ലണ്ടന്‍: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായി ദക്ഷിണാഫ്രിക്കയില്‍ എത്തുന്ന ഇംഗ്ലണ്ട് ടീമിന് മത്സരങ്ങള്‍ക്ക് മുമ്പേ നേരിടാനുള്ളത് മറ്റൊരു അഗ്നിപരീക്ഷ. ടീമംഗങ്ങള്‍ക്ക് താമസിക്കാനായി തയ്യാറാക്കിയിട്ടുള്ള റസ്റ്റന്‍ബര്‍ഗ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് കാമ്പസിന് ചുറ്റുമുള്ള മേഖല ഉഗ്രവിഷമുള്ള പാമ്പുകളുള്ള സ്ഥലമാണ്. അതുകൊണ്ടുതന്നെ പരിശീലനവും താമസവും കഴിയുന്നതുവരേയ്ക്ക് പാമ്പിന്‍ കടിയേറ്റാല്‍ ചികിത്സിക്കാനുള്ള മരുന്നുകളുമായി ഒരു മെഡിക്കല്‍ സംഘം തന്നെ ടീമിനൊപ്പമുണ്ട്.
ആന്റിവെനം അടക്കമുള്ള വിഷമിറക്കാനുള്ള മരുന്നുകളുമായാണ് ടീം പരിശീലനം നടത്തുക. അണലിയും രാജവെമ്പാലയും അടക്കമുള്ള നിരവധി ഭീകരന്‍ പാമ്പുകളാണ് ഈ പ്രദേശത്തെ കുപ്രസിദ്ധമാക്കുന്നതെന്ന് ഡെയ്‌ലി മെയില്‍, സണ്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാമ്പുകളെ ചെറുക്കാനുള്ള മത്സരമാകും പരിശീലനത്തിനിടെ ഇവിടെ നടക്കുകയെന്നര്‍ത്ഥം. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തക്ക ശേഷിയുമായാണ് മെഡിക്കല്‍ സംഘത്തെ തയ്യാറാക്കിയിട്ടുള്ളതെന്ന് മെഡിക്കല്‍ സംഘത്തിന്റെ ചുമതലയുള്ള കേബ മോഗാത്തി പറഞ്ഞു.
സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് രാജകീയമായ സംവിധാനങ്ങളോടെയുള്ളതാണ്. എന്നാല്‍ ഇതിന് പുറത്തുള്ള മേഖലയാണ് ഉഗ്രവിഷമുള്ള പാമ്പുകളുടെ ആവാസകേന്ദ്രം. ഏതായാലും ഈ പാമ്പ് വാര്‍ത്ത കളിക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് കളിക്കാര്‍ക്ക് ഇരുട്ട് വീണാല്‍ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശവും ടീം മാനേജ്‌മെന്റ് നല്‍കിയിട്ടുണ്ടത്രെ. ജൂണ്‍ 3 നാണ് ടീം ദക്ഷിണാഫ്രിക്കയിലെത്തുന്നത്. എന്നാല്‍ ബ്രിട്ടണിലെ മാധ്യമങ്ങള്‍ ആഫ്രിക്കയെ മോശമാക്കി കാണിക്കാന്‍ നടത്തുന്ന കുപ്രചരണങ്ങളാണ് ഇതെന്നും വാര്‍ത്തയുണ്ട്.