര്യടനത്തിലെ ഒത്തുകളി ആരോപണം അടഞ്ഞ അദ്ധ്യായമാണെന്നും ബട്ട് കൂട്ടിച്ചേര്‍ത്തു. പര്യടനത്തില്‍ ടെസ്റ്റിലും ഏകദിനത്തിലും ട്വന്‍റി-20 യിലും പാകിസ്ഥാന്‍ ദയനീയ പ്രകടനമായിരുന്നു പുറത്തെടുത്തത്. സംഭവം വന്‍ വിവാദമായതിനെ തുടര്‍ന്ന് പിസിബി സ്വന്തം നിലയില്‍ അന്വേഷണം നടത്തി ഏഴ് കളിക്കാര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
ആരോപണത്തെക്കുറിച്ച് ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൌണ്‍സില്‍ നേരിട്ട് അന്വേഷണം നടത്തുന്നുവെന്ന വാര്‍ത്തയും ബട്ട് നിഷേധിച്ചു. ഇത്തരം അഴിമതികള്‍ അന്വേഷിക്കാന്‍ ഐസിസിക്ക് സ്വന്തമായി സംവിധാനങ്ങള്‍ ഉണ്ടെന്നും എന്നാല്‍ അന്വേഷണം നടക്കുന്നുണ്ടെങ്കില്‍ പിസിബിയെ അറിയിക്കേണ്ടതാണെന്നും ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും ബട്ട് പറഞ്ഞു.
അതേസമയം അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി പഠിക്കാതെയാണ് നടപടിയെടുത്തതെന്ന കളിക്കാരുടെ ആരോപണത്തെക്കുറിച്ച് മറുപടി പറയാന്‍ ബട്ട് തയ്യാറായില്ല. നടപടി നേരിട്ടതില്‍ ആറു കളിക്കാര്‍ പിസിബി തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്