പണത്തിലല്ല റണ്‍സുകളിലാണ് തന്‍റെ മൂല്യമെന്ന് സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഒരു പ്രമുഖ ബിസിനസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബ്രാന്‍ഡ് സച്ചിന്‍റെ മൂല്യമെത്രയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു സച്ചിന്‍.
പല പ്രമുഖ ബ്രാന്‍ഡുകളുടെയും അംബാസഡറാവാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും സച്ചിന്‍ പറഞ്ഞു. ‘പരസ്യങ്ങളില്‍ ഭാഗമായതോടെ ഞാന്‍ ക്രിക്കറ്റിനു പുറമെ പല പുതിയകാര്യങ്ങളും പഠിച്ചു. ഞാന്‍ അഭിനയിക്കുന്ന പരസ്യങ്ങള്‍കൊണ്ട് ആ ബ്രാന്‍ഡിന് നേട്ടമുണ്ടാകുന്നുണ്ടോ എന്നുള്ള കാര്യത്തെക്കുറിച്ചൊന്നും ഞാനല്ല അഭിപ്രായം പറയേണ്ടത്. എങ്കിലും അക്കാര്യത്തെക്കുറിച്ച് ഞാന്‍ ശ്രദ്ധിക്കാറുണ്ട്.
ചില ഉല്‍പ്പന്നങ്ങളുടെ അംബാസഡറയതിനു ശേഷം പിന്നീട് അത് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. വേറെ ചില ബ്രാന്‍ഡുകളുടെ അംബാസഡാറായാല്‍ കൊള്ളാമെന്നും തോന്നിയിട്ടുണ്ട്. എങ്കിലും പരസ്യങ്ങളിലൂടെയല്ല ക്രിക്കറ്റിലൂടെയാണ് ആരാധകര്‍ എന്നെ അപ്പോഴും ഓര്‍ക്കുന്നത്. അത് ഒരിക്കലും മാറില്ല.
മറ്റ് താരങ്ങള്‍ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് കൊണ്ട് എന്‍റെ മൂല്യം ഇടിയുമെനൊന്നും ഓര്‍ത്ത് ഞാന്‍ ആശങ്കപ്പെടാറില്ല. കാരണം എങ്ങനെ കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യാം എന്ന് മാത്രമേ ഞാന്‍ ചിന്തിക്കുന്നുള്ളു. ബാക്കിയെല്ലാം പുറകെ വരുമെന്ന് എനിക്കറിയാം.
ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കുന്നതില്‍ എനിക്ക് ചില മാനദണ്ഡങ്ങള്‍ ഉണ്ട്. പണം നോക്കിയല്ല പരസ്യം തെരഞ്ഞെടുക്കുന്നത്. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിനല്ല രാജ്യത്തിനു വേണ്ടി കളിക്കുന്നതിനാണ് കുടുതല്‍ പ്രാധാന്യം നല്‍കുന്നത്. കാരണം ഒരു രാജ്യം മുഴുവന്‍ കളിക്കാരെ ഉറ്റുനോക്കുന്നു’. ഇന്ന് തനിക്കുണ്ടായ എല്ലാ സൌഭാഗ്യങ്ങള്‍ക്കും കാരണം ക്രിക്കറ്റാണെന്നും സച്ചിന്‍ പറഞ്ഞു