കേരള രഞ്ജി ടീമിന്‍റെ നായകസ്ഥാനത്ത് നിന്ന് എസ് ശ്രീശാന്തിനെ നീക്കി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ യോഗത്തിലാണ് തീരുമാനം. എന്നാല്‍ രഞ്ജി ട്രോഫി സാധ്യതാപട്ടികയില്‍ ശ്രീയുടെ പേര് നിലനിര്‍ത്തിയിട്ടുണ്ട്. റൈഫി വിന്‍സെന്‍റ് ഗോമസാണ് പുതിയ ക്യാപ്റ്റന്‍.
ക്യാപ്റ്റനെന്ന നിലയില്‍ ശ്രീശാന്തിന് കാര്യമായിട്ടൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലാണ് നടപടിക്ക് പിന്നില്‍. നേരത്തെ അച്ചടക്ക ലംഘനത്തിന്‍റെ പേരില്‍ അസോസിയേഷന്‍റെ അപ്രീതിക്ക് പാത്രമായതും ശ്രീശാന്തിന് വിനയായി. കേരള ടീമിന് ഒരു സ്ഥിരം ക്യാപ്റ്റനെന്ന ആശയവും ശ്രീയുടെ തൊപ്പി തെറിക്കുന്നതിന് കാരണമായി.
കഴിഞ്ഞ സീസണിലാണ് ശ്രീശാന്തിനെ കേരള ടീമിന്‍റെ ക്യാപ്റ്റനായി നിയമിച്ചത്. ഇന്ത്യന്‍ ടീമിലെ അനുഭവസമ്പത്തുമായി എത്തുന്ന ശ്രീശാന്ത് കേരള ടീമംഗങ്ങള്‍ക്ക് പ്രചോദനമാകുമെന്നുള്ള വിലയിരുത്തലിലായിരുന്നു കെസിഎയുടെ തീരുമാനം. എന്നാല്‍ ടീമിന്‍റെ ക്യാമ്പുകളില്‍ കൃത്യമായി പങ്കെടുക്കാതെയും മറ്റും ശ്രീശാന്ത് പിന്നീട് കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുകയായിരുന്നു. ഒരിക്കല്‍ പുറത്താകലിന്‍റെ വക്കുവരെയെത്തിയെങ്കിലും ശ്രീശാന്തിന് ഒരു അവസരം കൂടി നല്‍കി കെസിഎ നിലനിര്‍ത്തുകയായിരുന്നു.
നായകസ്ഥാനം ശ്രീക്ക് നിലനിര്‍ത്താനാകുമോ എന്ന കാര്യത്തില്‍ നേരത്തെ തന്നെ സംശയമുയര്‍ന്നിരുന്നു. റോബര്‍ട്ട് ഫെര്‍ണാണ്ടസാണ് വൈസ് ക്യാപ്റ്റന്‍. രോഹന്‍ പ്രേം, ജഗദീഷ്, സച്ചിന്‍ ബേബി, സോണി ചെറുവത്തൂര്‍, ശ്രീകുമാരന്‍ നായര്‍, പ്രശാന്ത്, പരമേശ്വരന്‍, അഭിഷേക് ഹെഗഡെ എന്നിവര്‍ സാധ്യതാപട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്