ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ സ്പോര്‍ട്സ് ചാനലായ ഇഎസ്പിഎന്നും പ്രതീക്ഷയിലാണ്. ലോകകപ്പ് സംപ്രേഷണത്തിനിടയിലെ പരസ്യങ്ങളിലൂടെ മാത്രം 150 കോടി രൂപയാണ് ഇഎസ്‌പിഎന്‍ പ്രതീക്ഷിക്കുന്നത്. ലോകകപ്പിന്‍റെ ഔദ്യോഗിക സംപ്രേഷണാവകാശം ഇഎസ്‌പിഎന്നിനാണ്.
2006 ലോകകപ്പില്‍ നിന്ന് ലഭിച്ച പരസ്യവരുമാനത്തിന്‍റെ മൂന്നിരട്ടിയാണ് ഇഎസ്പിഎന്‍ ഇക്കുറി പ്രതീക്ഷിക്കുന്നത്. 55 കോടി രൂപയായിരുന്നു കഴിഞ്ഞ ലോകകപ്പ് സംപ്രേഷണത്തില്‍ ചാനലിന് ലഭിച്ച പരസ്യ വരുമാനം.
പരസ്യമിനുട്ടുകളില്‍ ഏതാണ്ട് 95 ശതമാനവും ഇഎസ്പിഎന്‍ വിറ്റഴിച്ചതായാണ് വിവരം. വൊഡാഫോണ്‍, എയര്‍ടെല്‍ ഡിറ്റിഎച്ച്, നോക്കിയ, സാംസംഗ്, ഹീറോ ഹോണ്ട തുടങ്ങിയ മുന്‍നിര കമ്പനികള്‍ സംപ്രേഷണ സ്പോണ്‍സര്‍മാരായി ഇഎസ്‌പിഎന്നുമായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. ഇതോടൊപ്പം മൈക്രോമാക്സ്, ബിപിസിഎല്‍, കൊക്കൊകോള തുടങ്ങിയ കമ്പനികളും ചാനലുമായി കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.
ജൂണ്‍ പതിനൊന്നിനാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന ലോകകപ്പ് ടൂര്‍ണ്ണമെന്‍റ് ആരംഭിക്കുന്നത്. 2006 ല്‍ നടന്ന ലോകകപ്പ് ഏതാണ്ട് 26.29 ബില്യന്‍ ജനങ്ങള്‍ ടെലിവിഷനിലൂടെ വീക്ഷിച്ചിരുന്നു എന്നാണ് ഫിഫയുടെ കണക്കില്‍ വ്യക്തമാക്കുന്നത്. ഇക്കുറി ഇതിന്‍റെ ഇരട്ടി കാണികള്‍ മത്സരങ്ങള്‍ കാണാന്‍ ടെലിവിഷന് മുന്നില്‍ സ്ഥാനം പിടിക്കുമെന്നാണ് ഫിഫ സൂചിപ്പിക്കുന്നത്