ട്വന്‍റി-20 ലോകകപ്പിനിടെ വെസ്റ്റിന്‍ഡീസിലെ പബ്ബില്‍ വെച്ച് ആരാധകരുമായി ഉടക്കുണ്ടാക്കിയതിന് ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജയും രോഹിത് ശര്‍മയും ബി സി സി ഐയോട് നിരുപാധികം മാപ്പ് പറഞ്ഞു. ബി സി സി ഐ സെക്രട്ടറി എന്‍ ശ്രീനിവാസന് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ജഡേജ സംഭവത്തിലുള്ള ഖേദം പ്രകടിപ്പിച്ചത്. താനോ ടീം അംഗങ്ങളോ ആരാധകരുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും ജഡേജ ഇ മെയിലില്‍ വ്യക്തമാക്കി.
‘ഞാനും ഇന്ത്യന്‍ ടീമിലെ ചില താരങ്ങളും ചേര്‍ന്ന് ഭക്ഷണം കഴിക്കാനായാണ് റെസ്റ്റോറന്‍റില്‍ പോയത്. ആ സമയം ഇന്ത്യന്‍ വംശജരായ ഏതാനും അമേരിക്കന്‍ പൌരന്‍മാരും അവിടെ ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടതും അവര്‍ അസഭ്യം പറയാന്‍ തുടങ്ങി. ഞങ്ങളുടെ മോശം പ്രകടനത്തിന്‍റെ പേരിലായിരുന്നു ഇത്.
അസഭ്യം പറയരുതെന്ന് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും അവര്‍ അത് തുടര്‍ന്നു. ഇതാണ് സംഭവിച്ചത്. അല്ലാതെ ആരാധകരുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. ഞാന്‍ ബോര്‍ഡിനോ, ക്രിക്കറ്റിനോ, രാജ്യത്തിനോ നാണക്കേട് ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പു തരണമെന്നും അപേക്ഷിക്കുന്നു. ഭാവിയില്‍ എന്‍റെ ഭാഗത്തു നിന്ന് കൂടുതല്‍ ശ്രദ്ധ ഉണ്ടാവുമെന്നും ഉറപ്പ് തരുന്നു. ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ് റെസ്റ്റോറന്‍റില്‍ പോയതെന്നും ജഡേജ ഇ മെയില്‍ വ്യക്തമാക്കി.
സമാനമായ ഒരു ഇ മെയിലില്‍ രോഹിത് ശര്‍മയും ബോര്‍ഡിനോട് മാപ്പപേക്ഷിച്ചു. ബി സി സി ഐ കാരണം കാണിക്കല്‍ നോട്ടീസ് അയച്ച ടീമിലെ മറ്റ് നാലു താരങ്ങള്‍ ഫോണിലൂടെ കാര്യങ്ങള്‍ വിശദീകരിച്ചു. ഇനി ഇക്കാര്യത്തില്‍ ബി സി സി ഐ തലവന്‍ ശശാങ്ക് മനോഹറാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.