ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ കളിക്കുക എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോള ‘എത്രമനോഹരമായ നടക്കാത്ത സ്വപ്ന’മാണെങ്കിലും ആഫ്രിക്കയില്‍ ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പില്‍ ഇന്ത്യന്‍ താളം മുഴങ്ങുമെന്ന് ഉറപ്പായി. ഇന്ത്യന്‍ സംഗീത സഹോദരരായ സലീം-സുലൈമാന്‍ ജോഡി ചിട്ടപ്പെടുത്തുന്ന ഗാനമാണ് ലോകകപ്പിന്‍റെ ഉദ്ഘാടന സമാപന ചടങ്ങുകള്‍ക്കായി ഉപയോഗിക്കുന്നത്.
ആഫ്രിക്കയിലെ ഒരു സുഹൃത്തിന് വേണ്ടി ചിട്ടപ്പെടുത്തിയ ഒരുഗാനം അപ്രതീക്ഷിതമായി ലോകകപ്പ് സംഘാടക സമിതിയുടെ കൈവശമെത്തുകയായിരുന്നുവെന്നും ഇതിനെ തുടര്‍ന്നാള്‍ സംഘാടക സമിതി ഗാനമൊരുക്കാനായി ബന്ധപ്പെട്ടതെന്നും സലിം പറഞ്ഞു. ആഫ്രിക്കയിലെ പ്രമുഖ ഗായകരായ വിന്‍സന്‍റ് ബാല, എറിക് വാനിനാനര്‍ എന്നിവരായിരിക്കും സലിം-സുലൈമാന്‍ ജോഡിയോടൊപ്പം ലോകകപ്പ് വേദിയില്‍ ഗാനമാലപിക്കുക.
കഴിഞ്ഞ വര്‍ഷം യു എസ് അനിമേഷന്‍ പരമ്പരയായ വണ്ടര്‍ പെറ്റ്സിന് സലീം-സുലൈമാന്‍ ഒരുക്കിയ സംഗീതം എമ്മി അവാര്‍ഡിന് പരിഗണിക്കപ്പെട്ടിരുന്നു. നീല്‍ ആന്‍ഡ് നിക്കി, ചക് ദെ ഇന്ത്യ, രബ് നെ ബനാ ദി ജോഡി, ഫാഷന്‍ എന്നിവയ്ക്ക് സലീം-സുലൈമാന്‍ ജോഡി ഒരുക്കിയ സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.