ട്വന്റി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ പരാജയപ്പെടാന്‍ കാരണം ടീമംഗങ്ങളുടെ ആത്മാര്‍ത്ഥതയുടെ കുറവാണെന്ന് പാക് നായകന്‍ ഷാഹീദ് അഫ്രീദി പറഞ്ഞു. പരിശീലനത്തിനിടെ മികച്ച ഫീല്‍ഡിംഗ് കാഴ്ചവച്ചവര്‍ ഗ്രൌണ്ടില്‍ നന്നെ പരാജയമായിരുന്നു. ചില താരങ്ങള്‍ ബൗണ്ടറി ലൈനിനടുത്ത് ഫീല്‍ഡ് ചെയ്യുമ്പോള്‍ സ്ത്രീകളെ നോക്കിയിരിക്കുകയായിരുന്നു. മറ്റു ചിലര്‍ സമയം കണ്ടെത്തിയത് ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കാനായിരുന്നു എന്നും അഫ്രീദി കുറ്റപ്പെടുത്തി.
ഓസ്ട്രേലിയന്‍ മത്സരത്തിനിടെ ഒത്തുകളി നടന്നിട്ടുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് ട്വന്റി-20 ടീം നായകന്‍ ഷാഹിദ് അഫ്രീദി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് നടത്തിയ ഹിയറിങ്ങിലാണ് സഹതാരങ്ങളുടെ പ്രകടനം സംബന്ധിച്ച് മനസ്സ് തുറന്നത്. ഇതോടെ പാക് ടീമില്‍ വീണ്ടും പ്രശ്നങ്ങളും വിവാദങ്ങളും സജീവമാകുകയാണ്.
ഓസ്‌ട്രേലിയന്‍ പര്യടനത്തിനുശേഷം പി സി ബി നടത്തിയ ഈ ഹിയറിങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചത്. മനപ്പൂര്‍വം മത്സരങ്ങള്‍ തോറ്റുകൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് അഫ്രീദി കുറ്റസമ്മതം നടത്തിയത്.
ലോക ക്രിക്കറ്റിലെ ശക്തരായ ഓസ്‌ട്രേലിയന്‍ ടീമിനെ തോല്‍പിക്കാന്‍ കഴിയില്ല എന്ന മുന്‍ധാരണയോടെയാണ് പാക് താരങ്ങള്‍ ബാറ്റിംഗും ബൌളിംഗും ചെയ്തത്. ഇത് ശരിക്കുമൊരു തോറ്റുകൊടുക്കല്‍ തന്നെയായിരുന്നുവെന്ന് അഫ്രീദി പറഞ്ഞു