ടെസ്റ്റ് ക്രിക്കറ്റിലെ തന്‍റെ കരിയര്‍ ഏകദേശം അവസാനിച്ചുവെന്ന് പാകിസ്ഥാന്‍ ഓള്‍ റൌണ്ടര്‍ ഷാഹിദ് അഫ്രീദി. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് അഫ്രീദി ഇക്കാര്യം വ്യക്തമാക്കിയത്. തന്‍റെ ആക്രമണോത്സുകത കൂടുതല്‍ ഇണങ്ങുക ഏകദിനത്തിനും ട്വന്‍റി-20 ക്രിക്കറ്റിനുമാണെന്നും ഈ ഫോര്‍മാറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.
2006 മുതല്‍ അഫ്രീദി ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. നിലവില്‍ പാകിസ്ഥാന്‍റെ ട്വന്‍റി-20 ക്യാപ്റ്റനാണ് അഫ്രീദി. അഫ്രീദിയും മറ്റൊരു ഓള്‍ റൌണ്ടറായ അബ്ദുള്‍ റസാഖും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്ന തരത്തിലാണ് അഫ്രീദിയുടെ പ്രതികരണവും പുറത്തുവന്നിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് താന്‍ ഉണ്ടാകില്ലെന്നും അഫ്രീദി പറഞ്ഞു. ശ്രീലങ്കയില്‍ നടക്കുന്ന ഏഷ്യാകപ്പും ഇംഗ്ലണ്ടില്‍ നടക്കുന്ന ട്വന്‍റി-20യും ഏകദിനവും 2011 ല്‍ നടക്കുന്ന ലോകകപ്പുമാണ് തന്‍റെ ലക്‍ഷ്യമെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റ് ക്രിക്കറ്റിന് അതിന്‍റേതായ രീതി ഉണ്ടെന്നും തന്‍റെ രീതിയുമായി ചേരുന്നതല്ല അതെന്നും അഫ്രീദി പറഞ്ഞു. ഏഷ്യാകപ്പ് വിജയിക്കണമെന്നത് തന്‍റെ സ്വപ്നമാണെന്നും അഫ്രീദി പറഞ്ഞു. ഇംഗ്ലണ്ടുമായി ആറ് ടെസ്റ്റുകള്‍ കൂടാതെ നാലു ട്വന്‍റി-20യും അഞ്ച് ഏകദിനവും പാകിസ്ഥാന്‍ കളിക്കുന്നുണ്ട്. മധ്യനിരയിലെ ഉറപ്പില്ലായ്മയാണ് പാക് ടീമിനെ ബാധിക്കുന്ന പ്രധാന പ്രശ്നമെന്നും അഫ്രീദി ചൂണ്ടിക്കാട്ടി.
26 ടെസ്റ്റുകളില്‍ നിന്നായി 1683 റണ്‍സ് നേടിയ താരമാണ് അഫ്രീദി. 47 വിക്കറ്റുകളും ഈ താരം സ്വന്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്ക് തന്നെ ആവശ്യമുണ്ടെന്ന് സെലക്ടര്‍മാര്‍ക്ക് തോന്നിയാല്‍ മാത്രം താന്‍ തീരുമാനം പുന:പ്പരിശോധിച്ചേക്കുമെന്നും അഫ്രീദി സൂചിപ്പിച്ചു