ട്വന്‍റി-20 ലോകകപ്പിലെ ദയനീയ പ്രകടനത്തെതുടര്‍ന്ന് വിവാദക്കുരുക്കിലായ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്ക് ടീം മാനേജറുടെ ക്ലീന്‍ ചിറ്റ്. കളിക്കാര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്ന റിപ്പോര്‍ട്ടാണ് ടീം മാനേജരായിരുന്ന രഞ്ജിത് ബിസ്വാള്‍ ബി സി സി ഐയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. വെസ്റ്റിന്‍ഡീസിലെ ബാറില്‍ കളിക്കാരും ആരാധകരും തമ്മില്‍ വാക്കേറ്റമുണ്ടായി എന്ന് ബിസ്വാള്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെയുള്ള സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുന്നു.
ആശിഷ് നെഹ്റയ്ക്കും സഹീര്‍ ഖാനും മര്‍ദ്ദനമേറ്റുവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ വെറും മാധ്യമസൃഷ്ടി മാത്രമാണ്. യുവരാജ്, റെയ്ന, നെഹ്‌റ,സഹീര്‍, ഹര്‍ഭജന്‍, രോഹിത് തുടങ്ങിയവര്‍ പാര്‍ട്ടിയ്ക്ക് പോയിട്ടില്ല. ഡിന്നറിനാണ് പോയത്. അവിടെവെച്ച് കളിക്കാരും ആരാധകരും തമ്മില്‍ ഒന്നും രണ്ടും പറഞ്ഞു എന്നത് ശരിയാണ്.
എന്നാല്‍ അതൊരു കൈയേറ്റമായിട്ടില്ല. മത്സരങ്ങള്‍ക്കിടയ്ക്ക് കളിക്കാര്‍ പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടില്ലെന്നും ബിസ്വാള്‍ പറഞ്ഞു. ബി സി സി ഐയും കളിക്കാരെ പിന്തുണയ്ക്കുന്ന നിലപാടാന് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ കളിക്കാരെ വില്ലന്‍മാരായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് പേര് വെളിപ്പെടുത്താന്‍ അഗ്രഹിക്കാത്ത ഒരു ഉയര്‍ന്ന ബി സി സി ഐ ഭാരവാഹി പറഞ്ഞു.
മികച്ച ടീമുകളോടാണ് നമ്മള്‍ തോറ്റത്. ടെസ്റ്റിലെയോ ഏകദിനത്തിലേയോ മികവ് ട്വന്‍റി-20യില്‍ നമുക്കില്ലെന്ന യാഥാര്‍ത്ഥ്യം നമ്മള്‍ അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി