വീട്ടമ്മയായ പര്വനെ മൊര്‍ത്തേസ ഫഗിരി ആദ്യമായി ഷാഹിദ് കപൂറിനെ കാണുന്നതു ടെലിവിഷനിലാണ്. ഇറാനിലെ തന്റെ വീട്ടിലിരുന്നു ഷാഹിദിനെ ആദ്യം കണ്ടമാത്രയില്‍ പര്വനെ ഉറപ്പിച്ചു. ഇതു തന്നെ തന്റെ സ്വപ്നത്തിലെ രാജകുമാരന്. പിന്നീട് അധികമൊന്നും ആലോചിക്കാന്‍ പര്വനെയ്ക്കു കഴിഞ്ഞില്ല. ഭര്‍ത്താവിനെയും പതിനഞ്ചു വയസുള്ള മകളെയും ഉപേക്ഷിച്ചു മുപ്പത്തൊന്‍പതുകാരി പര്വനെ ഇന്ത്യയിലെത്തി. ബോളിവുഡ് താരം ഷാഹിദ് കപൂറിനെ കാണാന്‍. തന്റെ പ്രണയം അറിയിച്ച് എത്രയും പെട്ടെന്നു വിവാഹിതരാവാന്‍. സിനിമാക്കഥകളെ വെല്ലുന്ന സംഭവത്തിന്റെ ക്ലൈമാക്സ് ഇതല്ല. തുടര്‍ച്ചയായി രണ്ടു തവണ ഇന്ത്യയിലെത്തിയ പര്വനെ ഇന്ന് ഒരു റെസ്ക്യൂ സെന്ററിലാണ്. എത്രയും പെട്ടെന്നു പര്വനെയെ ഇറാനിലെത്തിക്കാനുള്ള നീക്കങ്ങളിലാണ് അധികൃതര്‍.
ഭര്‍ത്താവ് തന്നെ സ്നേഹിക്കുന്നില്ലെന്നു തോന്നിയപ്പോഴാണു പര്വനെ ടെലിവിഷനിലെ സുന്ദരനെ പ്രണയിച്ചു തുടങ്ങിയത്. ആദ്യം ഇന്ത്യയിലെത്തിയപ്പോള്‍ ഷാഹിദിന്റെ അഡ്രസ് തേടി ഒരുപാട് അലഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ പര്വനെയുടെ മനസില്‍ എങ്ങനെയും ഷാഹിദിനെ വിവാഹം കഴിക്കണം എന്ന ലക്ഷ്യമായിരുന്നു. ഒരുപാടു പേരോടു ചോദിച്ചു നടന്ന ശേഷമാണ് എയര്‍പോര്‍ട്ടില്‍ വച്ച് ഷാഹിദിനെ നേരില്‍ക്കാണാന്‍ കഴിഞ്ഞത്. പുറത്തേക്കു പോവുകയായിരുന്ന ഷാഹിദിന്റെ പേര് പര്വനെ ഉറക്കെ വിളിച്ചു. ആരാധികയ്ക്ക് ചിരി സമ്മാനിച്ച ഷാഹിദ് വീണ്ടും വിളിച്ചപ്പോള്‍ ഒരു പുഞ്ചിരി കൂടി നല്കി പുറത്തേക്കു പോയി. എന്നാല്‍ പര്വനെയുടെ മനസില്‍ പ്രണയം ശക്തമാവുകയായിരുന്നു.
ഇക്കഴിഞ്ഞ ഏഴാം തീയതി ഇന്ത്യയിലേക്കു വീണ്ടുമെത്തിയ പര്വനെ ഒടുവില്‍ പൊലീസ് പിടിയിലായി. ഇന്ത്യയില്‍ നിന്നു മടക്കി അയക്കാതിരിക്കാന്‍ സ്വന്തം പാസ്പോര്‍ട്ട് പോലും പര്വനെ കീറിക്കളഞ്ഞു. കന്ഡിവ്ലിയിലെ റെസ്ക്യൂ ഹോമില്‍ കഴിയുന്ന പര്വനെ അവിടെയിരുന്നു പ്രണയകവിതകള്‍ എഴുതുകയാണ്. എന്തൊക്കെ സംഭവിച്ചാലും തിരിച്ചു പോകാന്‍ താന്‍ തയാറല്ലെന്നാണു പര്വനെ പറയുന്നത്. എന്നാല്‍ എത്രയും പെട്ടെന്നു പര്വനെയെ ഇറാനിലേക്കു മടക്കി അയക്കാന്‍ അധികൃതര്‍ പാടുപെടുകയാണ്. ഇതൊന്നുമറിയാതെ പാവം ഷാഹിദ് കപൂര്‍ ഷൂട്ടിങ് തിരക്കിലും. ഇനിയെങ്കിലും ആരാധികമാരെ ചിരിച്ചു കാണിക്കുമ്പോള്‍ ഒന്നു ശ്രദ്ധിക്കുന്നതു നന്നായിരിക്കും. അല്ലെങ്കില്‍ ഒരുപാടു പേരെ ഒന്നിച്ചു വിവാഹം കഴിക്കേണ്ട അവസ്ഥയുണ്ടാവും.